കര്‍ഷക രജിസ്ട്രേഷൻ: വെബ്സൈറ്റ് ഓപ്പണായി; സ്വന്തമായോ അക്ഷയ വഴിയോ ചെയ്യാം

കോട്ടയം: കര്‍ഷക രജിസ്ട്രേഷനായി ദിവസങ്ങള്‍ കൃഷി ഭവനുകളില്‍ കാത്തുനിന്നിട്ടും കഴിയാത്തവര്‍ക്ക് ആശ്വാസമായി. ഇനിമുതല്‍ കര്‍ഷക രജിസ്ട്രേഷന് ഫാര്‍മര്‍ ലോഗിന്‍ വഴി സ്വന്തമായോ അക്ഷയ സെന്ററുകള്‍, വഴിയോ ചെയ്യുന്നതിന് വെബ്സൈറ്റ് ഓപ്പണായി. ഇതുവരെ കര്‍ഷക രജിസ്ട്രേഷന് ചെയ്യാന്‍ സാധിച്ചിരുന്നതു കൃഷിഭവനുകള്‍വഴി മാത്രമായിരുന്നു.
അതിനാൽ രജിസ്ട്രേഷന് നടത്തുന്നതിനു കൃഷിഭവനുകളില്‍ നീണ്ട ക്യൂവായിരുന്നു. ഇതോടെ കൃഷിഭവനുകളിലെ ദൈനംദിന ജോലികള്‍ നടക്കുന്നില്ലെന്ന് പരാതിയും വ്യാപകമായിരുന്നു. ദീര്‍ഘനേരം ക്യൂവില്‍ നിന്നശേഷം രജിസ്ട്രേഷന് നടത്താന്‍ സാധിക്കാതെ പലര്‍ക്കും മടങ്ങേണ്ട അവസ്ഥയുമായിരുന്നു. ഒടിപി ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതിനാല്‍ ഏറെനേരം കൃഷിഭവനുകളില്‍ കാത്തുനില്ക്കുന്നതും പതിവു കാഴ്ചയായിരുന്നു.
സ്വന്തമായി രജിസ്റ്റര്‍ ചെയ്യാമെന്നതോടെ കൃഷിക്കാര്‍ക്ക് ഏറെ സൗകര്യമായി. കര്‍ഷകര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ രജിസ്ട്രേഷന് നടത്തണം. കര്‍ഷകരുടെ വിവരങ്ങളും കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങളും ഏകീകരിക്കാനാണ് അഗ്രി സ്റ്റാക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോം തയാറാക്കിയിരിക്കുന്നത്.
പിഎം കിസാന്‍ സമ്മാന്‍നിധി പദ്ധതിപ്രകാരം അനുവദിക്കുന്ന തുകയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകണമെങ്കിലും രജിസ്ട്രേഷന് വേണം. ഇതില്‍ത്തന്നെ പിഎം കിസാന്‍ പദ്ധതിയിലുള്‍പ്പെട്ടവര്‍ ആദ്യം രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണുള്ളത്. പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജന, അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ്, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന തുടങ്ങി കൃഷിസംബന്ധമായ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമെല്ലാം കര്‍ഷക രജിസ്ട്രേഷന് ആവശ്യമാണ്. രജിസ്ട്രേഷന് നടത്താനുള്ള അവസാന തീയതി ജൂലൈ 31 ആണ്.
കര്‍ഷക രജിസ്ട്രേഷന് എന്തിന്?
കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മിഷനു കീഴില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് അഗ്രിസ്റ്റാക് കര്‍ഷക രജിസ്ട്രേഷന്. കൃഷിക്കാര്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ കാര്‍ഡിനു സമാനമായ രീതിയില്‍ 21 അംഗ കര്‍ഷക ഐഡി ലഭിക്കും. ഈ ഐഡി കാര്‍ഡ് വഴി ഡിജിറ്റല്‍ സേവനങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കാനാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
രജിസ്ട്രേഷന് നടത്താന്‍...
രജിസ്ട്രേഷനായി www.agritack.gov.in kerala എന്ന പോര്‍ട്ടല്‍ തുറക്കുക. പോര്‍ട്ടലില്‍ കര്ഷകന് എന്ന ലിങ്കില്‍ പുതിയ അക്കൗണ്ട് തുറക്കണം. ഇതിനായി ആധാര്‍നമ്പരും ആധാറില്‍ ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍നമ്പരും നല്‍കണം. ഈ സമയം നമ്മുടെ ആധാര്‍ ലിങ്ക് ചെയ്തിരിക്കുന്ന ഫോണിലേക്ക് ഒടിപി ലഭിക്കും. ഈ ഒടിപി നല്കി സബ്മിറ്റ് ചെയ്യണം. തുടര്‍ന്നു താഴെയായി ഫോണ്‍നമ്പര്‍ കൊടുക്കാനുള്ള സ്ഥലത്ത് ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് നല്‍കണം. അപ്പോഴും ഫോണിലേക്ക് ഒടിപി വരും. ഇതും നല്‍കണം.
പിന്നീട് താഴെയായി പാസ് വേര്‍ഡ് സെറ്റ് ചെയ്യാനുള്ള ഓപ്ഷന് വരും. അവിടെ പാസ്വേർഡ് സെറ്റ് ചെയ്യണം. തുടര്‍ന്ന് വീണ്ടും ലോഗിന്‍ പേജിലേക്ക് പോയി ഫാര്‍മര്‍ ഓപ്ഷന് സെലക്ട് ചെയ്യണം. യൂസര്‍ ഐഡിയായി ഫോണ്‍ നമ്പര്‍ നല്‍കണം. പാസ്വേര്ഡ് നേരത്തേ സെറ്റ് ചെയ്യണം. തുടര്‍ന്ന് ക്യാപ്ച്ച കൊടുത്ത് ലോഗിന്‍ ചെയ്യാം. തുടര്‍ന്ന് താഴെ Register as farmer എന്നതില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ കാണിക്കുന്ന Mobile Number Change Confirmation എന്നതില്‍ No എന്ന് കൊടുക്കുക. തൊട്ട് താഴെ Land ownership details ല്‍ owner എന്ന് സെലക്ട് ചെയ്യണം. തുടര്‍ന്ന് വരുന്ന Occupation details ല്‍ Agriculture Land owing farmer എന്നത് രണ്ടും സെലക്ട് ചെയ്യണം.
പിന്നീട് താഴെ Land details ല്‍ Fetch Land details ക്ലിക്ക് ചെയ്യണം. District, Sub district, Village എന്നിവ സെലക്ട് ചെയ്തു നല്‍കിയശേഷം കരം കെട്ടിയ രസീതില്‍ കാണിച്ചിരിക്കുന്ന ബ്ലോക്ക് നമ്പരും സര്‍വേ നമ്പറും നല്കി (സബ് സര്‍വേ നമ്പര്‍ കൊടുക്കണ്ട) സബ്മിറ്റ് ചെയ്യണം. ഈ സമയം കാണിക്കുന്ന Select owner identifier number എന്നതില്‍ കരം ഒടുക്കിയ രസീതില്‍ കാണിച്ചിരിക്കുന്ന ഭൂഉടമയുടെ പേരും വിവരങ്ങളും കാണിക്കും. അത് കൃത്യമാണോയെന്ന് പരിശോധിച്ചു സബ്മിറ്റ് ചെയ്യണം.
തുടര്‍ന്ന് verifie all lands കൊടുക്കുക. ശേഷം Approving എന്നിടത്ത് Agriculture Revanue എന്നിടത്ത് Revanue എന്ന് സെലക്ട് ചെയ്യണം. ഇവിടെ ഒരു കാരണവശാലും Agriculture സെലക്ട് ചെയ്യരുത്. തുടര്‍ന്ന് proceed to e- Sign നല്‍കണം. അപ്പോള്‍ കാണുന്ന വിന്‍ഡോയില്‍ ചെക്ക്ബോക്സ് ടിക്ക് ചെയ്ത് താഴെ ആധാര്‍ നമ്പര്‍ കൊടുത്ത് Send otp കൊടുക്കുക. ഫോണിലേക്ക് വരുന്ന otp നല്കി സബ്മിറ്റ് കൊടുത്ത് രജിസ്ട്രേഷന് പൂര്‍ത്തിയാകും.