സ്വയംതൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Feb 3, 2026
സ്വയംതൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മിൽമയുമായി ചേർന്ന് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതർക്ക് വേണ്ടി നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും സംരംഭകത്വ ഗുണമുള്ളവരും 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണം. പാലിനും അനുബന്ധ ഉത്പ്പന്നങ്ങൾക്കും വിപണന സാധ്യതയുള്ള സ്ഥലങ്ങളിൽ “മിൽമ ഷോപ്പി” അല്ലെങ്കിൽ “മിൽമ പാർലർ” ആരംഭിക്കാൻ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കോർപ്പറേഷൻ നിബന്ധനകൾക്ക് വിധേയമായി വായ്പ അനുവദിക്കും. വായ്പയുടെ തിരിച്ചടവ് കാലാവധി 5 വർഷമാണ്. കോർപ്പറേഷനും മിൽമ അധികൃതരും സംയുക്തമായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും സംരംഭം ആരംഭിക്കുവാൻ അനുമതി നൽകുക. സംരംഭത്തിനാവശ്യമായ ഉത്പ്പന്നങ്ങളും സാങ്കേതിക സഹായവും മിൽമ നൽകും. ഫ്രീസർ, കൂളർ എന്നിവ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുകയും, ആവശ്യമായ സൈനേജ് മിൽമ നൽകുകയും ചെയ്യും. സ്ഥലവും കെട്ടിടവും അനുബന്ധ സൗകര്യങ്ങളും അപേക്ഷകർ സ്വയം സജ്ജീകരിക്കണം. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷൻ്റെ തൃശ്ശൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0487 2331556, 9400068508.