'ഹോമിയോപ്പതിയിൽ നിർമ്മിതബുദ്ധിയുടെ ഉത്തരവാദിത്ത ഉപയോഗം' എന്ന വിഷയത്തിൽ NHRIMH കോട്ടയം ദേശീയ സെമിനാർ സംഘടിപ്പിച്ചു

ഹോമിയോപ്പതി ഗവേഷണത്തിലെ നിർമ്മിതബുദ്ധി-അധിഷ്ഠിത ക്ലിനിക്കൽ പരിഹാരങ്ങൾ, വ്യക്തിഗത പരിചരണം, ധാർമ്മിക ചട്ടക്കൂടുകൾ എന്നിവ സെമിനാർ ചർച്ച ചെയ്തു

Sep 1, 2026
'ഹോമിയോപ്പതിയിൽ നിർമ്മിതബുദ്ധിയുടെ ഉത്തരവാദിത്ത ഉപയോഗം' എന്ന വിഷയത്തിൽ NHRIMH കോട്ടയം ദേശീയ സെമിനാർ സംഘടിപ്പിച്ചു
nrhm kottayam
ന്യൂഡൽഹി  : 31 ആഗസ്റ്റ്  2026

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി (CCRH)-ക്ക് കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്ത് (NHRIMH), "ക്ലിനിക്കൽ പ്രാക്ടീസിലും ഹോമിയോപ്പതിയിലും നിർമ്മിതബുദ്ധിയുടെ പ്രയോഗം" എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. കോട്ടയം NHRIMH ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ "ബുദ്ധിയും കാരുണ്യവും സംഗമിക്കുന്നിടം" എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചത്. ആരോഗ്യസംരക്ഷണത്തിലും ഹോമിയോപ്പതി ഗവേഷണത്തിലും നിർമ്മിതബുദ്ധിയുടെ വളർന്നുവരുന്ന സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിദഗ്ദ്ധർ, അധ്യാപകർ, ഗവേഷകർ, ക്ലിനിക്കൽ വിദഗ്ദ്ധർ പ്രാക്ടീഷണർമാർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ ഒത്തുചേർന്നു.

കേന്ദ്ര ആയുഷ് മന്ത്രാലയം (സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ പ്രതാപ്‌റാവു ജാധവ് ചടങ്ങിനെ വെർച്വലായി അഭിസംബോധന ചെയ്തു. ആരോഗ്യസംരക്ഷണ മേഖലയിൽ നിർമ്മിതബുദ്ധിക്കുള്ള വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചും, പ്രത്യേകിച്ച് ഹോമിയോപ്പതി മേഖലയിൽ അതിന്റെ ഉത്തരവാദിത്ത ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകളുടെ ആവശ്യകതയെക്കുറിച്ചും മന്ത്രി  എടുത്തുപറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിൽ CCRH ഡയറക്ടർ ജനറൽ ഡോ. സുഭാഷ് കൗശിക് സംസാരിച്ചു. ആരോഗ്യസംരക്ഷണത്തിലും ഗവേഷണത്തിലും നിർമ്മിതബുദ്ധിയുടെ ഉത്തരവാദിത്ത ഉപയോഗം ഉറപ്പാക്കുന്നതിന്, അതിന്റെ സാധ്യതകളെക്കുറിച്ചും ധാർമ്മിക വശങ്ങളെക്കുറിച്ചും ഗവേഷകരും അധ്യാപകരും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആരോഗ്യസംരക്ഷണ മേഖലയിൽ നിർമ്മിതബുദ്ധി നടപ്പിലാക്കുമ്പോൾ മനുഷ്യന്റെ മേൽനോട്ടം, ശാസ്ത്രീയ സാധൂകരണം, വിവരങ്ങളുടെ  വിശ്വസനീയത, അനുയോജ്യമായ ധാർമ്മിക സുരക്ഷാമാനദണ്ഡങ്ങൾ എന്നിവ ഉണ്ടായിരിക്കണമെന്ന് ചർച്ചകൾ അടിവരയിട്ടു.

ചടങ്ങിന്റെ ഭാഗമായി,  മനോരോഗ ചികിത്സയിലും  മാനസികാരോഗ്യ ത്തിലും അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഒമ്പത് ഹോമിയോപ്പതി മെഡിക്കൽ കോളേജുകളുമായും ആശുപത്രികളുമായും ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. കൂടാതെ, വിവിധ വിഷയങ്ങളെ ഏകോപിപ്പിച്ചുള്ള ഗവേഷണത്തിനും സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിനുമായി ഏറ്റുമാനൂർ സേവാഭാരതിയുമായും ധാരണാപത്രം ഒപ്പുവെച്ചു.

ഇന്ത്യയിലുടനീളമുള്ള 12-ഓളം ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ നിന്നുള്ള പ്രതിനിധികളും കേരളത്തിലെ പ്രാക്ടീഷണർമാരും അധ്യാപകരും സെമിനാറിൽ പങ്കെടുത്തതായി NHRIMH അസിസ്റ്റന്റ് ഡയറക്ടറും (ഹോമിയോപ്പതി) ഓഫീസർ-ഇൻ-ചാർജുമായ ഡോ. ദേബദത്ത നായക് പറഞ്ഞു.  ആരോഗ്യസംരക്ഷണത്തിലും ഹോമിയോപ്പതിയിലുമുള്ള നിർമ്മിതബുദ്ധി ഉപയോഗത്തെക്കുറിച്ച് ആശയവിനിമയം നടത്തുന്നതിനുള്ള മികച്ച വേദിയായി പരിപാടി മാറി.

CCRH ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. കെ. സി. മുരളീധരൻ, നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി (NCH) മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിംഗ് ബോർഡ് (MARB) മുൻ പ്രസിഡന്റ് ഡോ. ജനാർദ്ദനൻ നായർ, കോട്ടയം NHRIMH റീജിയണൽ സയന്റിഫിക് അഡ്വൈസറി കമ്മിറ്റി ചെയർമാൻ പ്രൊഫ. (ഡോ.) ഈശ്വര ദാസ് എന്നിവരും സംസാരിച്ചു. ക്ലിനിക്കൽ പരിഹാര സഹായങ്ങളിൽ നിർമ്മിതബുദ്ധിയുടെ പങ്ക്, ഹോമിയോപ്പതിയിലെ നിർമ്മിതബുദ്ധി പ്രയോഗങ്ങൾ, അടിസ്ഥാനപരമായ ക്ലിനിക്കൽ ഗവേഷണങ്ങളിൽ നിർമ്മിതബുദ്ധിയുടെ ധാർമ്മിക വശങ്ങൾ എന്നിവയിൽ കേന്ദ്രീകരിച്ചുള്ള നാല് സാങ്കേതിക സെഷനുകൾ ഉൾപ്പെട്ടതായിരുന്നു പരിപാടി.

ഹോമിയോപ്പതി ഗവേഷണത്തിലും ക്ലിനിക്കൽ പ്രാക്ടീസിലും ശാസ്ത്രീയ നവീകരണം, ബഹുവിഷയ സഹകരണം, പുതിയ സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്ത ഉപയോഗം എന്നിവ നടപ്പിലാക്കുന്നതിൽ CCRH-നും കോട്ടയം NHRIMH-നുമുള്ള പ്രതിബദ്ധതയാണസെമിനാർ വെളിവാക്കുന്നത്. ഈ ഉദ്യമം അക്കാദമിക്-ഗവേഷണ ശൃംഖലകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആരോഗ്യസംരക്ഷണത്തിലും ഹോമിയോപ്പതിയിലും നിർമ്മിതബുദ്ധി സൃഷ്ടിക്കുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള വ്യക്തമായ ചർച്ചകൾക്ക് വഴിതെളിക്കുമെന്നും പ്രതീക്ഷിക്കുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.