കെ.സി. വേണുഗോപാലിനെ പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചു
ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാലിനെ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പിഎസി) അധ്യക്ഷനായി നിയമിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് ഇക്കാര്യം അറിയിച്ചത്. 2026 - 27 വർഷത്തേക്കാണ് നിയമനം.
15 ലോക്സഭാ എംപിമാരും ഏഴ് രാജ്യസഭാ എംപിമാരും അടക്കം 22 അംഗങ്ങളാണ് കമ്മിറ്റിയിലുണ്ടാകുക. നേരത്തെയും കെ.സി. വേണുഗോപാൽ ഈ ചുമതല വഹിച്ചിരുന്നു. പിഎസി ചെയർമാൻ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയായിരുന്നു കെ.സി. വേണുഗോപാൽ. കേരളത്തിൽനിന്ന് കെ.സിക്ക് മുന്പേ ജോൺ മത്തായി (1948 - 49), സി.എം. സ്റ്റീഫൻ (1977 - 78), കെ.വി. തോമസ് (2014 - 16) എന്നിവരും പിഎസി അധ്യക്ഷരായിട്ടുണ്ട്.
1967 മുതൽ പ്രതിപക്ഷത്തിനാണ് പിഎസി അധ്യക്ഷസ്ഥാനം നൽകുന്നത്. കേരളത്തിൽ യുഡിഎഫ് വീണ്ടും അധികാരത്തിലേറിയാൽ മുഖ്യമന്ത്രി കസേരയിലേക്ക് കെ.സി. വേണുഗോപാൽ വരണമെന്ന് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ആവശ്യം ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് പിഎസി ചെയർമാൻ പദവി വീണ്ടും അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.


