പത്തനാപുരത്ത് മകനെ ഇരുമ്പുകമ്പി കൊണ്ട് പൊള്ളലേൽപ്പിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ
അനുവാദമില്ലാതെ കൂട്ടുകാരോടൊത്ത് കളിക്കാൻ പോയതിനായിരുന്നു പതിനൊന്നുകാരനോട് അച്ഛന്റെ ക്രൂരത

കൊല്ലം : മകനെ ഇരുമ്പുകമ്പി കൊണ്ട് പൊള്ളലേൽപ്പിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കാരന്മൂട് സ്വദേശി വിൻസു കുമാർ ആണ് അറസ്റ്റിലായത്.അനുവാദമില്ലാതെ കൂട്ടുകാരോടൊത്ത് കളിക്കാൻ പോയതിനായിരുന്നു പതിനൊന്നുകാരനോട് അച്ഛന്റെ ക്രൂരത. കളിച്ച ശേഷം തിരികെ വീട്ടിൽ എത്തിയ കുട്ടിയെ ഗ്യാസ് അടുപ്പിൽ വെച്ച ഇരുമ്പുകമ്പികൊണ്ട് പൊള്ളലേൽപ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ ഇടത് തുടയിലും കാൽമുട്ടിന് താഴെയും സാരമായി പൊള്ളേറ്റിട്ടുണ്ട്.
തുടർന്ന് കുട്ടിയും അമ്മയും പത്തനാപുരം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിൻസു കുമാർ നേരത്തെയും കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നതായാണ് വിവരം. കുട്ടിക്ക് ചികിത്സയും കൗൺസിലിംഗും നൽകിവരികയാണ്.