സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയില് വേഗപരിധി പുതുക്കി
ദേശീയ പാത ആറുവരി പാതയിലെ പുതിയ വേഗപരിധി എട്ട് സീറ്റില് അധികമില്ലാത്ത വാഹനങ്ങള്-100 കിലോമീറ്റർ ഒൻപതോ അതില് കൂടുതലോ സീറ്റുള്ള വാഹനങ്ങള്-90 കിലോമീറ്റർ.
സംസ്ഥാനത്തെ ദേശീയ പാത ആറുവരി പാതയില് വേഗപരിധി വീണ്ടും പുതുക്കി. എം 1 വിഭാഗത്തില്‍ പെടുന്ന (ഡ്രൈവറെ കൂടാതെ എട്ട് സീറ്റില് അധികമില്ലാത്ത വാഹനം) വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായി കുറച്ചു. എം2, എം 3 കാറ്റഗറി വാഹനങ്ങളുടെ (ഡ്രൈവറെ കൂടാതെ ഒൻപതോ അതില് കൂടുതലോ സീറ്റ്) 95 കിലോമീറ്ററില്‍ നിന്ന് 90 കിലോമീറ്ററായി കുറച്ചു. ഗതാഗത വകുപ്പ് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് വേഗപരിധി വീണ്ടും പരിഷ്കരിച്ചത്.
ആറുവരി പാതയില്‍ 110 കിലോമീറ്ററും, 95 കിലോമീറ്ററുമായി വേഗപരിധി പുതുക്കി നിശ്ചയിച്ചത് കഴിഞ്ഞ വർഷം ജൂണിലാണ്. ഒരു വർഷം തികയുമ്പോഴേക്കും വേഗപരിധി വീണ്ടും പരിഷ്കരിച്ചിരിക്കുകയാണ്. എൻ എച്ച് ആറുവരി പാതയില്‍ ദേശീയ പാത അതോറിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് വേഗപരിധി വീണ്ടും പുതുക്കി നിശ്ചയിച്ചത്.
ഗതാഗത വകുപ്പിന്റെ വിജ്ഞാപന പ്രകാരം, കേരളത്തില്‍ ദേശീയ പാത അതോറ്റിക്ക് കീഴില്‍ വികസിപ്പിച്ച പരമാവധി 100 കിലോമീറ്റർ വേഗതയുള്ള ആറുവരി/ നാല് വരി പാതകളില്‍ പൂർണമായി പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് റീജിയണല്‍ ഓഫീസർ വ്യക്തമാക്കി. ഇക്കാരണത്താല്‍ ട്രാഫിക് സൈൻ ബോർഡുകള്‍ എം 1, എം2, എം3 വിഭാഗത്തിലെ വാഹനങ്ങള്ക്കായി പരമാവധി വേഗമായ 110 കിലോമീറ്റർ/95 കിലോമീറ്റർ എന്ന് മാറ്റാൻ കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ദേശീയ പാത മന്ത്രാലയം അനുവദിക്കുന്നില്ല.
ഈ പശ്ചാത്തലത്തിലാണ് ദേശീയ പാത ആറുവരി പാതയിലെ വേഗപരിധി സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ചത്. എം1, എം 2, എം3 കാറ്റഗറി വാഹനങ്ങള്ക്ക് ദേശീയ പാത നാലുവരി പാതയില്‍ പരമാവധി വേഗത്തില്‍ എന്തെങ്കിലും മാറ്റം ഗസറ്റ് വിജ്ഞാപനത്തില്‍ പരാമർശിക്കുന്നില്ല. 2023 ജൂണില്‍ പുറത്തിറത്തിയ വേഗപരിധി വിജ്ഞാപന പ്രകാരം ദേശീയ പാത നാലുവരി പാതയില്‍ എം 1, എം2, എം 3 വിഭാഗം വാഹനങ്ങള്ക്ക് യഥാക്രമം 100 കിലോമീറ്ററും, 90 കിലോമീറ്ററും ആയിരിക്കും വേഗപരിധി.