വയനാട് ടൗൺഷിപ്പ്: ഭൂമിയേറ്റെടുക്കൽ തടയണമെന്ന എൽസ്റ്റണിന്റെ ഹരജി തള്ളി സുപ്രീംകോടതി
പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ന്യൂഡൽഹി : വയനാട് ടൗൺഷിപ്പിനായി ഭൂമിയേറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് എൽസ്റ്റൺ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈകോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ പ്രശ്നം ഉന്നയിക്കാൻ ഹരജിക്കാരോട് സുപ്രീംകോടതി നിർദേശിച്ചു.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം നഷ്ടപരിഹാരം മുഴുവന്‍ നല്‍കുന്നത് വരെ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് തടയണം എന്നാണ് ഹരജിയിലെ ആവശ്യം.അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതെയുള്ള നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കലാണ് സർക്കാരിന്റേതെന്ന് ഉൾപ്പെടെ വാദമാണ് എൽസ്റ്റൺ ഉടമകൾ കോടതിയിൽ ഉന്നയിച്ചത്. ഇത് സംബന്ധിച്ച വിവിധ വിഷയങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണെന്നതും കോടതി പരിഗണിച്ചു.
കൽപറ്റ നഗരത്തോട് ചേർന്ന് ബൈപാസിലെ എൽസ്റ്റൺ എസ്റ്റേറ്റിന്റെ 64.47 ഹെക്ടറിലാണ് ടൗൺഷിപ് നിർമിക്കാനുള്ള തീരുമാനം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കല്‍ നടപടി തുടങ്ങിയത്. എന്നാല്‍ ഏറ്റെടുക്കുന്ന എസ്റ്റേറ്റ് ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില വളരെ കുറവാണെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകളുടെ വാദം.
ഏറ്റെടുക്കുന്ന എസ്റ്റേറ്റ് ഭൂമിയിലെ കെട്ടിടങ്ങള്‍, മരങ്ങള്‍, തേയില ചെടികള്‍, മറ്റ് കാര്‍ഷിക വിളകള്‍ എല്ലാം കൂടി ചേര്‍ത്ത് 26.56 കോടി രൂപ നല്‍കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനം.
എന്നാല്‍, 2013 ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 26-ാം വകുപ്പ് പ്രകാരം നഷ്ടപരിഹാര തുക കണക്കാക്കിയാല്‍ ഇത് വളരെ കുറവ് ആയിരിക്കുമെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകളുടെ വാദം. ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വിലയിലും കുറവാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.