ചക്രവാതച്ചുഴിയും ന്യൂനമർദവും; അഞ്ചുദിവസം ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, അടുത്ത അഞ്ചുദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മഴമുന്നറിയിപ്പ് നല്കിയിട്ടില്ല.തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത രണ്ടുദിവസത്തിനുള്ളിൽ കൂടുതൽ ശക്തിപ്രാപിച്ച് തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കൂടാതെ, തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുള്ളത്.ശബരിമലയിലെ പ്രത്യേക കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ബുധനാഴ്ച വരെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.