സിനിമാ രംഗത്തെ വെളിപ്പെടുത്തൽ: അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം
ഈ പ്രത്യേക സംഘത്തെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും
തിരുവനന്തപുരം: സിനിമാ രംഗത്തെ ചില വനതികളുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകൾ തങ്ങള്‍ക്ക് ഈ മേഖലയില്‍ അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ വിവരക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വിളിച്ചത്.ഈ യോഗത്തിലാണ് ഇത്തരം പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചത്.ഈ പ്രത്യേക സംഘത്തെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ഐ.ജി.പി ജി. സ്പര്‍ജന്‍കുമാര്‍, ഡി.ഐ.ജി എസ്. അജീത ബീഗം, എസ്.പി ക്രൈംബ്രാഞ്ച് മെറിന്‍ ജോസഫ്, എ.ഐ.ജി (കോസ്റ്റല്‍ പൊലീസ്) ജി. പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ, എ.ഐ.ജി (ലോ ആൻഡ് ഓര്‍ഡര്‍) വി. അജിത്ത്, എസ്.പി (ക്രൈംബ്രാഞ്ച് തിരുവനന്തപുരം)എസ്. മധുസൂദനന്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.