ഉപതെരഞ്ഞെടുപ്പുകളിൽ ECINET പ്രവർത്തനം ആരംഭിച്ചു ഉപതെരഞ്ഞെടുപ്പുകളിലെ ഇൻഡെക്സ് കാർഡുകൾ 72 മണിക്കൂറിനുള്ളിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തിറക്കി

Jun 25, 2025
ഉപതെരഞ്ഞെടുപ്പുകളിൽ ECINET പ്രവർത്തനം ആരംഭിച്ചു ഉപതെരഞ്ഞെടുപ്പുകളിലെ ഇൻഡെക്സ് കാർഡുകൾ 72 മണിക്കൂറിനുള്ളിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തിറക്കി
election commission
ന്യൂഡൽഹി : 2025 ജൂൺ 25

കേരളം, ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മീഷൻ (ECI) പുതിയ ഡിജിറ്റൽ സംവിധാനമായ ECINET പ്രവർത്തനക്ഷമമാക്കി. ഈ വർഷം മെയ് 4നു പുതിയ വൺ-സ്റ്റോപ്പ് പ്ലാറ്റ്‌ഫോമായ ECINET വികസിപ്പിക്കുന്നതായി  ECI പ്രഖ്യാപിച്ചിരുന്നു. ഇത് ECI-യുടെ നിലവിലുള്ള 40-ലധികം മൊബൈൽ ഫോൺ-വെബ് ആപ്ലിക്കേഷനുകളെ സംയോജിപ്പിക്കുന്നതാണ്. ECINET ന്റെ ചില മൊഡ്യൂളുകൾ വിജയകരമായി നടപ്പാക്കുന്നതിന് ഉപതെരഞ്ഞെടുപ്പുകൾ സാക്ഷ്യംവഹിച്ചു. വരും ആഴ്ചകളിൽ അവ പൂർണമായും പ്രവർത്തനക്ഷമമാകും.

വോട്ടർമാർക്കും ബന്ധപ്പെട്ട മറ്റുള്ളവർക്കും ഏറ്റവും പുതിയ തെരഞ്ഞെടുപ്പു വിവരങ്ങൾ സമയബന്ധിതമായി നൽകുന്നതിനാണ് ഈ സംവിധാനം ആവിഷ്കരിച്ചത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പു കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിങ് സന്ധു, ഡോ.​​വിവേക്​​ജോഷി എന്നിവരുടെ നേതൃത്വത്തിൽ കമ്മീഷൻ സ്വീകരിച്ച വിവിധ സംരംഭങ്ങളിൽ ഒന്നാണ് ECINET.

ഉപതെരഞ്ഞെടുപ്പുകളിലെ പ്രധാന നേട്ടം, പ്രിസൈഡിങ് ഓഫീസർമാർ (PRO) നേരിട്ട് ECINET-ൽ VTR പ്രവണതകൾ അപ്‌ലോഡ് ചെയ്‌തു എന്നതാണ്. ഇതു വിവരങ്ങൾ വേഗത്തിൽ പങ്കിടുന്നതിനും, സുതാര്യത വർധിപ്പിക്കുന്നതിനും, VTR പ്രവണതകൾ പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഗണ്യമായി കുറയ്ക്കുന്നതിനും സഹായിച്ചു. ECINET വഴി, PRO-കൾ അവരുടെ പോളിങ് സ്റ്റേഷനുകൾ വിടുന്നതിനുമുമ്പ് അന്തിമ VTR കണക്കുകൾ അപ്‌ലോഡ് ചെയ്തെന്നുറപ്പാക്കി. ഇതു പൊതുജനങ്ങൾക്ക് ECINET-ൽ VTR പ്രവണതകൾ വളരെ വേഗത്തിൽ ലഭ്യമാക്കുന്നതിനു സഹായിച്ചു. ഉപതെരഞ്ഞെടുപ്പുകളിലെ ഏകദേശ വോട്ടർ പോളിങ് ശതമാന കണക്കുകളെക്കുറിച്ചുള്ള സമയബന്ധിതമായ വിവരങ്ങൾ നൽകാൻ കാര്യക്ഷമവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സംവിധാനത്തിനു കഴിഞ്ഞു.

ECINET അവതരിപ്പിച്ചതിന്റെ മറ്റൊരു പ്രധാന ഫലം, വോട്ടെടുപ്പു ഫലം പ്രഖ്യാപിച്ച് 72 മണിക്കൂറിനുള്ളിൽ ലഭ്യമാക്കിയ ഇൻഡെക്സ് കാർഡുകളുടെ അതിവേഗ പ്രസിദ്ധീകരണമാണ്. ഇൻഡെക്സ് കാർഡ് സൃഷ്ടിക്കുന്ന പ്രക്രിയ ഡിജിറ്റൈസ് ചെയ്യാനും വേഗത്തിലാക്കാനുമുള്ള തീരുമാനം പ്രഖ്യാപിച്ചത് ഈ മാസം ആദ്യം ജൂൺ അഞ്ചിനാണ്. പുതിയ സംവിധാനത്തിനു കീഴിൽ, ഇൻഡെക്സ് കാർഡിലെ മിക്ക ഡേറ്റ ഫീൽഡുകളും ECINET വിവരങ്ങൾ ഉപയോഗിച്ചു സ്വമേധയാ പൂരിപ്പിക്കുന്നു. ECINET അവതരിപ്പിക്കുന്നതിനു മുമ്പ്, ഇൻഡെക്സ് കാർഡുകളുടെ പ്രസിദ്ധീകരണത്തിന്, ഉദ്യോഗസ്ഥർ നേരിട്ടു ഡേറ്റ പൂരിപ്പിച്ചു പരിശോധിച്ചുറപ്പിക്കാൻ നിരവധി ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ എടുക്കുമായിരുന്നു.


ഗവേഷകർ, വിദ്യാഭ്യാസവിദഗ്ധർ, നയരൂപീകരണ വിദഗ്ധർ, മാധ്യമപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും മണ്ഡലതലത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡേറ്റയുടെ ലഭ്യത പ്രോത്സാഹിപ്പിക്കുന്നതിനായി കമ്മീഷൻ സ്വമേധയാ ആരംഭിച്ച, നിബന്ധനകളില്ലാത്ത, തെരഞ്ഞെടുപ്പിനുശേഷമുള്ള സ്ഥിതിവിവരക്കണക്കു രേഖപ്പെടുത്തൽ ഘടനയാണ് ഇൻഡെക്സ് കാർഡ്. സ്ഥാനാർഥികൾ, ഇലക്ടർമാർ, പോൾ ചെയ്ത വോട്ടുകൾ, എണ്ണിയ വോട്ടുകൾ, പാർട്ടി തിരിച്ചുള്ളതും സ്ഥാനാർഥി തിരിച്ചുള്ളതുമായ വോട്ടുവിഹിതം, ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള വോട്ടിങ് രീതി, പ്രാദേശിക വ്യതിയാനങ്ങൾ, രാഷ്ട്രീയ കക്ഷികളുടെ പ്രകടനം എന്നിങ്ങനെ വിവിധ മാനങ്ങളിലുള്ള വിവരങ്ങൾ ഈ റിപ്പോർട്ടുകളിൽ അടങ്ങിയിരിക്കുന്നു. https://www.eci.gov.in/statistical-reports ലെ ഉപതെരഞ്ഞെടുപ്പു ടാബിൽ റിപ്പോർട്ടുകൾ പ്രാപ്യമാക്കാൻ കഴിയും.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.