ഡിടിപിസി ജീവനക്കാര്‍ക്ക് ഓണം ബോണസ്: പരമാവധി ഒരു മാസത്തെ ശമ്പളം
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളിലെ (ഡിടിപിസി) ജീവനക്കാര്‍ക്ക് 2026ലെ ഓണം ബോണസ് അനുവദിക്കാന്‍ തീരുമാനം. ടൂറിസം, സാംസ്‌കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയില്‍ കെ.ടി.ഡി.സി. മസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിനും സ്ഥാപനത്തിന്റെ സാമ്പത്തിക ക്ഷമതയ്ക്കും വിധേയമായി സ്ഥിരം ജീവനക്കാര്‍ക്ക് പരമാവധി ഒരു മാസത്തെ ശമ്പളം വരെ ബോണസായി അനുവദിക്കാം. ഡിടിപിസികളിലെയും ഡിഎംസികളിലെയും കരാര്‍, ദിവസവേതന ജീവനക്കാര്‍ക്ക് ഇതേ മാനദണ്ഡത്തില്‍ പരമാവധി 11,500 രൂപ വരെ ബോണസ് അനുവദിക്കാനും യോഗം തീരുമാനിച്ചു. ഡിടിപിസികളുമായി ബന്ധപ്പെട്ട സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിനും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു. ഏകീകൃത ശമ്പള സ്‌കെയില്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ കഴിഞ്ഞ പത്തുവര്‍ഷമായി നടപടികളുണ്ടായിട്ടില്ലെന്ന് വിവിധ യൂണിയന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും സേവന-വേതന വ്യവസ്ഥകളിലെ ഏകീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പിന്നീട് വിശദമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് 2026ലെ ഓണം ബോണസിന് മാനദണ്ഡം നിശ്ചയിച്ചത്. ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു. ടൂറിസം വകുപ്പ് ഡയറക്ടര്‍ അഞ്ജന.എം, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിപുണ്‍ ജോസഫ്, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളായ വി. ആര്‍. പ്രതാപന്‍ (ലൈഫ് ഗാര്‍ഡ് എംപ്ലോയീസ് കോണ്‍ഗ്രസ്), വി.ആര്‍ ജയചന്ദ്രന്‍ (സി.ഐ.ടി.യു.), വിജയകുമാര്‍ ജി, കൊഞ്ചിറവിള വിനോദ് (കേരള പ്രദേശ് ഡി.ടി.പി.സി. എംപ്ലോയീസ് യൂണിയന്‍- ഐ.എന്‍.ടി.യു.സി.) , സജി സക്കറിയ (ഐ.എന്‍.ടി.യു.സി. കെ.ടി.ഡബ്ല്യു.സി.), ബിജു തോമസ് (ഐ.എന്‍.ടി.യു.സി. കെ.ടി.ഡബ്ല്യു.സി.), അബ്ദുറഹിമാന്‍ സി. (ഐ.എന്‍.ടി.യു.സി. കെ.ടി.ഡബ്ല്യു.സി.), കൃഷ്ണവേണി ജി. ശര്‍മ (ഐ.എന്‍.ടി.യു.സി. കെ.ടി.ഡബ്ല്യു.സി.), പി.പി അലി. (ഐ.എന്‍.ടി.യു.സി.) തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.


