പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ടീം ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്കു നയിച്ചതിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ വിവിധ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ദ്രാവിഡിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.നിലവിലെ ഐപിഎല്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗൗതം ഗംഭീറിന്റെ പകരക്കാരനായി ദ്രാവിഡിനെ ഉപദേശക സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തതോടെയാണ് കൊല്‍ക്കത്ത ദ്രാവിഡിനെ സമീപിച്ചത്.എന്നാല്‍ തന്റെ മുന്‍ ഐപിഎല്‍ ടീമായിരുന്ന രാജസ്ഥാന്‍ റോയല്‍സിലേക്ക് ദ്രാവിഡ് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോയല്‍സുമായി ദ്രാവിഡ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സഞ്ജു സാംസണും സംഘത്തിനും സന്തോഷം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഏത് സ്ഥാനത്തേക്കാണ് ഫ്രാഞ്ചൈസി ദ്രാവിഡിനെ പരിഗണിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല.