ഡിജിറ്റൽ വിദ്യാഭ്യാസം സാമൂഹിക നന്മയ്ക്ക് ഉപയോഗിക്കണം: ഗവർണർ
ഡിജിറ്റൽ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങ് നിർവഹിച്ചു
 
                                    തിരുവനന്തപുരം :ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്ന നിലയിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഇത്തരത്തിൽ ലഭിക്കുന്ന ഡിജിറ്റൽ വിദ്യാഭ്യാസം സാമൂഹിക നന്മയ്ക്ക് വിനിയോഗിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ രണ്ടാമത് വാർഷിക ബിരുദദാന ചടങ്ങ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ ഇന്ത്യ എന്ന ആശയം സാക്ഷാത്ക്കരിക്കുന്നതിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലടക്കം വലിയമാറ്റങ്ങൾ നടത്താനും ഡിജിറ്റൽ വിദ്യാഭ്യാസത്തിന് കഴിയും. ഡിജിറ്റൽ ഇന്ത്യ പ്ലാറ്റിനം അവാർഡ്, ദേശീയ ഇ-ഗവേണൻസ് പുരസ്കാരമടക്കം ചുരുങ്ങിയ കാലയളവിനുള്ളിൽ കരസ്ഥമാക്കാൻ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് പ്രോസസർ രൂപകൽപന ചെയ്ത ഡിജിറ്റൽ യൂണിവേഴ്സിറ്റി അധ്യാപകരെയും വിദ്യാർഥികളെയും അഭിനന്ദിക്കുകയാണ്. വിവിധ പ്രശ്ന പരിഹാരമെന്ന നിലയിലുള്ള സോഫ്റ്റ് വെയറുകൾ, ആപ്ലിക്കേഷനുകൾ എന്നിവയ്ക്ക് രൂപം നൽകുന്നതിനോടൊപ്പം ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ മറ്റൊരു നൂതന സംരംഭമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യ വികേന്ദ്രീകൃതമായും ജനാധിപത്യ സ്വഭാവമുള്ളതായും മാറ്റുന്നതിൽ വിദ്യാർഥികൾ ശ്രദ്ധിക്കണം. ഉത്പാദനക്ഷമവും ഗുണനിലവാരമുള്ളതുമായി മികച്ച കരിയർ സൃഷ്ടിക്കാൻ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ പഠന കാലയളവ് സഹായകമാകുമെന്നും ഗവർണർ പറഞ്ഞു.
വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, എസ്. ഡി ഷിബുലാൽ, ഡോ. വിജയ് ചന്ദ്രു, പ്രൊഫ. എ മുജീബ്, പ്രൊഫ. സാബു എം. തമ്പി, പ്രൊഫ അഷ്റഫ് എസ് എന്നിവർ സംബന്ധിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            