വ്യോമയാന രംഗത്തെ കുതിപ്പ് കേരളത്തിന്റെ ആകെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്താൻ ശ്രമം: മുഖ്യമന്ത്രി പിണറായി വിജയൻ.

Aug 24, 2025
വ്യോമയാന രംഗത്തെ കുതിപ്പ് കേരളത്തിന്റെ ആകെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്താൻ ശ്രമം: മുഖ്യമന്ത്രി പിണറായി വിജയൻ.
vyomayana uchakodi

പ്രഥമ കേരള വ്യോമയാന ഉച്ചകോടി ഉദ്ഘാടനം ചെയ്തു 

 

വ്യോമയാന വ്യവസായരംഗത്തെ കുതിപ്പ് കേരളത്തിന്റെ മൊത്തം വളർച്ചയിലേക്ക് നയിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ നടത്താനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

 

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയുമായി (ഫിക്കി) സഹകരിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) സംഘടിപ്പിച്ച പ്രഥമ കേരള വ്യോമയാന ഉച്ചകോടിയും (കേരള ഏവിയേഷൻ സമ്മിറ്റ് 2025) വിമാനത്താവളത്തിലെ പുതിയ എയർപോർട്ട് ഹെൽത്ത് ഓഫീസ് (എ.പി.എച്ച്.ഒ) കെട്ടിടവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വ്യോമയാന രംഗവുമായി ബന്ധപ്പെട്ട നൂതന വ്യവസായങ്ങളെയും നിക്ഷേപങ്ങളെയും പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രതിജ്ഞാബദ്ധമാണ് സർക്കാർ. ഒരു സിവിൽ ഏവിയേഷൻ ഹബ്ബായി മാറാൻ ഏറെ സാധ്യതകൾ ഉള്ള നാടാണ് കേരളം.

 

വ്യോമയാന വ്യവസായ മേഖലയിൽ വലിയ കുതിപ്പ് ഉണ്ടാക്കുന്നത് ലക്ഷ്യം വച്ചാണ് ഇത്തരമൊരു ഏവിയേഷൻ ഉച്ചകോടി സംഘടിപ്പിക്കുന്നത്. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾ, നയരൂപീകരണം, വിവിധ മേഖലകളുടെ സഹകരണം എന്നിവയ്ക്കുള്ള ഒരു പ്രധാന വേദിയായിട്ടാണ് ഈ ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ പ്രാദേശിക വ്യോമയാന ചർച്ചകളിൽ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുക, ഈ മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപം പ്രോത്സാഹിപ്പിക്കുക, വ്യോമയാന മൂല്യ ശൃംഖലയിൽ ഉടനീളം നവീകരണം സാധ്യമാക്കുക തുടങ്ങിയവയാണ് ഉച്ചകോടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.

 

അതിവേഗം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകക്രമത്തിലാണ് നാം ജീവിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വ്യാപാര ബന്ധങ്ങളും തന്ത്രപ്രധാനമായ വിനിമയങ്ങളും ഈ വ്യവസ്ഥയുടെ ബലതന്ത്രങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. അതിർത്തികൾ കടന്നുള്ള മനുഷ്യരുടെ സഞ്ചാരങ്ങൾ എളുപ്പമായതോടെയാണ് ലോകം മുന്നോട്ടു പോകുന്നതിന്റെ വേഗം കൂടിയത്. ഈ മാറ്റങ്ങൾക്ക് വഴിവച്ചതിൽ വ്യോമ ഗതാഗതങ്ങൾക്കുള്ള പങ്ക് എടുത്തുപറയേണ്ടതാണ്. വ്യോമഗതാഗതം എന്നത് സഞ്ചാരത്തിനുള്ള മാർഗം എന്നതിലുപരി വലിയ വ്യവസായമായി മാറിയ കാലമാണിത്. നമ്മുടെ രാജ്യത്തെ വ്യോമയാന വ്യവസായവും വലിയ രീതിയിൽ വളർന്നിരിക്കുന്നു. 2026 ആകുമ്പോഴേക്കും ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാനയാത്ര വിപണിയായി നമ്മുടെ രാജ്യം മാറും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

 

വ്യോമയാന മേഖലയിൽ ഒരു രൂപ ചെലവഴിക്കുമ്പോൾ അത് അനുബന്ധ മേഖലയിൽ മൂന്നു രൂപ 25 പൈസയുടെ പ്രതിഫലനം ഉണ്ടാകും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ മേഖലയിൽ ഒരു തൊഴിലവസരം സൃഷ്ടിച്ചാൽ അനുബന്ധ മേഖലയിൽ 6 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതുകൊണ്ട് വ്യോമയാന വ്യവസായ മേഖലയുടെ വളർച്ചയ്ക്കായി ആസൂത്രിതമായ ഇടപെടലുകൾ വേണ്ടതുണ്ട്. വ്യോമയാന വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അനുകൂല നയങ്ങൾ നടപ്പിലാക്കുകയും ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വിമാനയാത്ര ജനകീയമാക്കുന്നതിന് എല്ലാവർക്കും യാത്ര ചെലവും പ്രവർത്തന ചെലവും ഗണ്യമായി കുറയ്ക്കുന്നതിന് ഇടപെടലുകൾ വേണം.

 

ഭൂപ്രകൃതി കൊണ്ടും കാലാവസ്ഥ കൊണ്ടും ഏറെ അനുഗ്രഹീത നാടാണ് കേരളം. മാനവ വികസന സൂചികകളിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടങ്ങളാണ് സംസ്ഥാനം കൈവരിച്ചിട്ടുള്ളത്. സാമൂഹ്യനീതി, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം ഉണ്ടാക്കിയ നേട്ടങ്ങൾ ലോകശ്രദ്ധ നേടി. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള കേരളത്തിലെ ശക്തമായ ഗതാഗത സംവിധാനങ്ങൾ സമയനഷ്ടമില്ലാത്ത യാത്ര ഉറപ്പുവരുത്തുന്നു.

 

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് വിമാനത്താവളങ്ങൾ നൽകിയ പങ്ക് വലുതാണ്. കേരളം കൈവരിച്ച സാമൂഹ്യ പുരോഗതിയിൽ വലിയ പങ്കുള്ളവരാണ് പ്രവാസികൾ. അവരുടെ സഞ്ചാരങ്ങൾ എളുപ്പമാക്കുന്നതിനും സൗകര്യങ്ങൾ നൽകുന്നതിലും ഇവിടുത്തെ വിമാനത്താവളങ്ങൾ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. അതിൽ തന്നെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വ്യോമയാന വ്യവസായത്തിന് ജനകീയമായ മാതൃക തീർത്ത സ്ഥാപനമാണ്. സിയാൽ കഴിഞ്ഞ നാലു വർഷത്തിൽ മുപ്പതിനായിരത്തിൽ പരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വരുംകാലങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള സാങ്കേതികവിദ്യാ മാറ്റങ്ങൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിന്റെ സമ്പൂർണ്ണ ഡിജിറ്റലൈസേഷന് വേണ്ടി സിയാൽ 2.0

 എന്ന പദ്ധതിയും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ടെർമിനൽ ത്രീ വിപുലീകരണവും, കൊമേഷ്യൽ സോൺ നിർമ്മാണവും ഗോൾഫ് ടൂറിസം പ്രോജക്റ്റും പുരോഗമിക്കുന്നു.

 

നിലവിൽ സംസ്ഥാനത്തിന്റെ ജിഡിപിയുടെ പത്ത് ശതമാനം വിനോദസഞ്ചാര മേഖല വഴിയാണ് വരുന്നത്. വ്യോമയാന വ്യവസായ മേഖലകൾ വളരുന്നതോടെ ടൂറിസവും കൂടുതൽ ഉയരങ്ങളിലേക്ക് പോകും. സീ പ്ലെയിൻ ആരംഭിച്ചുകൊണ്ട് തീരദേശ മേഖല ആകെ ബന്ധിപ്പിച്ചുള്ള പദ്ധതികൾക്കും നമ്മൾ തുടക്കമിട്ടു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

 

സിയാൽ നിർമിച്ച നൂതന സംവിധാനങ്ങളോടുകൂടിയ ആരോഗ്യ സ്ക്രീനിംഗ് ബ്ലോക്ക് വിമാനത്താവളത്തിലെ എയർപോർട്ട് ഹെൽത്ത് ഓഫീസിന് കൈമാറുകയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള എയർപോർട്ട് ഹെൽത്ത് ഓഫീസ് യെല്ലോ ഫീവർ വാക്സിനേഷനും മറ്റു പകർച്ചവ്യാധികൾക്കുമുള്ള സ്ക്രീനിംഗ് സെന്ററായി പ്രവർത്തിച്ചുവരികയാണ്. അവരുടെ നിസ്വാർത്ഥ സേവനങ്ങൾക്ക് പിന്തുണ നൽകുന്നതിനാണ് ഈ ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. ഏഴ് നെഗറ്റീവ് പ്രഷർ ക്വാറന്റൈൻ റൂമുകൾ അടങ്ങുന്ന ഒരു വലിയ സംവിധാനമാണ് ഇത്. അതിൽ രണ്ടു വി.ഐ.പി യൂണിറ്റുകളും ഉൾക്കൊള്ളുന്നു. 

ആരോഗ്യരംഗത്ത് കേരളം കാത്തുസൂക്ഷിക്കുന്ന ജാഗ്രതയുടെയും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങൾ ഉറപ്പുവരുത്താൻ കാണിക്കുന്ന സന്നദ്ധതയുടെയും തെളിവാണ് ഈ ബ്ലോക്ക് എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എയർപോർട്ട് ഹെൽത്ത്‌ ഓഫീസ് ആരോഗ്യ കേന്ദ്രത്തിന്റെ താക്കോൽദാനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. ബെന്നി ബഹനാൻ എം.പി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്,സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, സിയാൽ ഡയറക്ടർമാരായ അരുണ സുന്ദർരാജൻ, എൻ. വി. ജോർജ്, വർഗീസ് ജേക്കബ്, ഡെപ്യുട്ടി ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഡോ. എസ്. സെന്തിൽ നാഥൻ, ഫിക്കി സീനിയർ ഡയറക്ടർ മനോജ് മേത്ത, എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവരും പങ്കെടുത്തു.  

 

കേരളത്തിലെ വ്യോമയാന സൗകര്യങ്ങളും നിക്ഷേപക സാധ്യതകളും പ്രയോജനപ്പെടുത്തുക, കേരളത്തെ ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റുക, പ്രാദേശിക ഏവിയേഷൻ, ലോജിസ്റ്റിക്സ് ഹബ് എന്നിവ ശക്തിപ്പെടുത്തുക,ഡിജിറ്റൽ എയർ ട്രാവൽ, എം.ആർ.ഓ ഇക്കോ സിസ്റ്റം എന്നിവയെ കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ഏവിയേഷൻ മേഖലയിലെ തന്ത്രപ്രധാന മാറ്റങ്ങൾ, നയരൂപീകരണം, അടിസ്‌ഥാന സൗകര്യ വികസനം തുടങ്ങിയവ ഉച്ചകോടി ചർച്ച ചെയ്യും. 

 

ഉച്ചകോടി ഇന്ന്‌ (ഞായറാഴ്ച 24) സമാപിക്കും. ഉച്ചയ്ക്ക് 12 നു സമാപന സമ്മേളനം കൊച്ചി കോർപറേഷൻ മേയർ അഡ്വ.എം. അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.