'പുനർജീവന മധുരം' പദ്ധതി : മധുരക്കിഴങ്ങ് അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങൾ പുറത്തിറക്കി ഐസിഎആർ-സിടിസിആർഐ

Jun 18, 2026
'പുനർജീവന മധുരം' പദ്ധതി : മധുരക്കിഴങ്ങ് അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങൾ പുറത്തിറക്കി ഐസിഎആർ-സിടിസിആർഐ
icsr
തിരുവനന്തപുരം  :18 ജൂൺ   2026

മധുരക്കിഴങ്ങ് കൃഷിയെ അടിസ്ഥാനമാക്കിയുള്ള മൂല്യവർധനവും സംരംഭകത്വ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഐസിഎആർ-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (ICAR-CTCRI) സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേർന്ന്  'പുനർജീവന മധുരം' പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ. എം. ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. അട്ടപ്പാടിയിൽ നടപ്പിലാക്കിയ ആദിവാസി ഉപപദ്ധതിയുടെ 
ഭാ​ഗമായി ഐസിഎആർ-സിടിസിആർഐ വികസിപ്പിച്ച എട്ട് മധുരക്കിഴങ്ങ് അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങൾ ചടങ്ങിൽ ഔദ്യോഗികമായി പുറത്തിറക്കി. അട്ടപ്പാടിയിലെ ആദിവാസി സമൂഹങ്ങളുടെ ഉപജീവന അവസരങ്ങൾ വർധിപ്പിക്കുക, പോഷകസുരക്ഷ ഉറപ്പാക്കുക, വിപണി സാധ്യതകൾ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ ഉല്പന്നങ്ങൾ വികസിപ്പിച്ചിരിക്കുന്നത്.

ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി മധുരക്കിഴങ്ങ് അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ദാരിദ്ര്യത്തിൽ നിന്ന് സമൃദ്ധിയിലേക്കുള്ള യാത്രയ്ക്ക് ഇത്തരം സംരംഭങ്ങൾ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. ലിംഗ നീതിയിലൂടെ സ്ത്രീ ശാക്തീകരണം ഉറപ്പാക്കുന്നതിൽ കുടുംബശ്രീയുടെ പങ്ക് അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
ഭൂരേഖാ വകുപ്പ് കമ്മീഷണറും കുടുംബശ്രീയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ എച്ച്. ദിനേശൻ ഐഎഎസ് മുഖ്യാതിഥിയായിരുന്നു. വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് 184 സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി കുടുംബശ്രീ വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും അവ കേരളമൊട്ടാകെയുള്ള വിതരണ ശൃംഖലയിലൂടെ വിപണനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഐസിഎആർ-സിടിസിആർഐ ഡയറക്ടർ ഡോ. ജി ബൈജു മുഖ്യപ്രഭാഷണം നടത്തി. സുസ്ഥിര ഉപജീവനവും ഗ്രാമീണ വികസനവും ലക്ഷ്യമാക്കി കിഴങ്ങുവിളകളിൽ നിന്ന് നൂതന സാങ്കേതികവിദ്യകളും മൂല്യവർധിത ഉൽപ്പന്നങ്ങളും വികസിപ്പിക്കുന്നതിൽ സ്ഥാപനത്തിന്റെ സംഭാവനകൾ അദ്ദേഹം വിശദീകരിച്ചു. മധുരക്കിഴങ്ങ് അന്താരാഷ്ട്ര
തലത്തിൽ “സൂപ്പർ ഫുഡ്" എന്ന നിലയിൽ അംഗീകരിക്കപ്പെട്ടത് ഉൾപ്പെടെയുള്ള ശാസ്ത്രീയ നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

സാങ്കേതികവിദ്യ അധിഷ്ഠിത ഇടപെടലുകൾ, സംരംഭകത്വ വികസനം, മധുരക്കിഴങ്ങ് അധിഷ്ഠിത സംരംഭങ്ങളിലെ മൂല്യവർധന എന്നിവയിലൂടെ ആദിവാസി സമൂഹങ്ങളെ ശാക്തീകരിക്കുന്നതിൽ ഐസിഎആർ-സിടിസിആർഐയും കുടുംബശ്രീയും തമ്മിലുള്ള സഹകരണത്തിന്റെ പ്രതിഫലനമായിരുന്നു 'പുനർജീവന മധുരം' പദ്ധതി. കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പ്രോഗ്രാം ഓഫീസർ ഡോ. എസ്. ഷാനവാസ് 'പുനർജീവന മധുരം' പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു.

ഐസിഎആർ-സിടിസിആർഐയിലെ ക്രോപ്പ് യൂട്ടിലൈസേഷൻ വിഭാഗം മേധാവിയും പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. എം. എസ്. സജീവ് ആശംസകൾ നേർന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി വി. വിഘ്നേശ്വരി ഐ എ എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ശ്രീ രമേഷ് ജി നന്ദി രേഖപ്പെടുത്തി.

ചടങ്ങിനോടനുബന്ധിച്ച് പുറത്തിറക്കിയ മധുരക്കിഴങ്ങ് അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങൾ പ്രാദേശിക വനിതാ സംരംഭകർക്കും വിപണന പങ്കാളികൾക്കും കുടുംബശ്രീ സംരംഭക പ്രതിനിധികൾക്കും കൈമാറി. കേന്ദ്ര കിഴങ്ങു വിള ഗവേക്ഷണ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന പ്രദർശന സ്റ്റാൾ ഒരുക്കിയിരുന്നു. അട്ടപ്പാടിയിൽ നിന്നുള്ള നൂറിലധികം വനിതാ കർഷകർ പരിപാടിയിൽ പങ്കെടുത്തു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.