പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി 15.06.2026 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവ്വഹിക്കുന്നു
തിരുവനന്തപുരം :പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി 15.06.2026 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അവർകൾ നിർവ്വഹിക്കുന്നു.സമത്വവും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്നതിനും സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്‍റെയും സാമ്പത്തിക സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ടും കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികളുടെ ഭാഗമായി, കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനുമായി 'പ്രിയദര്‍ശിനി സൗജന്യ യാത്ര' പദ്ധതി ആരംഭിക്കുന്ന വിവരം അതിയായ സന്തോഷത്തോടെ അറിയിക്കുന്നു. സുരക്ഷിതവും സൗകര്യപ്രദവും ചെലവില്ലാത്തതുമായ പൊതുഗതാഗത സേവനം ഉറപ്പാക്കുന്നതിലൂടെ വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, സാമൂഹിക പങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്‍റെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ഈ പദ്ധതി വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീ ശാക്തീകരണത്തില്‍ നാഴികക്കല്ലാകുന്ന പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി 15.06.2026 ന് രാവിലെ 08.30ന് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ.സി.പി.ജോണ്‍ ന്‍റെ അധ്യക്ഷതയില്‍ ബഹു.കേരള മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു. ബഹു.ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ മുരളീധരന്‍, ബഹു.പട്ടികജാതി പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി കെ.എ.തുളസി, എന്നിവര്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കുന്ന ചടങ്ങില്‍ ബഹു.തിരുവനന്തപുരം പാര്‍ലമെന്‍റ് അംഗം ഡോ.ശശി തരൂര്‍, ബഹു.നഗരസഭ മേയര്‍ അഡ്വ.വി.വി.രാജേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുന്നു. രാഷ്‌ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും സാമൂഹിക ഉന്നമനത്തിനും സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന്‍റെ പ്രതീകമായി മാറുന്ന ഈ ചരിത്രപരമായ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു.പ്രിയദർശിനി സൗജന്യയാത്ര സുഗമമാകുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും കെ എസ് ആർ ടി സി നടത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയുവാനായി 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ട്. ടി ബസുകളിൽ പ്രിയദർശിനി ലോഗോയും പതിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജൂൺ 15 ന് രാവിലെ 8.30 ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം രാവിടെ 9 മണി മുതൽ 0 ടിക്കറ്റ് ലഭ്യമായി തുടങ്ങും.ഏവർക്കും കെഎസ്ആർടിസിയുടെ സുഖ സുരക്ഷിത യാത്ര ആശംസിക്കുന്നു..


