വയോസേവന പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശം ക്ഷണിച്ചു
ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ്, മെമെന്റോ എന്നിവ ഉൾപ്പെടുന്നതാണ് പുരസ്‌കാരങ്ങൾ
തിരുവനന്തപുരം : ഈ വർഷത്തെ സംസ്ഥാന വയോസേവന പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. വയോജന മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്കും മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഉള്ള പുരസ്‌കാരങ്ങൾക്കാണ് നാമനിർദ്ദേശം ക്ഷണിച്ചത്. ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ്, മെമെന്റോ എന്നിവ ഉൾപ്പെടുന്നതാണ് പുരസ്‌കാരങ്ങൾ.
അഞ്ചു വിഭാഗങ്ങളിലായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പുരസ്‌കാരങ്ങൾ നൽകുക. വയോജനമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയ്ക്കാണ് പുരസ്‌കാരങ്ങൾ.
വയോജനമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ. മികച്ച പ്രകടനം കാഴ്ചവെച്ച എൻജിഒ, മികച്ച മെയിന്റനൻസ് ട്രൈബ്യൂണൽ, മികച്ച സർക്കാർ വൃദ്ധസദനം/സായംപ്രഭാ ഹോം എന്നിവയ്ക്കും, ഒരു മികച്ച കായികതാരത്തിനും, കല-സാഹിത്യ-സാംസ്‌കാരിക മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ ഒരാൾക്കും, വയോജനമേഖലയിലെ ആജീവനാന്ത ബഹുമതിയായി ഒരാൾക്കുമാണ് പുരസ്‌കാരങ്ങൾ നൽകുക.
ആഗസ്റ്റ് 12 ആണ് നാമനിർദ്ദേശങ്ങൾ ലഭിക്കേണ്ട അവസാന തീയതി. പുരസ്‌കാരത്തിന് പരിഗണിക്കുന്ന ഓരോ വിഭാഗത്തിനും പ്രത്യേകം മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ www.swdkerala.gov.in എന്ന സാമൂഹ്യനീതിവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലോ സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ബന്ധപ്പെടാം.