എറണാകുളം പറ്റ്ന സർവീസ് വെള്ളിയാഴ്ച മുതൽ, 55 സ്റ്റോപ്പുകൾ
എറണാകുളം ജങ്ഷനിൽ നിന്ന് പറ്റ്നയിലേക്കും തിരിച്ചും ആറുവീതം സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്.കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ

കൊച്ചി: വേനലവധി തിരക്ക് കണക്കിലെടുത്ത് എറണാകുളത്ത് നിന്ന് പറ്റ്നയിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേണൺ റെയിൽവേ. എറണാകുളം ജങ്ഷനിൽ നിന്ന് പറ്റ്നയിലേക്കും തിരിച്ചും ആറുവീതം സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്. ആദ്യ സർവീസ് ഈ വെള്ളിയാഴ്ചയാണ് പുറപ്പെടുക. ആകെ 55 സ്റ്റോപ്പുകളുള്ള ട്രെയിനിന് കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
എറണാകുളത്ത് നിന്ന് പറ്റ്നയിലേക്ക് സ്ലീപ്പർ ക്ലാസിന് 1095 രൂപയാണ് ടിക്കറ്റ് നിരക്ക്, എസി ത്രീ ടയർ കോച്ചിന് 2765 രൂപയും എസി ടു ടയർ കോച്ചിന് 3940 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ട്രെയിനിൻ്റെ ടിക്കറ്റുകൾ അതിവേഗമാണ് ബുക്കിങ്ങാകുന്നത്. ഏപ്രിൽ 25ൻ്റെ സർവീസിൽ നിലവിൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് മാത്രമാണ് ബാക്കിയുള്ളത്.
06085 എറണാകുളം ജങ്ഷൻ - പറ്റ്ന സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 25, മെയ് 02, 09, 16, 23, 30 തീയതികളിൽ (വെള്ളിയാഴ്ചകളിൽ) രാത്രി 11:00 മണിയ്ക്കാണ് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടുക. തുടർന്ന് നാലാംദിനം പുലർച്ചെ 03:30ന് പറ്റ്നയിൽ എത്തിച്ചേരും. രാത്രി 11:23 ആലുവ, 12:22 തൃശൂർ, 02:00 പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ മൂന്ന് സ്റ്റോപ്പുകളിൽ ട്രെയിൻ എത്തുന്ന സമയം. തുടർന്ന് കോയമ്പത്തൂർ - സേലം -പേരമ്പൂർ - നെല്ലൂർ - വിജയവാഡ - കട്ടക് - ബാലസോർ - ദുർഗാപുർ തുടങ്ങിയ സ്റ്റേഷനുകൾ പിന്നിട്ട് പറ്റ്നയിൽ എത്തും.മടക്കയാത്ര ട്രയെിൻ നമ്പർ 06086 പറ്റ്ന - എറണാകുളം ജങ്ഷൻ സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 28, മെയ് 05, 12, 19, 26, ജൂൺ 02 തീയതികളിൽ (തിങ്കളാഴ്ചകളിൽ) രാത്രി 11:45ന് പറ്റ്നയിൽ നിന്ന് പുറപ്പെട്ട് നാലാംദിനം രാവിലെ 10:30ന് എറണാകുളം ജങ്ഷനിൽ എത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പറ്റ്നയിൽ നിന്നുള്ള ട്രെയിൻ വ്യാഴാഴ്ച രാവിലെ 06:10നാണ് പാലക്കാട് എത്തുക. തുടർനന് തൃശൂർ 07:42, ആലുവ 08:40 സ്റ്റേഷനുകൾ പിന്നിട്ടാണ് എറണാകുളത്തെത്തുക.
ഒരു എസി ടു ടയർ കോച്ച്, രണ്ട് എസി ത്രീ ടയർ കോച്ച്, 13 സ്ലീപ്പർ ക്ലാസ് കോച്ച്, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയാണ് സ്പെഷ്യൽ ട്രെയിനുള്ളത്. 52 മണിക്കൂർ 30 മിനിറ്റാണ് ട്രെയിൻ സർവീസിനെടുക്കുന്ന സമയം.