കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
പൂവച്ചൽ ഉണ്ടപ്പാറ തെക്കുംകര ബിസ്മി മൻസിലിൽ റഫീഖാണ് (55) മരിച്ചത്
കാട്ടാക്കട: തെറ്റായ ദിശയിലൂടെ ഓടിച്ചുവന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പൂവച്ചൽ ഉണ്ടപ്പാറ തെക്കുംകര ബിസ്മി മൻസിലിൽ റഫീഖാണ് (55) മരിച്ചത്. പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം വെള്ളിയാഴ്ച വൈകീട്ട് 3.30- ഓടെയായിരുന്നു അപകടം.നെടുമങ്ങാട് ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും ഡ്രൈവർ തെറിച്ച് സമീത്തെ മതിലിൽ ഇടിച്ച് താഴെവീഴുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റഫീഖിനെ നാട്ടുകാർ ചേർന്ന് ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിന് ശേഷം ഓടി രക്ഷപ്പെടാൻ കാറിൽ വന്ന രണ്ടുപേരും ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി കാട്ടാക്കട പൊലീസിന് കൈമാറി. ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. കാറിൽ നിന്നും മദ്യക്കുപ്പികളും കണ്ടെടുത്തു. പൂവച്ചൽ ജങ്ഷൻ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് റഫീഖ്. ജില്ലാ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ(സി.ഐ.ടി.യു.) പൂവച്ചൽ യൂണിറ്റ് ജോ. സെക്രട്ടറിയുമാണ്. ഭാര്യ: ലത്തീഫാബീബി. മക്കൾ: ശുഹാദ്, ശുഭാദ്. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.