സാമൂഹികവും സാമ്പത്തികവുമായ പരിമിതികൾ വിദ്യാർഥികളുടെ സ്വപ്നങ്ങൾ നേടുന്നതിന് തടസ്സമാകരുത്: മുഖ്യമന്ത്രി പിണറായി വിജയൻ

Sep 16, 2025
സാമൂഹികവും സാമ്പത്തികവുമായ പരിമിതികൾ വിദ്യാർഥികളുടെ സ്വപ്നങ്ങൾ നേടുന്നതിന് തടസ്സമാകരുത്: മുഖ്യമന്ത്രി പിണറായി വിജയൻ
unnathi scholarship

*ഉന്നതി സ്‌കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി ആയിരത്തിലധികം വിദ്യാർഥികൾക്ക് വിദേശ പഠനം സാധ്യമായതിന്റെ ഔദ്യോഗിക പ്രഖ്യാപനവും 2025-26 വർഷത്തെ സ്‌കോളർഷിപ്പ് വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു


സാമൂഹികവും സാമ്പത്തികവുമായ പരിമിതികൾ വിദ്യാർഥികൾക്ക് അവരുടെ സ്വപ്നങ്ങൾ കയ്യെത്തിപ്പിടിക്കുന്നതിന്  തടസ്സമാകരുതെന്നാണ് സംസ്ഥാന സർക്കാർ വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതി സ്‌കോളർഷിപ്പ് പദ്ധതിക്ക് കീഴിൽ ആയിരത്തിലധികം വിദ്യാർഥികൾക്ക് വിദേശ പഠനം സാധ്യമായതിന്റെ ഔദ്യോഗിക പ്രഖ്യാപനവും 2025-26 വർഷത്തെ സ്‌കോളർഷിപ്പ് വിതരണവും നിർവഹിക്കുകയായിരുന്നു  മുഖ്യമന്ത്രി.

ഉന്നതി പദ്ധതിയിലൂടെ ഇതുവരെ 1,104 വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ ലഭിച്ചത് ചരിത്രപരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി കേരളത്തിന്റെ സാമൂഹ്യ വികാസത്തിന് നേരെ പിടിച്ച കണ്ണാടിയാണ്. വിദ്യയും വിജ്ഞാനവും നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം ജനങ്ങൾ നേരത്തെ നമ്മുടെ നാട്ടിലുണ്ടായിരുന്നു. അവിടെനിന്ന് പടിപടിയായി പുരോഗമിച്ച്, ഇന്ന് വിദേശ പഠനം സാധ്യമാകുന്ന നിലയിലേക്ക് നമ്മുടെ നാട് എത്തിയിരിക്കുന്നു. ഈ മാറ്റം നവോത്ഥാന, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ എണ്ണമറ്റ പോരാട്ടങ്ങളിലൂടെയും പുരോഗമന സർക്കാരുകളുടെ ഭാവനാപൂർണമായ ഇടപെടലുകളിലൂടെയും ഉണ്ടായതാണ്. ഈ മാറ്റത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉന്നതി സ്‌കോളർഷിപ്പ് ലഭിച്ചവരുടെ എണ്ണം 1,000 കടന്നിരിക്കുന്നത്.

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങളിലെ മിടുക്കരായ 

വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ അവസരം നൽകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് ഉന്നതി വിദേശ പഠന സ്‌കോളർഷിപ്പ്. 2024-ൽ പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം, സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഈ പദ്ധതി നടപ്പാക്കുന്നു. ബിരുദാനന്തര ബിരുദ പഠനത്തിന് ഒരു വിദ്യാർഥിക്ക് പരമാവധി 25 ലക്ഷം രൂപ വരെ സ്‌കോളർഷിപ്പായി ലഭിക്കും. ഒരു വർഷം പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങളിലെ 310 വിദ്യാർഥികൾക്കാണ് ഈ അവസരം ലഭിക്കുന്നത്.

ടൈംസ് ഹയർ എഡ്യൂക്കേഷൻ റാങ്കിങ് പ്രകാരമുള്ള  ലോകത്തെ മികച്ച 500 സർവകലാശാലകളിൽ പ്രവേശനം നേടുന്നവർക്കാണ് ഉന്നതി സ്‌കോളർഷിപ്പ് ലഭിക്കുന്നത്. പെൺകുട്ടികൾ, ശാരീരിക വൈകല്യമുള്ളവർ, ഏക രക്ഷിതാവുള്ള കുട്ടികൾ എന്നിവർക്ക് മുൻഗണന നൽകുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൗൺസലിംഗ് സെഷനുകൾ നടത്തി, വിസാ അപേക്ഷ ഉൾപ്പെടെയുള്ള വിദേശ പഠനത്തിന്റെ മുഴുവൻ പ്രക്രിയയും മനസ്സിലാക്കി തീരുമാനങ്ങൾ എടുക്കാനുള്ള പിൻതുണ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ പ്രധാന ഗുണം, അനാവശ്യ ചൂഷണം നടത്തുന്ന ഇടനിലക്കാരെ ഒഴിവാക്കാൻ സാധിക്കുമെന്നതാണ്. ഇത്തരം ചൂഷണം തടയാൻ ഈ പ്രക്രിയയിലൂടെ സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശ പഠനത്തിന് അവസരം ലഭിക്കുകയും മികച്ച തൊഴിലവസരങ്ങൾ നേടുകയും ചെയ്യുന്ന വിദ്യാർഥികൾ, സ്വന്തം നാടിന്റെ വികസനത്തിനും ഉയർച്ചയ്ക്കും ആവശ്യമായ പിൻതുണ നൽകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ. ആർ. കേളു അധ്യക്ഷനായ ചടങ്ങിൽ, വകുപ്പ് സെക്രട്ടറി എ. കൗശികൻ, ഒഡെപെക് ചെയർമാൻ കെ. പി. അനിൽകുമാർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി. ധർമലശ്രീ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ മിഥുൻ പ്രേംരാജ്, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ മിസൽ സാഗർ ഭാരത്, ഒഡെപെക് മാനേജിംഗ് ഡയറക്ടർ സുഫിയാൻ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.