‘ആത്മനിർഭർ ഭാരത്’: കരുത്തുറ്റതും വികസിതവുമായ ഇന്ത്യയുടെ അടിസ്ഥാനം

Aug 15, 2025
‘ആത്മനിർഭർ ഭാരത്’: കരുത്തുറ്റതും വികസിതവുമായ ഇന്ത്യയുടെ അടിസ്ഥാനം
p m narendramodi
ന്യൂഡൽഹി : 2025 ആഗസ്ത് 15
 
 
വികസിത ഇന്ത്യയുടെ പ്രധാന അടിത്തറകളിലൊന്നാണ് ‘ആത്മനിർഭർ ഭാരത്’ (സ്വയംപര്യാപ്ത ഇന്ത്യ) എന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിനത്തിൽ, പ്രതിരോധം, സാങ്കേതികവിദ്യ, ഊർജം, ബഹിരാകാശം, ഉൽപ്പാദനം എന്നീ മേഖലകളിൽ ഇന്ത്യ കൈവരിച്ച പുരോഗതി ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയു​ടെ പരാമർശം. ‘ഓപ്പറേഷൻ സിന്ദൂർ’ ഉദാഹരിച്ച്, ഭീഷണികൾ നേരിടുന്നതിൽ തന്ത്രപര​മായ സ്വയംഭരണവും തദ്ദേശീയ കഴിവുകളും നിർണായകമാണെന്നും, സ്വയംപര്യാപ്തതയാണു ദേശീയ ശക്തിയുടെയും അന്തസ്സിന്റെയും, 2047-ഓടെ വികസിത ഇന്ത്യയാകുന്നതിലേക്കുള്ള യാത്രയുടെയും അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
 
‘ആത്മനിർഭർ ഭാരത്’: പ്രധാനമന്ത്രി മോദിയുടെ പ്രധാന ആശയങ്ങൾ
 
1.     പ്രതിരോധ സ്വയംപര്യാപ്തതയും ‘ഓപ്പറേഷൻ സിന്ദൂറും’: ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയുടെ ആവിഷ്കാരമായി ‘ഓപ്പറേഷൻ സിന്ദൂറി’നെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. ഇന്ത്യയിൽ നിർമിച്ച ആയുധങ്ങൾ ഉൾപ്പെടെയുള്ള തദ്ദേശീയ കഴിവുകൾ ഇന്ത്യയെ നിർണായകമായും സ്വതന്ത്രമായും പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയ്ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടതില്ലെന്നു തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
 
2.   ജെറ്റ് എൻജിൻ സ്വയംപര്യാപ്തത: ഭാവിയിലെ പ്രതിരോധ സാങ്കേതികവിദ്യ പൂർണമായും തദ്ദേശീയമായി വികസിപ്പിക്കുന്നതാണെന്നും സ്വയംപര്യാപ്തമാണെന്നും ഉറപ്പാക്കുന്നതിന്, ഇന്ത്യയിൽതന്നെ ജെറ്റ് എൻജിനുകൾ വികസിപ്പിക്കാൻ അദ്ദേഹം രാജ്യത്തെ നൂതനാശയ ഉപജ്ഞാതാക്കളോടും യുവാക്കളോടും അഭ്യർഥിച്ചു.
 
3.   സെമിണ്ടക്ടർ-ഉന്നതസാങ്കേതികവിദ്യ നേതൃത്വം: 2025 അവസാനത്തോടെ രാജ്യം ഇന്ത്യൻനിർമിത സെമികണ്ടക്ടർ ചിപ്പുകൾ പുറത്തിറക്കും. ഇതു നിർണായക സാങ്കേതിക മേഖലകളിൽ രാജ്യത്തിന്റെ വളർന്നുവരുന്ന ശക്തി പ്രകടമാക്കും. ആഗോള മത്സരക്ഷമതയ്ക്കായി നിർമിതബുദ്ധി, സൈബർ സുരക്ഷ, ഡീപ്-ടെക്, ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ എന്നിവയിലെ നവീകരണത്തിന് അദ്ദേഹം പ്രാധാന്യമേകി.
 
4.   ബഹിരാകാശ മേഖലയിലെ സ്വാതന്ത്ര്യം:
 
·     ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ശ്രദ്ധേയ നേട്ടങ്ങൾ ഉദ്ഘോഷിച്ച്, ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിനായുള്ള ഉത്കൃഷ്ടമായ പദ്ധതികൾ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ഇതു തദ്ദേശീയ ബഹിരാകാശശേഷികളുടെ നവയുഗത്തെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
 
·     ഉപഗ്രഹങ്ങൾ, പര്യവേക്ഷണം, അത്യാധുനിക ബഹിരാകാശ സാങ്കേതികവിദ്യകൾ എന്നിവയിൽ 300-ലധികം സ്റ്റാർട്ടപ്പുകൾ സജീവമായി നവീകരണപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം, ഇന്ത്യ ബഹിരാകാശശാസ്ത്രത്തിലും പര്യവേക്ഷണത്തിലും പങ്കെടുക്കുന്നുവെന്നു മാത്രമല്ല, ആഗോളതലത്തിൽ മുന്നിലാണെന്നും ഉറപ്പാക്കുന്നു.
 
5.   സംശുദ്ധ-പുനരുപയോഗ ഊർജം
 
·     യുവാക്കളുടെ ഭാവി ശോഭനമാക്കാനും കർഷകരുടെ ക്ഷേമത്തിനും ഊർജസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തിനു പ്രധാനമന്ത്രി മോദി ഊന്നൽ നൽകി.
 
·     ലോകം ആഗോളതാപനത്തെക്കുറിച്ചു ചർച്ചചെയ്യുന്ന വേളയിൽ, 2030-ഓടെ 50% സംശുദ്ധ ഊർജമെന്ന നേട്ടത്തിൽ എത്തുമെന്ന് ഇന്ത്യ ദൃഢനിശ്ചയം ചെയ്തിരുന്നുവെന്നും, ജനങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ ഫലമായി 2025-ഓടെ ആ ലക്ഷ്യം കൈവരിക്കാനായെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
 
·     ഊർജസ്വാതന്ത്ര്യത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പായി സൗര-ആണവ-ജലവൈദ്യുത-ഹൈഡ്രജൻ ഊർജമേഖലകളിൽ വലിയ പുരോഗതി കൈവരിച്ചു.
 
·     സ്വകാര്യമേഖലാപങ്കാളിത്തത്തിലൂടെ ആണവോർജം വികസിപ്പിക്കുന്നതിലുള്ള ഇന്ത്യയുടെ ശ്രദ്ധ പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. നിലവിൽ 10 പുതിയ ആണവ റിയാക്ടറുകൾ പ്രവർത്തനക്ഷമമാണെന്നും, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷത്തോടെ, രാഷ്ട്രം ആണവോർജശേഷി പത്തിരട്ടി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും അതിലൂടെ ഊർജസ്വയംപര്യാപ്തതയും സുസ്ഥിര വളർച്ചയും ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
 
6.   നിർണായക ധാതുകൾക്കായുള്ള ദേശീയ ദൗത്യം: ഊർജം, വ്യവസായം, പ്രതിരോധം എന്നിവയ്ക്ക് ആവശ്യമായ വിഭവങ്ങൾ ഉറപ്പാക്കുന്നതിനായി, ഇന്ത്യ 1200 സ്ഥലങ്ങൾ പര്യവേക്ഷണംചെയ്ത് നിർണായക ധാതുക്കൾക്കായുള്ള ദേശീയ ദൗത്യം ആരംഭിച്ചു. ഈ ധാതുക്കളുടെ നിയന്ത്രണം തന്ത്രപരമായ സ്വയംഭരണത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വ്യാവസായിക-പ്രതിരോധ മേഖലകൾ സ്വയംപര്യാപ്തമായി നിലനിൽക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു.
 
7.   ദേശീയ ആഴക്കടൽ പര്യവേക്ഷണ ദൗത്യം: ഇന്ത്യയുടെ ആഴക്കടൽ ഊർജസ്രോതസ്സുകൾ ഉപയോഗപ്പെടുത്തി ഊർജസ്വയംപര്യാപ്തത ശക്തിപ്പെടുത്തുകയും വിദേശ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുകയും ചെയ്യും.
 
8.   കാർഷിക സ്വയംപര്യാപ്തതയും വളങ്ങളും: കർഷകരെ ശാക്തീകരിക്കുന്നതിനും ദേശീയ ഭക്ഷ്യസുരക്ഷ സംരക്ഷിക്കുന്നതിനും ആഭ്യന്തരമായി വളങ്ങൾ ഉൽപ്പാദിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയ്ക്കു പ്രധാനമന്ത്രി മോദി ഊന്നൽ നൽകി. ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുന്നതിലൂടെ രാജ്യത്തിന്റെ കാർഷിക മേഖല സ്വതന്ത്രമായി അഭിവൃദ്ധി പ്രാപിക്കുന്നു. ഇതിലൂടെ കർഷകരുടെ ക്ഷേമം ഉറപ്പാക്കാനും ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം ശക്തിപ്പെടുത്താനും കഴിയുന്നു.
 
9.   ഡിജിറ്റൽ സ്വയംഭരണവും തദ്ദേശീയ പ്ലാറ്റ്‌ഫോമുകളും: ഇന്ത്യയുടെ സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കാൻ പ്രധാനമന്ത്രി മോദി യുവാക്കളോട് ആഹ്വാനം ചെയ്തു. ഇതിലൂടെ ആശയവിനിമയം, ഡേറ്റ, സാങ്കേതിക ആവാസവ്യവസ്ഥകൾ എന്നിവ സുരക്ഷിതവും സ്വതന്ത്രവുമായി തുടരുന്നുവെന്ന് ഉറപ്പാക്കാനും ഇന്ത്യയുടെ ഡിജിറ്റൽ സ്വയംഭരണം ശക്തിപ്പെടുത്താനും കഴിയും.
 
10. ഔഷധങ്ങളിലും നവീകരണത്തിലും സ്വയംപര്യാപ്തത: “ലോകത്തിന്റെ ഔഷധശാല” എന്ന നിലയിൽ ഇന്ത്യയുടെ കരുത്തിനെ പ്രധാനമന്ത്രി മോദി ഉയർത്തിക്കാട്ടുകയും ഗവേഷണത്തിലും വികസനത്തിലും കൂടുതൽ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകുകയും ചെയ്തു. “മനുഷ്യരാശിയുടെ ക്ഷേമത്തിനായി ഏറ്റവും മികച്ചതും താങ്ങാനാകുന്നതുമായ മരുന്നുകൾ നൽകുന്നതു നമ്മളല്ലേ?” എന്ന് അദ്ദേഹം ആരാഞ്ഞു.
 
·     ആഭ്യന്തര ഔഷധ നവീകരണത്തിൽ ഇന്ത്യയുടെ വളർന്നുവരുന്ന ശക്തി അദ്ദേഹം എടുത്തുകാട്ടി. പുതിയ മരുന്നുകൾ, വാക്സിനുകൾ, ജീവൻ രക്ഷിക്കുന്ന ചികിത്സകൾ എന്നിവ പൂർണമായും ഇന്ത്യക്കുള്ളിൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി.
 
·     കോവിഡ്-19 കാലത്ത് ഇന്ത്യയുടെ തദ്ദേശീയ വാക്സിനുകളും കോവിൻ പോലുള്ള പ്ലാറ്റ്‌ഫോമുകളും ആഗോളതലത്തിൽ ദശലക്ഷക്കണക്കിനു ജീവൻ രക്ഷിച്ചെന്ന ഉദാഹരണം ചൂണ്ടിക്കാട്ടി, ഇതിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് ഈ നവീകരണ മനോഭാവം വികസിപ്പിക്കാൻ അദ്ദേഹം രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു.
 
·     പുതിയ മരുന്നുകൾക്കും മെഡിക്കൽ സാങ്കേതികവിദ്യകൾക്കും പേറ്റന്റുകൾ നേടാൻ അദ്ദേഹം ഗവേഷകരോടും സംരംഭകരോടും ആഹ്വാനം ചെയ്തു. ഇതിലൂടെ ഇന്ത്യക്കു സ്വന്തം ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രമല്ല, ആഗോള ക്ഷേമത്തിനു സംഭാവനയേകാനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ സ്വയംപര്യാപ്തതയും നവീകരണവും കൈവരിക്കുന്ന കേന്ദ്രമായി ഇന്ത്യയെ ഉയർത്തിക്കൊണ്ടുവരാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
11.   സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കൽ: “പ്രാദേശികതയ്ക്കായുള്ള ആഹ്വാന”ത്തിലൂ​ടെ ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങൾക്കു പിന്തുണ നൽകാൻ പ്രധാനമന്ത്രി മോദി പൗരന്മാരോടും കടയുടമകളോടും അഭ്യർഥിച്ചു. സ്വദേശിവൽക്കരണം അഭിമാനത്തിൽനിന്നും ശക്തിയിൽനിന്നുമാണ് ഉണ്ടാകേണ്ടതെന്നും നിർബന്ധത്താലാകരുതെന്നും അദ്ദേഹം പറഞ്ഞു. സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനും സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയുടെ സാമ്പത്തിക-വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും കടകൾക്കു മുന്നിൽ “സ്വദേശി” ബോർഡുകൾ സ്ഥാപിക്കുന്നതുപോലുള്ള പ്രകടമായ പ്രചാരണത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.
 
12. സുദർശനചക്രദൗത്യം - പാരമ്പര്യത്തിന് ആദരം, പ്രതിരോധം ശക്തിപ്പെടുത്തൽ: ശത്രുക്കളുടെ പ്രതിരോധ നുഴഞ്ഞുകയറ്റങ്ങളെ നിർവീര്യമാക്കുന്നതും ഇന്ത്യയുടെ ആക്രമണശേഷി വർധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള “സുദർശനചക്രദൗത്യ”ത്തിന്റെ സമാരംഭം പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
 
·     ശ്രീകൃഷ്ണന്റെ സുദർശനചക്രവുമായി ഈ ദൗത്യത്തെ കൂട്ടിയിണക്കി, സമ്പന്നമായ സാംസ്കാരികവും പുരാണപരവുമായ പൈതൃകത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് ആധുനിക പ്രതിരോധ കണ്ടുപിടിത്തങ്ങളെ ഇന്ത്യ മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതു ഭീഷണിയിലും, വേഗത്തിലും കൃത്യമായും കരുത്തോടെയുമുള്ള പ്രതികരണങ്ങൾ ഉറപ്പാക്കി, തന്ത്രപരമായ സ്വയംഭരണത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ ഈ ദൗത്യം അടിവരയിടുന്നു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.