ഇടുക്കിയിൽ ജലനിരപ്പ് 2345.06 അടിയായി
തൊടുപുഴ : ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നു. ഒരുദിവസത്തിനിടെ മൂന്നുശതമാനം വെള്ളം ഉയർന്നു. ഇന്നലെ രാവിലെ ഏഴിന് ജലനിരപ്പ് 2345.06 അടിയാണ്.
സംഭരണ ശേഷിയുടെ 42 ശതമാനമാണിത്. തിങ്കളാഴ്ച രാവിലെ 39 ശതമാനമായിരുന്നു ജലനിരപ്പ്. പദ്ധതി പ്രദേശത്ത് ഇന്നലെ 171.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇത്തവണ കാലവർഷം ആരംഭിച്ചശേഷം ലഭിക്കുന്ന ഏറ്റവും ശക്തമായ മഴയാണിത്.
ഇന്നലെയും ജില്ലയിൽ സാമാന്യം ഭേദപ്പെട്ട മഴ രേഖപ്പെടുത്തി. ഇത് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാകാൻ കാരണമായിട്ടുണ്ട്. ജലനിരപ്പുയർന്നതിനെ തുടർന്നു ജില്ലയിൽ കല്ലാർകുട്ടി, മലങ്കര, ലോവർപെരിയാർ, കല്ലാർ എന്നീ അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ നാല് ഷട്ടറുകളും മലങ്കര അണക്കെട്ടിന്റെ ആറു ഷട്ടറുകളുമാണ് തുറന്നത്.