രണ്ടര വയസുകാരിയെ കൊന്നത് അമ്മാവൻ; കുറ്റം സമ്മതിച്ചു,അവിശ്വസിച്ച് പോലീസ്
കുട്ടിയുടെ അച്ഛൻ ശ്രീജിത്ത്, അമ്മ ശ്രീതു ഉൾപ്പെടെ മൂവർക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന് പോലീസിന് സംശയമുണ്ട്. ഇക്കാര്യത്തിൽ എന്തോ മറയ്ക്കാനാണോ ഇങ്ങനെയൊരു മൊഴിയെന്നും പോലീസ് സംശയിക്കുന്നു.
തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു. ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. ആരെയെങ്കിലും സംരക്ഷിക്കാനാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. എന്തിന് വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന കാര്യത്തിലടക്കം വ്യക്തത വരാനുണ്ട്. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിയുകയായിരുന്നുവെന്നാണ് സൂചന.അന്വേഷണത്തിന്റെ തുടക്കം മുതൽ ഇയാൾ പൊലീസിനോട് സഹകരിച്ചിരുന്നില്ല. നിങ്ങൾ അന്വേഷിച്ച് കണ്ടെത്തൂവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നത്. ആഭിചാരക്രിയയൊക്കെ ഉള്ള കുടുംബമാണെന്ന രീതിയിൽ നാട്ടുകാർ പറഞ്ഞിരുന്നു.
ഹരികുമാർ മാനസിക അസ്വസ്ഥതകളുള്ള വ്യക്തിയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ അച്ഛൻ, അമ്മ, മുത്തശ്ശി, എന്നിവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്.
കുഞ്ഞിന്റെ മുത്തശ്ശിയുടെ മൊഴിയാണ് ഹരികുമാറിലേക്ക് സംശയം എത്താൻ കാരണമെന്നാണ് സൂചന. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് ഉടൻ കടന്നേക്കും. കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞതിന് പിന്നാലെ ഹരികുമാറിന്റെ മുറിയിലെ കട്ടിൽ കത്തിയിരുന്നു. എന്തുകൊണ്ട് കട്ടിൽ കത്തിയെന്ന് ചോദിച്ചപ്പോൾ ഇയാൾക്ക് മറുപടിയുണ്ടായിരുന്നില്ല.