പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം: പരിഷ്കരണം, സ്വയംപര്യാപ്തത, ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കുക എന്നിവയ്ക്കുള്ള കാഴ്ചപ്പാട്

Aug 15, 2025
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം: പരിഷ്കരണം, സ്വയംപര്യാപ്തത, ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കുക എന്നിവയ്ക്കുള്ള കാഴ്ചപ്പാട്
p m narendramodi
ന്യൂഡൽഹി : 2025 ആഗസ്ത് 15
 
 
79-ാമത് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയുടെ സ്വയംപര്യാപ്തതയുടെയും പരിവർത്തനത്തിൻ്റെയും യാത്രയെക്കുറിച്ച് സംസാരിച്ചു. കഴിഞ്ഞ ദശാബ്ദത്തിൽ ഇന്ത്യ പരിഷ്കരിക്കപ്പെടുകയും പരിശ്രമിക്കുകയും പരിവർത്തനം ചെയ്യപ്പെടുകയും  ചെയ്യുകയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ കൂടുതൽ ശക്തിയോടെ മുന്നോട്ട് പോകാനുള്ള സമയമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും ലളിതമാക്കുകയും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ട് ഓരോ ഇന്ത്യക്കാരനും വികസിത് ഭാരതം കെട്ടിപ്പടുക്കുന്നതിൽ സംഭാവന നൽകാൻ കഴിയുന്ന ആധുനികവും, കാര്യക്ഷമവും, പൗര സൗഹൃദവുമായ  വ്യവസ്ഥിതി സൃഷ്ടിക്കാൻ ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
 
നിയമങ്ങളും നിയമപാലന നടപടികളും ലളിതമാക്കൽ
 
കഴിഞ്ഞ വർഷങ്ങളിൽ ഗവൺമെൻ്റ് ചരിത്രപരമായ നിരവധി പരിഷ്കരണ ങ്ങൾക്ക് തുടക്കം കുറിച്ചെന്നും 40,000-ത്തിലധികം അനാവശ്യ നിയമ നടപടികൾ, 1,500-ൽ അധികം കാലഹരണപ്പെട്ട നിയമങ്ങൾ എന്നിവ റദ്ദാക്കിയെന്നും പ്രസംഗത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. പൗരൻ്റെ താൽപ്പര്യങ്ങൾ മുൻനിർത്തി മറ്റ് നിരവധി നിയമങ്ങൾ പാർലമെൻ്റിലൂടെ ലളിതമാക്കി.
 
പാർലമെന്റിൻ്റെ ഈയിടെ നടന്ന സമ്മേളനത്തിൽ മാത്രം 280-ൽ അധികം വ്യവസ്ഥകൾ നീക്കം ചെയ്തത്, ഭരണത്തെ ഓരോ ഇന്ത്യക്കാരനും കൂടുതൽ ലളിതവും പ്രാപ്യവുമാക്കി. പരിഷ്കരണം സാമ്പത്തികപരമായ കാര്യം മാത്രമല്ല, പൗരന്മാരുടെ ദൈനംദിന ജീവിതത്തെ മാറ്റിമറിക്കുന്നതാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
 
പ്രധാന നേട്ടങ്ങളിൽ അദ്ദേഹം എടുത്തുപറഞ്ഞവ:
 
* സുതാര്യവും കാര്യക്ഷമവുമാക്കിയ ആദായനികുതി പരിഷ്കരണവും മുഖം നോക്കാതെയുള്ള നികുതി നിർണയവും.
 
* വർഷം 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല, ഇത് ഏതാനും വർഷം മുൻപ് പലർക്കും ചിന്തിക്കാൻ പോലും കഴിയാതിരുന്ന നേട്ടമാണ്.
 
* ഇന്ത്യൻ നിയമത്തിലെ നീതിന്യായവും നിയമപരമായ നടപടികൾ ലളിതമാക്കുകയും കാലഹരണപ്പെട്ട ക്രിമിനൽ നിയമങ്ങൾ മാറ്റിസ്ഥാപിക്കുകയും ചെയ്തു.
 
ഈ പരിഷ്കരണങ്ങൾ ആധുനികവും, പൗരകേന്ദ്രീകൃതവുമായ ഗവൺമെൻ്റിനെയാണ് സൂചിപ്പിക്കുന്നത്, അവിടെ സാധാരണക്കാർക്ക് ആശ്വാസവും നീതിയും ശാക്തീകരണവും അനുഭവിക്കാൻ കഴിയും. ഭരണകൂടം ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്, മറിച്ചല്ല എന്ന ഉറപ്പോടെ ഘടനാപരവും നിയന്ത്രണപരവും നയപരവും പ്രക്രിയാപരവുമായ പരിഷ്കരണങ്ങൾക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു.
 
 
സംരംഭകരെയും എം.എസ്.എം.ഇകളെയും ശാക്തീകരിക്കൽ
 
സ്റ്റാർട്ടപ്പുകൾക്കും, എം.എസ്.എം.ഇകൾക്കും, സംരംഭകർക്കും വേണ്ടിയുള്ള നിയമപരമായ ചെലവുകൾ കുറയ്ക്കുന്നതിനും കാലഹരണപ്പെട്ട നിയമവ്യവസ്ഥകളെക്കുറിച്ചുള്ള ഭയത്തിൽ നിന്ന് സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും ഗവൺമെൻ്റിൻ്റെ പരിഷ്കരണങ്ങൾ ലക്ഷ്യമിടുന്നു. ഇത് ബിസിനസ് വളർച്ചയ്ക്ക് കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും നൂതനാശയങ്ങളെയും സാമ്പത്തിക സ്വയംപര്യാപ്തതയെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
 
 
പുതിയ തലമുറ പരിഷ്കരണങ്ങൾക്കും   ദൗത്യ സേനയ്ക്കും വേണ്ടിയുള്ള പ്രഖ്യാപനം
 
സാമ്പത്തിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ എല്ലാ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും വിലയിരുത്തുന്നത് ലക്ഷ്യമിട്ടുള്ള പുതിയ തലമുറ പരിഷ്കരണങ്ങൾക്കായി ഒരു ദൗത്യസേന രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ദൗത്യസേന (ടാസ്ക് ഫോഴ്സ്) ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഇനിപ്പറയുന്ന കാര്യങ്ങൾക്കായി പ്രവർത്തിക്കും:
 
* സ്റ്റാർട്ടപ്പുകൾക്കും, എം.എസ്.എം.ഇകൾക്കും, സംരംഭകർക്കുമുള്ള നിയമപരമായ ചെലവുകൾ കുറയ്ക്കുക.
 
* ഏകപക്ഷീയമായ നിയമനടപടികളെക്കുറിച്ചുള്ള ഭയത്തിൽ നിന്ന് സ്വതന്ത്രമാക്കുക.
 
* ബിസിനസ് ചെയ്യൽ ലളിതമാക്കുന്നതിനായി നിയമങ്ങൾ കാര്യക്ഷമമാക്കുക.
 
നൂതനാശയങ്ങൾ, സംരംഭകത്വം, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് സഹായകമായ വ്യവസ്ഥിതി സൃഷ്ടിക്കാൻ ഈ പരിഷ്കരണങ്ങൾ ലക്ഷ്യമിടുന്നു.
 
 
പുതിയ തലമുറ ജി.എസ്.ടി പരിഷ്കരണങ്ങൾ
 
അടുത്ത ദീപാവലിയോടെ പുതിയ തലമുറ ജി.എസ്.ടി പരിഷ്കരണങ്ങൾ അവതരിപ്പിക്കുമെന്നും ഇത് നിത്യോപയോഗ സാധനങ്ങളുടെ നികുതിഭാരം കുറയ്ക്കുമെന്നും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. "സാധാരണക്കാർക്ക് നികുതിഭാരം കുറയ്ക്കുന്ന പുതിയ തലമുറ ജി.എസ്.ടി പരിഷ്കരണങ്ങൾ ഗവൺമെൻ്റ് കൊണ്ടുവരും. ഇത് നിങ്ങൾക്കൊരു ദീപാവലി സമ്മാനമായിരിക്കും," അദ്ദേഹം പറഞ്ഞു. ഈ പരിഷ്കരണങ്ങൾ പൗരന്മാർക്ക് നേരിട്ട് പ്രയോജനകരമാവുകയും സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
 
 
ഭാവിയിലേക്കുള്ള കാഴ്ചപ്പാട്
 
മറ്റുള്ളവരുടെ പരിമിതികളിൽ ശ്രദ്ധിക്കുന്നതിന് പകരം ഇന്ത്യ സ്വന്തം പുരോഗതിയുടെ പാത വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി മോദി ആവർത്തിച്ചു. സാമ്പത്തിക സ്വാർത്ഥതാല്പര്യം വർധിച്ചുവരുന്ന ഒരു ലോകത്ത് ഇന്ത്യയുടെ ശേഷികൾ ശക്തിപ്പെടുത്തുന്നതിലും അവസരങ്ങൾ വിപുലീകരിക്കുന്നതിലും പൗരന്മാരെ ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ പരിഷ്കരണങ്ങൾ ഭരണപരമായ പരിവർത്തനത്തിൻ്റെ  ത്വരിതഗതിയിലുള്ള ഘട്ടത്തിൻ്റെ തുടക്കമാണ്, ഇത് ഇന്ത്യയെ കൂടുതൽ പ്രതിരോധശേഷിയുള്ളതും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമാക്കുമെന്ന് ഉറപ്പാക്കും.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.