മേരാ യുവ ഭാരത് കാസർഗോഡ് ജില്ലാ യൂത്ത് ഓഫീസറായി ആശ ഫ്രാൻസിസ് ചുമതലയേറ്റു
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മേറാ യുവ ഭാരത് (MY Bharat) കാസർഗോഡ് ജില്ലാ യൂത്ത് ഓഫീസറായി ആശ ഫ്രാൻസിസ് ചുമതലയേറ്റു. തൃശൂർ സ്വദേശിനിയായ ആശ ഫ്രാൻസിസ്, റിട്ടയേർഡ് അധ്യാപകരായ ഫ്രാൻസിസ്, മിനി ദമ്പതികളുടെ മകളാണ്. യുവജനങ്ങളുടെ വ്യക്തിത്വ വികസനം, സാമൂഹിക ഉത്തരവാദിത്വബോധം, നേതൃപാടവം എന്നിവ വളർത്തുന്നതിനായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമാണ് മേറാ യുവ ഭാരത്. യുവജന ക്ലബ്ബുകളെ കേന്ദ്രീകരിച്ച് ശുചിത്വ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ ക്യാമ്പുകൾ, കായിക-സാംസ്കാരിക പരിപാടികൾ, നൈപുണ്യ വികസന പരിശീലനങ്ങൾ, സ്വയംതൊഴിൽ ബോധവത്കരണ പരിപാടികൾ, ആരോഗ്യ ക്യാമ്പുകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് സ്ഥാപനം സംഘടിപ്പിക്കുന്നത്. ജില്ലയിലെ യുവജന കൂട്ടായ്മകൾക്കും യൂത്ത് ക്ലബ്ബുകൾക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും യുവജന ശാക്തീകരണത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുമെന്നും പുതുതായി ചുമതലയേറ്റ ജില്ലാ യൂത്ത് ഓഫീസർ ആശ ഫ്രാൻസിസ് അറിയിച്ചു.


