ഐ.എസ്.ആർ.ഒ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി ശ്രീ എൻ. ജയൻ നിയമിതനായി
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ) പ്രമുഖ കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ (എൽ.പി.എസ്.സി) ഡയറക്ടറായി ശ്രീ എൻ. ജയൻ നിയമിതനായി.
വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ (വി.എസ്.എസ്.സി) എൽ.പി.എസ്.സിയുടെ അസോസിയേറ്റ് ഡയറക്ടർ, ക്രയോജനിക് സ്റ്റേജ് പ്രോജക്റ്റിന്റെ പ്രോജക്ട് ഡയറക്ടർ, നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻ.ജി.എൽ.വി) പ്രോജക്റ്റിന്റെ പ്രോജക്ട് ഡയറക്ടർ തുടങ്ങി നിരവധി പ്രധാന സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ക്രയോജനിക് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയുടെ തദ്ദേശീയ വികസനത്തിൽ ശ്രീ ജയൻ നിർണായക പങ്ക് വഹിച്ചു. ഇന്ത്യയുടെ ബഹിരാകാശ പരിപാടിയിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി, ജി.എസ്.എൽ.വി എം.കെ III (എൽ.വി.എം 3) വിക്ഷേപണ വാഹനത്തിന് ശക്തി പകരുന്ന സി.ഇ.20 ക്രയോജനിക് എഞ്ചിൻ വികസിപ്പിച്ച സംഘത്തെ അദ്ദേഹം നയിച്ചു.
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ (സി.ഇ.ടി) നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്കും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐ.ഐ.എസ്.സി) നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ മാസ്റ്റർ ഓഫ് എഞ്ചിനീയറിംഗും (എം.ഇ.) സ്വർണ്ണ മെഡലോടെ അദ്ദേഹം പൂർത്തിയാക്കി.
ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകളെ മാനിച്ച്, ശ്രീ ജയന് നിരവധി അഭിമാനകരമായ ബഹുമതികൾ ലഭിച്ചിട്ടുണ്ട്, അതിൽ ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ സ്പേസ് ഗോൾഡ് മെഡലും മൂന്ന് ഐഎസ്ആർഒ ടീം അവാർഡുകളും ഉൾപ്പെടുന്നു. 2025-ൽ, ബഹിരാകാശ ഗവേഷണത്തിന് നൽകിയ അസാധാരണ സംഭാവനകൾക്ക് ആദരണീയയായ ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് ശാസ്ത്ര മേഖലയിലെ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരവും ലഭിച്ചു. ഭാര്യ ശ്രീമതി ശോഭ ജയൻ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനിൽ സീനിയർ അക്കൗണ്ട്സ് ഓഫീസറാണ്. ശ്വേത, സിദ്ധാർത്ഥ് എന്നിവരാണ് മക്കൾ. ശ്രീ എൻ. ജയൻ തിരുവനന്തപുരം മണ്ണാമൂല സ്വദേശിയാണ്.


