അതിരപ്പള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു
കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിൽ പുലി പശുവിനെ കൊന്നു
അതിരപ്പിള്ളി: കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിൽ പുലി പശുവിനെ കൊന്നു. ഒന്നാം ബ്ലോക്കിൽ ലയങ്ങളോട് ചേർന്നുള്ള എണ്ണപ്പന തോട്ടത്തിൽ നിന്നിരുന്ന പശുവിനെയാണ് പുലി ആക്രമിച്ചു കൊന്നത്.കൂട്ടത്തോടെ നിന്നിരുന്ന പശുക്കളിൽ നിന്ന് ഏകദേശം ആറു മാസം പ്രായമുള്ള പശുവിനെയാണ് പുലി കൊലപ്പെടുത്തിയത്. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് പാതി തിന്ന നിലയിൽ പശുവിന്റെ ജഡം കണ്ടെത്തിയത്.പ്ലാന്റേഷൻ കോർപ്പറേഷനിൽ കന്നുകാലികൾക്ക് നേരെയുള്ള പുലിയുടെ ആക്രമണം ഇപ്പോൾ പതിവായിരിക്കുകയാണെന്നും, ഒറ്റപെട്ട സ്ഥലങ്ങളിൽ നിരവധി തൊഴിലാളികൾ അതിരാവിലെ ജോലി ചെയ്യുന്ന സ്ഥലത്ത് പുലിയിറങ്ങി വളർത്ത് മൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.