സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ്: കശുവണ്ടി പാക്കറ്റുകൾ തയ്യാർ
സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിൽ നിറയ്ക്കാനുള്ള കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ തയ്യാറാകുന്നു
കൊല്ലം : സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിൽ നിറയ്ക്കാനുള്ള കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ തയ്യാറാകുന്നു. കാഷ്യൂ കോർപറേഷന്റെ അയത്തിൽ, കായംകുളം ഫാക്ടറികളിൽ ആയിരത്തോളം തൊഴിലാളികളാണ് കശുവണ്ടിപ്പരിപ്പ് പാക്കറ്റിലാക്കുന്നത്. 30നു മുമ്പുതന്നെ എല്ലാ ജില്ലയിലേക്കും പാക്കറ്റുകൾ എത്തിക്കാൻ കഴിയുന്ന തരത്തിലേക്ക് പ്രവർത്തനങ്ങൾ സജ്ജമായി. 50 ഗ്രാം വീതമുള്ള കശുവണ്ടിപ്പരിപ്പ് പാക്കറ്റുകളാണ് തയ്യാറാക്കുന്നത്.
പായസവും പ്രഥമനും തയ്യാറാക്കുന്നതിനായി ആറുലക്ഷം കുടുംബങ്ങളിലേക്കാണ് ഇത്തവണയും കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ എത്തുന്നത്. കാഷ്യൂ കോർപറേഷന്റെ പരിപ്പിന് ‘കേരള കാഷ്യൂസ്’ എന്ന നാമകരണം നൽകിയശേഷം ആദ്യമായാണ് ഇത്രയും കശുവണ്ടിപ്പരിപ്പ് കിറ്റുകളിലൂടെ വീടുകളിൽ എത്തുന്നത്. തൊഴിലാളികളും ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ഒറ്റക്കെട്ടായാണ് കശുവണ്ടിപ്പരിപ്പ് പാക്കറ്റിൽ നിറയ്ക്കുന്നത്.