ക്ലാസ് നഷ്ടമാകുമെന്ന പേടി വേണ്ട,ഓഫ്‌ലൈന്‍ ക്ലാസുകളും ഓണ്‍ലൈനായി ലഭിക്കാന്‍ 'കെ-ലേണ്‍' പഠനപോര്‍ട്ടല്‍
വിദേശ സര്‍വകലാശാലകളിലെ കോഴ്സെറ, എഡെക്സ് എന്നീ പോര്‍ട്ടലുകള്‍ക്കു സമാനമായാണ് കേരളം സ്വന്തംനിലയില്‍ വികസിപ്പിക്കുന്ന കെ-ലേണ്‍

തിരുവനന്തപുരം : ഓഫ്‌ലൈന്‍ ക്ലാസുകളും ഓണ്‍ലൈനായി ലഭിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ 'കെ-ലേണ്‍' പഠനപോര്‍ട്ടല്‍. കഴിഞ്ഞ അധ്യയനവര്‍ഷം തുടങ്ങിയ നാലുവര്‍ഷബിരുദത്തിന്റെ ആദ്യബാച്ച് നാലാം സെമസ്റ്ററിലേക്കു കടക്കുന്ന ഡിസംബറില്‍ കെ-ലേണിനു തുടക്കമാവും.നിലവില്‍ നാലുവര്‍ഷ ബിരുദത്തിലുള്ള പ്രധാന മേജര്‍, മൈനര്‍ കോഴ്സുകളുടെ ഓണ്‍ലൈന്‍ ഉള്ളടക്കം ക്ലാസുകളായിത്തന്നെ പോര്‍ട്ടലില്‍ ലഭ്യമാക്കും. കോളേജില്‍ ഹാജരാവാത്ത ദിവസത്തെ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പഠിക്കാം. ക്ലാസില്‍ പഠിച്ചവര്‍ക്ക് വിഷയം വീണ്ടും മനസ്സിലാക്കി ഊട്ടിയുറപ്പിക്കാനും ഇത് പ്രയോജനപ്പെടും. ആദ്യഘട്ടത്തില്‍ 50 കോഴ്സുകള്‍ ലഭ്യമാക്കും.
പ്രധാനമായും നാലുവര്‍ഷ ബിരുദത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ കോഴ്സുകള്‍ പഠിക്കാന്‍ ലക്ഷ്യമിട്ടാണിത്. ഒപ്പം കോളേജിലെ പ്രധാനപ്പെട്ട ക്ലാസുകളുടെ ഓണ്‍ലൈന്‍ ഉള്ളടക്കം, നൈപുണി കോഴ്സുകള്‍ എന്നിവയുള്‍പ്പടെ മൂന്നുതരം കോഴ്സുകളുടെ പഠനരീതിയാണ് കെ-ലേണിന്റെ പ്രത്യേകത.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനു കീഴില്‍ (സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ടീച്ചിങ്, ലേണിങ് ആന്‍ഡ് ട്രെയിനിങ്) കോഴ്സുകള്‍ തയ്യാറാക്കും. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്കും സ്വന്തമായി കോഴ്സുകള്‍ വികസിപ്പിച്ച് കെ-ലേണ്‍ വഴി ലഭ്യമാക്കാം. പഠനം കെ-ലേണ്‍ വഴിയാണെങ്കിലും പരീക്ഷകള്‍ അതതു സര്‍വകലാശാലകള്‍ നടത്തും.ഓണ്‍ലൈന്‍ കോഴ്സിലൂടെ നേടേണ്ടത് ഡിഗ്രിക്ക് എട്ടും ഓണേഴ്സിന് പന്ത്രണ്ടും ക്രെഡിറ്റാണെങ്കില്‍ മൂന്നോ നാലോ ക്രെഡിറ്റ് വീതമുള്ള കോഴ്സുകള്‍ കെ-ലേണ്‍ ലഭ്യമാക്കും.
കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ കോഴ്സുകള്‍ ലഭ്യമാക്കുന്ന യുജിസിയുടെ 'സ്വയം', വിദേശ സര്‍വകലാശാലകളിലെ കോഴ്സെറ, എഡെക്സ് എന്നീ പോര്‍ട്ടലുകള്‍ക്കു സമാനമായാണ് കേരളം സ്വന്തംനിലയില്‍ വികസിപ്പിക്കുന്ന കെ-ലേണ്‍.