വന്യമൃഗങ്ങളിൽനിന്നും രക്ഷ നേടാൻ വനംവകുപ്പിന്റെ "സർപ്പ' ആപ്
വന്യജീവികളുടെ സാന്നിധ്യം മുന്നറിയിപ്പായി നൽകാൻ കഴിയുംവിധം വനംവകുപ്പിന്റെ സർപ്പ ആപ് പരിഷ്‌കരിച്ചു. 18ന് പുറത്തിറക്കും.
കൊച്ചി : പാമ്പുകളിൽനിന്നുമാത്രമല്ല, വന്യജീവികളിൽനിന്നും ഇനി "സർപ്പ' രക്ഷിക്കും. വന്യജീവികളുടെ സാന്നിധ്യം മുന്നറിയിപ്പായി നൽകാൻ കഴിയുംവിധം വനംവകുപ്പിന്റെ സർപ്പ ആപ് പരിഷ്‌കരിച്ചു. 18ന് പുറത്തിറക്കും.ആന, പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായാൽ ആപ്പിൽ റിപ്പോർട്ട് ചെയ്യാം. ഇത് ഉടൻ മുന്നറിയിപ്പായി ആപ് ഉപയോഗിക്കുന്ന ജനങ്ങളിലും വനംവകുപ്പ് ഉദ്യോഗസ്ഥരിലും എത്തും. വന്യമൃഗം, നിൽക്കുന്ന സ്ഥലം എന്നിവ തെളിയും. പ്രദേശവാസികൾ, യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് മുൻകരുതൽ എടുക്കാൻ സാധിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർക്കാകട്ടെ ഉടൻ രക്ഷാദൗത്യം നടത്താനുമാവും. വന്യമൃഗ സാന്നിധ്യമുള്ള പ്രദേശത്തെ വനംവകുപ്പിന്റെ സ്‌റ്റേഷൻ, കൺട്രോൾ റൂം, ദ്രുതകർമസേനാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കാണ് സന്ദേശമെത്തുക. സംസ്ഥാന വ്യാപകമായോ നിശ്ചിതസ്ഥലം തെരഞ്ഞെടുത്തോ അവിടെയുള്ള മൃഗസാന്നിധ്യം തിരിച്ചറിയാനുള്ള സൗകര്യവുമുണ്ട്.