മലപ്പുറത്ത് വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ സമരപരമ്പര
ഹയർസെക്കൻഡറി ആർ.ഡി.ഡി ഓഫിസിലേക്ക് എം.എസ്.എഫ്-ഹരിത പ്രവർത്തകർ ഇരച്ചുകയറി ഓഫിസ് പൂട്ടൽ സമരത്തിന് ശ്രമിച്ചു
മലപ്പുറം: പ്ലസ് വൺ സീറ്റ് കിട്ടാതെ ആയിരിക്കണക്കിന് വിദ്യാർഥികൾ പുറത്തുനിൽക്കുന്ന മലപ്പുറത്ത് വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ സമരപരമ്പര. എം.എസ്.എഫ്, ഹരിത, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.ഹയർസെക്കൻഡറി ആർ.ഡി.ഡി ഓഫിസിലേക്ക് എം.എസ്.എഫ്-ഹരിത പ്രവർത്തകർ ഇരച്ചുകയറി ഓഫിസ് പൂട്ടൽ സമരത്തിന് ശ്രമിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ മലപ്പുറം-പെരിന്തൽമണ്ണ റോഡ് ഉപരോധിച്ചു.പ്ലസ് വൺ പഠനത്തിന് മുഴുവൻ അപേക്ഷകർക്കും സീറ്റ് നൽകണമെന്ന ആവശ്യം ഉന്നയിച്ച് എം.എസ്.എഫ് ഹരിത പ്രവർത്തകരുടെ നേതൃത്വത്തിൽ മലപ്പുറം ആർ.ഡി.ഡി ഓഫിസിലേക്ക് മാർച്ച് നടത്തി. ഓഫിസിലേക്ക് ഇരച്ചു കയറിയ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എച്ച് ആയിശ ബാനു, ഹരിത ജില്ലാ ചെയർപേഴ്സൻ ഫിദ ടി.പി, കൺവീനർമാരായ ഷൗഫ കാവുങ്ങൽ, റമീസ ജഹാൻ എന്നിവരെ പെലീസ് അറസ്റ്റ് ചെയ്തു.പെൺകുട്ടികളടക്കം തെരുവിലിറങ്ങിയ സമരം മലപ്പുറത്ത് ശക്തമാവുകയാണ്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എസ്.എഫ്.ഐയും പ്ലസ് വൺ ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങുകയാണ്. കലക്ടറേറ്റിലേക്കാണ് മാർച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെ.എസ്.യു ആർ.ഡി.ഡി ഓഫിസിലേക്ക് മാർച്ച് നടത്തുന്നുണ്ട്.