വയനാടിന് കൈത്താങ്ങ് നൽകാൻ നാഷനൽ സർവീസ് സ്കീം;150 വീടുകൾ പണിതുനൽകും
സ്വന്തമായി വീടില്ലാത്ത നിർധനസഹപാഠികൾക്ക് 'സ്നേഹവീടുകൾ' ഒരുക്കി സേവനമേഖലയിൽ പുതുമാതൃക സൃഷ്ടിച്ചുപോരുന്ന നാഷനൽ സർവീസ് സ്കീം ഏറ്റെടുക്കുന്ന ഏറ്റവും ബൃഹത്തായ സന്നദ്ധ പ്രവർത്തനങ്ങളിൽ ഒന്നാകും ഇത്.
തിരുവനന്തപുരം: വയനാടിന് കൈത്താങ്ങ് നൽകാൻ നാഷനൽ സർവീസ് സ്കീം അംഗങ്ങളും. പ്രകൃതിക്ഷോഭം പാർപ്പിടം നഷ്ടപ്പെടുത്തിയ 150 കുടുംബങ്ങൾക്ക് നാഷനൽ സർവീസ് സ്കീം നേതൃത്വത്തിൽ സർക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേർന്ന് വീടുകൾ പണിതു നൽകും.സ്വന്തമായി വീടില്ലാത്ത നിർധനസഹപാഠികൾക്ക് 'സ്നേഹവീടുകൾ' ഒരുക്കി സേവനമേഖലയിൽ പുതുമാതൃക സൃഷ്ടിച്ചുപോരുന്ന നാഷനൽ സർവീസ് സ്കീം ഏറ്റെടുക്കുന്ന ഏറ്റവും ബൃഹത്തായ സന്നദ്ധ പ്രവർത്തനങ്ങളിൽ ഒന്നാകും ഇത്.
ഇപ്പോൾ എൻ.എസ്.എസ് പങ്കാളിത്തം വഹിച്ചുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തുടർച്ചയായി ദുരിത മേഖലയിൽ ഏറ്റെടുക്കുന്ന ശുചീകരണ ഡ്രൈവിൽ എൻ.എസ്.എസ് വോളന്റിയർമാരും ഓഫിസർമാരും യൂനിറ്റുകളും പങ്കെടുക്കും.ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സാങ്കേതിക കലാലയങ്ങളിലെ വിദ്യാർഥികളുടെ സാങ്കേതിക പരിജ്ഞാനംകൂടി പുനരധിവാസ പ്രവർത്തങ്ങളിൽ ഉപയോഗപ്പെടുത്തും. പോളി ടെക്നിക്ക് കോളജുകൾ, എൻജിനീയറിങ് കോളജുകൾ, ഐ.ടി.ഐകൾ എന്നിവയിലെ എൻ.എസ്.എസ് ടീമുകളുടെ നേതൃത്വത്തിൽ ഗൃഹോപകരണങ്ങൾ, ഫർണിച്ചർ, ഇലക്ട്രിക്കൽ-പ്ലംബിങ് പ്രവൃത്തികൾ തുടങ്ങിയ സാങ്കേതികസേവനം ഒരുക്കും.വയനാട് ചൂരമലയിലും മുണ്ടക്കൈയിലും പ്രകൃതി ദുരന്തത്തിൽ ഇരകളായവർക്ക് സഹായഹസ്തം എത്തിയ്ക്കാൻ ജില്ലാഭരണകൂടത്തിനോടൊപ്പം അഞ്ച് കേരള ബറ്റാലിയൻ എൻ.സി.സി. വയനാടിന്റെ കേഡറ്റുകളും എൻ.സി.സിയിലെ മിലിറ്ററി ഓഫിസർമാരും കർമനിരതരായി രംഗത്തുണ്ട്. ആശുപത്രികളിലും റിലീഫ് ക്യാമ്പുകളിലും ഫുഡ് പാക്കിംഗ് കേന്ദ്രങ്ങളിലും എല്ലാമായി ഇവരെ വിഭജിച്ച് ചുമതലയേൽപ്പിച്ചിട്ടുണ്ട്.