2024 ൽ പുതിയ ഉയരങ്ങൾ കീഴടക്കി ഉൽപ്പാദന മേഖല
അർദ്ധചാലക നിർമ്മാണം: ഒരു ഗെയിം ചെയ്ഞ്ചർ
രാജ്യത്തെ വിവിധ വ്യവസായങ്ങളിൽ ഉടനീളം റെക്കോർഡ് നേട്ടങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട 2024, ഇന്ത്യയുടെ ഉൽപ്പാദന മേഖലയ്ക്ക് ഒരു നാഴികക്കല്ലായ വർഷമാണ്. ലോകത്തെ മൂന്നാമത്തെ വലിയ സ്‌മാർട്ട്‌ഫോൺ കയറ്റുമതിക്കാരായി ഇന്ത്യയെ ഉയർത്തിയ ഇലക്‌ട്രോണിക്‌സ് മേഖല മുതൽ കൽക്കരി, സ്റ്റീൽ എന്നിവയുടെ അസാമാന്യമായ ഉൽപ്പാദനം വരെയുള്ള മുന്നേറ്റങ്ങളുമായി രാജ്യം ആഗോളതലത്തിൽ അതിൻ്റെ സാന്നിധ്യം അറിയിച്ചു.
എന്നാൽ ഈ നാഴികക്കല്ലുകൾ കേവലം ഒരു വർഷത്തെ പരിശ്രമത്തിൻ്റെ ഫലമല്ല. വർഷങ്ങളായുള്ള സ്ഥിരതയാർന്ന പ്രവർത്തനങ്ങൾ, തന്ത്രപരമായ നിക്ഷേപങ്ങൾ, ഗവണ്മെന്റ് ഉദ്യമങ്ങൾ എന്നിവയുടെ പരിണിത ഫലത്തെയാണ് അവ പ്രതിനിധീകരിക്കുന്നത്.
കഴിഞ്ഞ ദശകത്തിലുടനീളം രാജ്യം സ്ഥിരമായി ഒരു ആഗോള ഉൽപ്പാദന കേന്ദ്രമായി നിലകൊള്ളുന്നു. ആഭ്യന്തരവും ആഗോളവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പര്യാപ്തമായ അസംസ്‌കൃത ഉരുക്കിന്റെ റെക്കോർഡ് ഉൽപ്പാദനം മുതൽ ഇലക്ട്രിക് വാഹനങ്ങളിലും ഉപഭോക്തൃ ഇലക്ട്രോണിക്‌സിലും ഉണ്ടായ മുന്നേറ്റം വരെ. കളിപ്പാട്ടങ്ങൾ പോലെ ഒരു കാലത്ത് വളർച്ച മുരടിച്ചതായി കണക്കാക്കപ്പെട്ടിരുന്ന മേഖലകളിൽ ഇപ്പോൾ കയറ്റുമതി 239% വർദ്ധിക്കുകയും ഇറക്കുമതി 52% കുറയ്ക്കുകയും ചെയ്തുകൊണ്ട് അഭൂതപൂർവമായ വികാസം ഉണ്ടായിരിക്കുന്നു. ഇന്ത്യയുടെ മരുന്ന് നിർമ്മാണ വ്യവസായത്തിന് ഇപ്പോൾ 748 യുഎസ്എഫ്ഡിഎ-അംഗീകൃത സൈറ്റുകൾ ഉണ്ടെന്നുള്ളത് അതിൻ്റെ ലോകോത്തര ഉൽപ്പാദന ശേഷിയുടെ തെളിവാണ്. സോളാർ പാനലുകളുടെയും കാറ്റാടിയെന്ത്രങ്ങളുടെയും ഉൽപാദനത്തിലെ കുതിച്ചുചാട്ടം പുനരുപയോഗ ഊർജത്തോടുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
ഗവണ്മെന്റ് ഉദ്യമങ്ങളുടെയും സ്വകാര്യ നവപ്രവർത്തനങ്ങളുടെയും പിന്തുണയോടെയുള്ള ഈ ബഹു-മേഖലാ വളർച്ച, സാമ്പത്തിക പ്രതിരോധത്തിലേക്കും ആഗോള മത്സരക്ഷമതയിലേക്കുമുള്ള കൂട്ടായ മുന്നേറ്റത്തിന് അടിവരയിടുന്നു.
ഇന്ത്യയുടെ നിർമ്മാണ മേഖല 2024-ൽ ശ്രദ്ധേയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് ഒരു ആഗോള ശക്തി കേന്ദ്രമായി മാറുന്നതിന് അടിവരയിടുന്നു. ഇന്ത്യയെ ഒരു നിർമ്മാണ ഭീമനായി മാറ്റുന്നതിന് ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തികൊണ്ടിരിക്കുന്ന മേക്ക് ഇൻ ഇന്ത്യ സംരംഭവും 2024 -ൽ 10 വർഷം പൂർത്തിയാക്കി.
ഇന്ത്യക്കാർ ഒരിക്കലും സ്വാധീനം ചെലുത്തുമെന്ന് കരുതിയിട്ടില്ലാത്ത മേഖലകൾ ഉൾപ്പെടെ എല്ലാ മേഖലകളിലും ‘മേക്ക് ഇൻ ഇന്ത്യ’ യുടെ മുദ്ര ദൃശ്യമായി. കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയുടെ ഉൽപ്പാദന മേഖല ഗണ്യമായ പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. ഇത് പ്രധാനമായും ‘മേക്ക് ഇൻ ഇന്ത്യ’ എന്ന ഉദ്യമത്തിലൂടെയാണ് മുന്നേറിയത്. 14 മേഖലകളിലായി ഉൽപ്പാദന ബന്ധിത പ്രോത്സാഹന (പിഎൽഐ) പദ്ധതികൾ അവതരിപ്പിക്കുകയും 1.28 ലക്ഷം കോടി രൂപയിലധികം നിക്ഷേപം ആകർഷിക്കുകയും 8.5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തത് പ്രധാന സംഭവവികാസങ്ങളിൽ ഉൾപ്പെടുന്നു. കളിപ്പാട്ട കയറ്റുമതിയിൽ 239% വർധനയും മൊബൈൽ ഫോൺ ഉൽപ്പാദനത്തിൽ 600% ഉയർച്ചയും പോലുള്ള ശ്രദ്ധേയമായ നേട്ടങ്ങളോടെ ഈ ഉദ്യമങ്ങൾ ഇലക്ട്രോണിക്സ്, സ്റ്റീൽ, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധ ഉത്പാദനം എന്നിവയിലെ വളർച്ചയ്ക്ക് ഉത്തേജനം നൽകി.
ഉൽപ്പാദനം ഇരട്ടിയായതോടെ ഇന്ത്യ ഉരുക്കിന്റെ മൊത്ത കയറ്റുമതിക്കാരായി മാറുകയും ഫാർമസ്യൂട്ടിക്കൽസിലും ടെലികോം ഉപകരണങ്ങളിലും ഇറക്കുമതിയെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുകയും ചെയ്തു. കുതിച്ചുയർന്ന പ്രതിരോധ കയറ്റുമതി 85-ലധികം രാജ്യങ്ങളിൽ എത്തിയപ്പോൾ 2024-ഓടെ ആഗോള ഉൽപ്പാദന നിലവാരം ഉയർത്തിക്കൊണ്ട് അർദ്ധചാലക നിർമ്മാണത്തിലും പുനരുപയോഗ ഊർജത്തിലും രാജ്യം കുതിച്ചുയർന്നു.
2023-24 സാമ്പത്തിക വർഷത്തിൽ 9.5% ഉയർന്ന വ്യാവസായിക വളർച്ചാ നിരക്കോടെ മൊത്തം 8.2% സാമ്പത്തിക വളർച്ച കൈവരിക്കുകയും ഉല്പാദന നിർമ്മാണ മേഖലകളിലെ വളർച്ച നിരക്ക് ഇരട്ട അക്കത്തോട് അടുക്കുകയും ചെയ്തു.
കഴിഞ്ഞ ഒരു ദശകത്തിലെ സുസ്ഥിരമായ പരിശ്രമങ്ങളുടെയും തന്ത്രപരമായ ഇടപെടലുകളുടെയും പരിണിതഫലമാണ് മേക്ക് ഇൻ ഇന്ത്യ കാമ്പെയ്‌നിൻ്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഈ വളർച്ച പ്രതിഫലിപ്പിക്കുന്നത്.
2024-ലെ നയങ്ങളും അടിസ്ഥാന സൗകര്യ വികസന ഉദ്യമങ്ങളും
നിരവധി ഉദ്യമങ്ങൾ 2024-ൽ ഇന്ത്യയുടെ ഉല്പാദന ആവാസവ്യവസ്ഥയെ കൂടുതൽ കാര്യക്ഷമമാക്കി:
- ജൻ വിശ്വാസ് 2.0 ബിൽ ആവിഷ്കരിച്ചത് ബിസിനസ്സ് ചെയ്യാനുള്ള സാഹചര്യങ്ങൾ കൂടുതൽ ലളിതമാക്കി.
- 100 നഗരങ്ങൾക്ക് സമീപം സാധ്യമാക്കിയ പ്ലഗ് ആൻഡ് പ്ലേ വ്യവസായ പാർക്കുകളുടെ വികസനം നിക്ഷേപങ്ങളെ ആകർഷിച്ചു.
- ക്രിട്ടിക്കൽ മിനറൽ മിഷൻ്റെ ആവിർഭാവം ആഭ്യന്തര ഉൽപ്പാദനവും പുനരുപയോഗവും ഉൾപ്പെടെയുള്ള അവശ്യ വിഭവങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കി.
- കൂടാതെ, പുതിയ ബയോ-മാനുഫാക്ചറിംഗ്, ബയോ-ഫൗണ്ടറി പദ്ധതികളുടെ തുടക്കം ഇന്ത്യയെ ജൈവ ഉൽപ്പാദനത്തിൽ നേതൃസ്‌ഥാനത്തേയ്ക്ക് ഉയർത്തുമെന്ന പ്രതീക്ഷ നൽകുന്നു.
പ്രധാന വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നു
2014 മുതൽ ഉൽപ്പാദനം 50% വർധിപ്പിച്ചുകൊണ്ടും 2024 സാമ്പത്തിക വർഷം എക്കാലത്തെയും ഉയർന്ന സ്റ്റീൽ ഉൽപ്പാദനവും ഉപഭോഗ നിലവാരവും കൈവരിച്ചുകൊണ്ടും ഇന്ത്യ ഉരുക്ക് ഉൽപ്പന്നങ്ങളുടെ മൊത്ത കയറ്റുമതിക്കാരായിമാറി.
ഊർജ സുരക്ഷയിൽ നിർണായകമായ കൽക്കരി മേഖല 2024 സാമ്പത്തിക വർഷത്തിൽ 997.2 ദശലക്ഷം ടൺ ഉത്പാദനം നടത്തുകയും കഴിഞ്ഞ ദശകത്തിൽ 60% വളർച്ചയോടെ ഇറക്കുമതി ആശ്രിതത്വം കുറക്കുകയും ചെയ്തു.
50 ബില്യൺ ഡോളർ മൂല്യമുള്ള ഫാർമസ്യൂട്ടിക്കൽ വ്യവസായം അതിന്റെ വ്യാപ്തി അനുസരിച്ച് ലോകത്തിലെ മൂന്നാമത്തെ വലിയ വ്യവസായമായി തുടരുന്നു. പി എൽ ഐ സ്‌കീമുകൾക്ക് കീഴിലുള്ള 30,000 കോടി രൂപയുടെ നിക്ഷേപങ്ങൾ ബയോസിമിലറുകൾ, വാക്‌സിനുകൾ, ജനറിക് മരുന്നുകൾ എന്നിവയുടെ വളർച്ചയ്ക്ക് ഉത്തേജനം നൽകികൊണ്ട് താങ്ങാനാവുന്ന ആരോഗ്യപരിരക്ഷ മാർഗങ്ങളിലുള്ള ഇന്ത്യയുടെ ആഗോള നേതൃത്വം ദൃഢമാക്കി.
എംഎസ് എംഇ യുടെ സംഭാവനകൾ അഭിവൃദ്ധിപ്പെടുന്നു
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) മൊത്തം ഉൽപ്പാദനത്തിൻ്റെ 35% വും കയറ്റുമതിയുടെ 45% വും സംഭാവന ചെയ്തുകൊണ്ട് ഇന്ത്യയുടെ ഉൽപ്പാദന മേഖലയുടെ നട്ടെല്ലായി തുടരുന്നു. 2024 ലെ കണക്കനുസരിച്ച് 6.78 ലക്ഷം കോടി രൂപയുടെ 92 ലക്ഷം ഗ്യാരണ്ടികൾ നൽകിയ വായ്പ പദ്ധതികളിൽ നിന്ന് പ്രയോജനം ലഭിച്ച, 4.7 കോടി എംഎസ്എംഇ കൾ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാമും 2024 സാമ്പത്തിക വർഷത്തിൽ 89,000 മൈക്രോ യൂണിറ്റുകളെ പിന്തുണച്ചുകൊണ്ട് 7.13 ലക്ഷം പേർക്ക് തൊഴിലവസരം നൽകി.
പിഎൽ ഐ: ഗെയിം ചെയ്ഞ്ചർ
ഇന്ത്യയുടെ ഉല്പാദന ബന്ധിത പ്രോത്സാഹന (പിഎൽഐ) പദ്ധതികൾ ഉൽപ്പാദന മേഖലയെ ത്വരിതപ്പെടുത്തുന്നതിൽ പരിവർത്തനാത്മകമായ പങ്ക് വഹിച്ചുകൊണ്ട് വ്യാവസായിക ഉൽപ്പാദനത്തിൻ്റെ ആഗോള കേന്ദ്രമാക്കി രാജ്യത്തെ മാറ്റി.
ഉല്പാദന ബന്ധിത പ്രോത്സാഹന (പിഎൽഐ) പദ്ധതികൾ 1.28 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം സാധ്യമാക്കികൊണ്ട് 8.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കയറ്റുമതി 4 ലക്ഷം കോടി രൂപയായി വർധിപ്പിക്കുകയും ചെയ്തു.
ഇത് 10.8 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനത്തിലേക്കും വിൽപ്പനയിലേക്കും നയിക്കുകയും നമ്മുടെ നയത്തിൻ്റെ കാര്യമായ സ്വാധീനം പ്രകടമാക്കുകയും ചെയ്യുന്നു.
ഇലക്‌ട്രോണിക്‌സ് ഉൽപ്പാദന മേഖല പ്രത്യേകിച്ചും, ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. മേഖലയിലെ ആഭ്യന്തര ഉൽപ്പാദനം 2014 ലെ 1.9 ലക്ഷം കോടി രൂപയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 400% വർദ്ധിച്ച് 8.22 ലക്ഷം കോടി രൂപയായി.
ഇതിൽ മൊബൈൽ ഫോൺ മേഖലയും ഉൾപ്പെടുന്നു. ഈ മേഖലയിൽ 2017 സാമ്പത്തിക വർഷത്തിനും 2022 സാമ്പത്തിക വർഷത്തിനും ഇടയിൽ നേരിട്ടുള്ള തൊഴിലുകളുടെ എണ്ണം മൂന്നിരട്ടിയിലധികം വർധിക്കുകയും ഇതിലൂടെ വനിതാ തൊഴിലാളികൾക്ക് കാര്യമായി പ്രയോജനം ലഭിക്കുകയും ചെയ്തു.
പദ്ധതിക്ക് കീഴിലുള്ള 30,000 കോടി രൂപയുടെ നിക്ഷേപത്തിലൂടെ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്കും കാര്യമായ നേട്ടമുണ്ടായി. ഇത് എപിഐകൾ, വാക്സിനുകൾ, ബയോസിമിലറുകൾ, ബയോളജിക്സ് എന്നിവയുടെ ഉൽപ്പാദനത്തിലുള്ള ഇന്ത്യയുടെ കഴിവിനെ ശക്തിപ്പെടുത്തുകയും ലോകത്തിലെ മൂന്നാമത്തെ വലിയ ഫാർമസ്യൂട്ടിക്കൽ വിപണിയെന്ന സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. അതുപോലെ, എയർകണ്ടീഷണറുകൾ, എൽഇഡി ലൈറ്റുകൾ തുടങ്ങിയ ഉത്പന്നങ്ങൾക്കുള്ള പിഎൽഐ പിന്തുണ, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
ഉരുക്ക് മേഖലയിൽ ശ്രദ്ധേയമായ പരിവർത്തനം സംഭവിക്കുകയും 2014 മുതൽ ഉൽപ്പാദനം 70% വർദ്ധിപ്പിച്ചുകൊണ്ട് ഇന്ത്യയെ ഉരുക്ക് ഉൽപ്പന്നങ്ങളുടെ മൊത്ത കയറ്റുമതിക്കാരാക്കി മാറ്റുകയും ചെയ്തു. പിഎൽ ഐ പദ്ധതികളുടെ വിജയം പുതിയ മേഖലകളിലേക്കും വ്യാപിച്ചു. 2024 വർഷം ജൈവഉത്പന്ന നിർമ്മാണത്തിനുള്ള പ്രോത്സാഹനങ്ങൾക്കും ഇലക്ട്രിക്ക് വാഹനങ്ങളും അർദ്ധചാലകങ്ങളും പോലുള്ള നിർമ്മാണ മേഖലകൾക്ക് ആവശ്യമായ വിഭവങ്ങൾ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള ക്രിട്ടിക്കൽ മിനറൽ മിഷൻ്റെ സമാരംഭത്തിനും സാക്ഷ്യം വഹിച്ചു.
വൻ തോതിലുള്ള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും കയറ്റുമതി വർധിപ്പിക്കുന്നതിലൂടെയും പിഎൽഐ പദ്ധതികൾ ഇന്ത്യയെ ആഗോള മൂല്യ ശൃംഖലയിലെ നിർണായക ഘടകമായി ഉയർത്തി. ശക്തമായ ഒരു ഉൽപ്പാദന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സുസ്ഥിരമായ സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഈ ഉദ്യമങ്ങൾ അടിവരയിടുന്നു.
ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ സ്കീം, 40,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുകയും 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അതേസമയം തന്നെ സൗരോർജ്ജ ശേഷി 2014 മുതൽ 25 മടങ്ങ് വർദ്ധിച്ചത് ഇന്ത്യയുടെ ശുദ്ധമായ ഊർജ്ജ പ്രതിബദ്ധതയെ പ്രകടമാക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദശകത്തിൽ, തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതി 20% വർദ്ധിച്ച് 2.97 ലക്ഷം കോടി രൂപയിലെത്തുകയും ഈ രംഗത്തെ മികച്ച അഞ്ച് ആഗോള കയറ്റുമതി രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുകയും ചെയ്തു.
അർദ്ധചാലക നിർമ്മാണം: ഒരു ഗെയിം ചെയ്ഞ്ചർ
ഇന്ത്യയുടെ അർദ്ധചാലക വ്യവസായം 2024-ൽ ചരിത്രപരമായ വഴിത്തിരിവിലെത്തി. ഓട്ടോമോട്ടീവ്, ഇലക്ട്രിക് വാഹനങ്ങൾ മുതൽ ഉപഭോക്തൃ ഇലക്ട്രോണിക്സ്, ടെലികോം എന്നിവ വരെയുള്ള ആപ്ലിക്കേഷനുകൾക്കായി അർദ്ധചാലകങ്ങൾ ഉൽപ്പാദിപ്പിച്ചുകൊണ്ട് 2,500 കോടി ചിപ്പുകളുടെ വാർഷിക ശേഷി കൈവരിക്കാൻ രാജ്യം സജ്ജമായി.
100 ബില്യൺ ഡോളർ മുതൽ മുടക്കിൽ ഇന്ത്യയിലെ ആദ്യത്തെ അർദ്ധചാലക ഫാബ്രിക്കേഷൻ പ്ലാൻ്റ് സ്ഥാപിക്കുന്നത് പ്രതിരോധം, ഇവികൾ, ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ സേവനം നൽകുകയും പ്രതിമാസം 50,000 വേഫർ സ്റ്റാർട്ടുകളുടെ ഉത്പാദനം സുഗമമാക്കുകയും ചെയ്തു. നൂതന ചിപ്പുകളുടെ ആഗോള ആവശ്യം നേരിടാനായി ഇന്ത്യൻ കമ്പനികളും സിലിക്കൺ കാർബൈഡ് ഉപകരണങ്ങൾ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഇതിന് സമാന്തരമായി, സ്വകാര്യമേഖലയിലെ സംരംഭങ്ങളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപ അനുവദിച്ച നാഷണൽ റിസർച്ച് ഫൗണ്ടേഷൻ പോലുള്ള ഉദ്യമങ്ങളിലൂടെ, അർദ്ധചാലക നിർമ്മാണത്തിലെ ഗവേഷണം പുതിയ ഉയരങ്ങൾ കീഴടക്കി.
കൂടാതെ, വരാനിരിക്കുന്ന ഭാരത് അർദ്ധചാലക ഗവേഷണ കേന്ദ്രം, അർദ്ധചാലക ജിസിസികളും ഐഐടികളും തമ്മിലുള്ള പങ്കാളിത്തം എന്നിവ എഞ്ചിനീയർമാരെ മികവുറ്റവരാക്കുകയും അടുത്ത തലമുറ ചിപ്പ് വികസനം ത്വരിതപ്പെടുത്തുകയും ചെയ്യും.
തന്ത്രപ്രധാനമായ നയങ്ങൾ, ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ, ഗണ്യമായ നിക്ഷേപങ്ങൾ എന്നിവയിലൂടെ, ഇന്ത്യയുടെ ഉൽപ്പാദന മേഖല അഭൂതപൂർവമായ വളർച്ച കൈവരിക്കുന്നതിനും നവീകരണത്തിനും ആഗോള മത്സരക്ഷമതയ്ക്കും പുതിയ മാനദണ്ഡങ്ങൾ ഒരുക്കുന്നതിനുമുള്ള പാതയിലാണ്.