ഐ.എച്ച്.ആർ.ഡിയുടെ നേതൃത്വത്തിൽ ഇൻഫർമേഷൻ സെന്റർ ആരംഭിച്ചു
IHRD
ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിലുള്ള കാൾ സെന്റർ വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നൂതന മാറ്റങ്ങൾ ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇതൊരു വലിയ സഹായമായിരിക്കുമെന്നു ഡോ. ഉണ്ണികൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന ഐ.എച്ച്.ആർ.ഡിയുടെ സ്ഥാപനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി.എ. അരുൺ കുമാർ സ്വാഗതം ആശംസിച്ചു. ഐ.എച്ച്.ആർ.ഡി ചേർത്തല എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ജയ.വി.എൽ നന്ദി പ്രകാശിപ്പിച്ചു.
കേരളത്തിലുടനീളം 14 ജില്ലകളിലുമായി ഐ.എച്ച്.ആർ.ഡിയുടെ 87 വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള വിവിധ കോഴ്സുകളുടെ വിവരങ്ങൾ ഈ കാൾ സെന്ററിലൂടെ ലഭ്യമാകും. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയ നിവാരണത്തിനായി ആരംഭിച്ച കാൾ സെന്ററിൽ, ഐ.എച്ച്.ആർ.ഡി യുടെ വിവിധ സ്ട്രീമുകളായ എൻജിനീയറിംഗ് കോളേജ് (9), അപ്പ്ളൈഡ് സയൻസ് കോളേജ് (44), പോളിടെക്‌നിക് കോളേജ് (7), ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ (15) എന്നിവയിലെ കോഴ്സുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. എൻജിനീയറിംഗ് കോളേജുകളിൽ നടത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, എംബഡഡ് സിസ്റ്റംസ്, റോബോട്ടിക്‌സ്, വി.എൽ.എസ്.ഐ ഉൾപ്പടെയുള്ള പുതു തലമുറ സാങ്കേതിക വിഷയങ്ങളിൽ ബി.ടെക്, എം.ടെക്, ബി.ബി.എ, ബി.സി.എ, എം.സി.എ കോഴ്‌സുകൾ, അപ്പ്ളൈഡ് സയൻസ് കോളേജുകളിൽ നടത്തുന്ന വിവിധ സ്പെഷ്യലൈസേഷനുകളോട് കൂടിയ സയൻസ്/ആർട്‌സ്/കോമേഴ്സ് വിഷയങ്ങളിൽ ഉള്ള നാല് വർഷ ഓണേഴ്സ് ബിരുദ കോഴ്സുകൾ, ബിരുദാനന്തര കോഴ്‌സുകൾ, ഇന്റഗ്രേറ്റഡ് എം.എസ്.സി കോഴ്‌സുകൾ, പോളിടെക്‌നിക് കോളേജുകളിൽ നടത്തുന്ന വിവിധ എൻജിനീയറിംഗ് വിഷയങ്ങളിൽ ഉള്ള ഡിപ്ലോമ കോഴ്‌സുകൾ, ടെക്‌നിക്കൽ വിഷയങ്ങൾ അടങ്ങിയ ഹൈസ്‌കൂൾ _ ഹയർ സെക്കൻഡറി സ്‌കൾ കോഴ്‌സുകൾ എന്നിവയിലെ അഡ്മിഷൻ നടപടിക്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ കാൾ സെന്റർ മുഖേന ലഭ്യമാകും.
8547005000 എന്ന കാൾ സെന്റർ മൊബൈൽ നമ്പറിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിവിധ കോഴ്സുകളും അവ നടത്തുന്ന സ്ഥാപനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭ്യമാകും. ഈ നമ്പറിൽ വാട്ട്സാപ്പ് മുഖേനയും വിവരങ്ങൾ അറിയാം.