നീറ്റില്‍ പിഴവുകള്‍ ആവര്‍ത്തിക്കരുത്; കേന്ദ്രത്തിന് മുന്നറിയിപ്പുമായി സുപ്രീംകോടതി
നീറ്റ് അടക്കമുള്ള കേന്ദ്രീകൃത ദേശീയ പരീക്ഷകൾ സംബന്ധിച്ച് ഉയരുന്ന പരാതികൾ പരിഹരിക്കാന്‍ ഈ വർഷം തന്നെ തിരുത്തല്‍ നടപടിയുണ്ടാകണമെന്നും കോടതി നിർദേശിച്ചു.
ന്യൂഡൽഹി: നീറ്റ് പരീക്ഷ നടത്തിപ്പില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് കേന്ദ്ര സർക്കാരിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. നീറ്റ് അടക്കമുള്ള കേന്ദ്രീകൃത ദേശീയ പരീക്ഷകൾ സംബന്ധിച്ച് ഉയരുന്ന പരാതികൾ പരിഹരിക്കാന്‍ ഈ വർഷം തന്നെ തിരുത്തല്‍ നടപടിയുണ്ടാകണമെന്നും കോടതി നിർദേശിച്ചു.ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ചോദ്യപേപ്പര്‍ സൂക്ഷിച്ച സ്ട്രോംഗ് റൂമിന് പിന്നിലെ വാതില്‍ തുറന്നുവച്ചതും, ഗ്രേസ് മാര്‍ക്ക് അനുവദിച്ചതും അടക്കം ഇത്തവണയുണ്ടായ വീഴ്ചകൾ ആവർത്തിക്കരുത്.സൈബർ സുരക്ഷയിലെ പോരായ്മകള്‍ തിരിച്ചറിയണം, പരീക്ഷാ കേന്ദ്രങ്ങളിലെ തിരിച്ചറിയല്‍ പരിശോധന, സിസിടിവി നിരീക്ഷണം എന്നിവ മെച്ചപ്പെടുത്തണം. കേന്ദ്രം രൂപീകരിച്ച കെ.രാധാകൃഷ്ണൻ അധ്യക്ഷനായ സമിതി ഇതിനായി മാര്‍ഗരേഖയുണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടും വ്യാപകമല്ലാത്തതിനാലാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കാതിരുന്നതെന്നും കോടതി വ്യക്തമാക്കി