ആയുഷ്മാൻ ഭാരത് ഇൻഷുറൻസ്: മാർഗരേഖയില്ല,പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്തും അനിശ്ചിതത്വം
70 കഴിഞ്ഞവർക്ക് വരുമാന പരിധിയില്ലാതെ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷയൊരുക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതി പ്രഖ്യാപിച്ചതല്ലാതെ മാർഗരേഖ പുറത്തിറക്കാതെ കേന്ദ്ര സർക്കാർ
 
                                    തിരുവനന്തപുരം : 70 കഴിഞ്ഞവർക്ക് വരുമാന പരിധിയില്ലാതെ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷയൊരുക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതി പ്രഖ്യാപിച്ചതല്ലാതെ മാർഗരേഖ പുറത്തിറക്കാതെ കേന്ദ്ര സർക്കാർ. ഇതോടെ, പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്തും അനിശ്ചിതത്വം കനക്കുകയാണ്.കേന്ദ്രം പദ്ധതി പ്രഖ്യാപിച്ചതോടെ തന്നെ പോർട്ടലും മൊബൈൽ ആപ്പും തുറന്നിരുന്നു. സൗജന്യ ചികിത്സക്കായി നിരവധി പേരാണ് പോർട്ടലിലും ആപ്പിലും രജിസ്റ്റർ ചെയ്ത് കാർഡ് സ്വന്തമാക്കുന്നത്. എന്നാൽ, എംപാനൽ ചെയ്ത ആശുപത്രികളിൽ ചികിത്സക്കെത്തുമ്പോഴാണ് ഇൻഷുറൻസ് ലഭ്യമല്ലെന്ന വിവരമറിയുന്നത്. കേന്ദ്രം നിലപാട് വ്യക്തമാക്കാത്തതിനാൽ സംസ്ഥാനത്തിനും ഉറപ്പുപറയാൻ കഴിയാത്ത സ്ഥിതിയാണ്.
കാരുണ്യക്കുള്ള കേന്ദ്രസഹായം അപര്യാപ്തമായി തുടരുമ്പോഴാണ് മാർഗരേഖയോ കൂടിയാലോചനയോ ഇല്ലാതെയുള്ള പുതിയ പദ്ധതി പ്രഖ്യാപനം. ഇതിലെ തങ്ങളുടെ വിഹിതം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. വിഷയങ്ങളുന്നയിച്ചും പദ്ധതിയിൽ വ്യക്തത തേടിയും ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷ. അല്ലാത്തപക്ഷം പദ്ധതിയുടെ കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനം കൈക്കൊള്ളേണ്ടിവരും.ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പദ്ധതി (കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി-കാസ്പ്) സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്. കേന്ദ്ര വിഹിതം കൂടി ഉൾപ്പെടുത്തിയുള്ള കാസ്പിൽ പ്രായപരിധിയില്ലാതെ സൗജന്യ ചികിത്സയും ലഭ്യമാണ്. പ്രതിവർഷം 1500 കോടി സംസ്ഥാനം ചെലവഴിക്കുമ്പോൾ 150 കോടി മാത്രമാണ് കേന്ദ്രവിഹിതം. 60:40 എന്ന ക്രമത്തിൽ വിഹിതത്തിന് അനുപാതം നിശ്ചയിച്ചിട്ടുണ്ടെങ്കിലും സ്ഥിതി ഇതാണ്. മൊത്തം ചെലവിന്‍റെ 10 ശതമാനമാണ് കേന്ദ്രത്തിൽനിന്ന് കിട്ടുന്നത്.
 
                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            