പ്രധാനമന്ത്രി ‘മിഷൻ മൗസ’ത്തിന് തുടക്കംകുറിച്ചു; ‘ഐഎംഡി വിഷൻ-2047’ രേഖ പുറത്തിറക്കി
സ്മാരക തപാൽ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
ഐഎംഡിയുടെ ഈ 150 വർഷങ്ങൾ കോടിക്കണക്കിന് ഇന്ത്യക്കാരെ സേവിക്കുന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ യാത്ര മാത്രമല്ല; നമ്മുടെ രാജ്യത്തെ ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ മഹത്തായ യാത്ര കൂടിയാണ്: പ്രധാനമന്ത്രി
ശാസ്ത്രസ്ഥാപനങ്ങളിലെ ഗവേഷണവും നവീകരണവും നവ ഇന്ത്യയുടെ സ്വഭാവത്തിന്റെ ഭാഗമാണ്; കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഐഎംഡിയുടെ അടിസ്ഥാനസൗകര്യങ്ങളും സാങ്കേതികവിദ്യയും അഭൂതപൂർവമായ രീതിയിൽ വികസിച്ചു: പ്രധാനമന്ത്രി
ഇന്ത്യയെ ‘ക്ലൈമറ്റ്-സ്മാർട്ട്’ രാഷ്ട്രമാക്കുന്നതിനായി ഞങ്ങൾ ‘മിഷൻ മൗസം’ ആരംഭിച്ചു; സുസ്ഥിരഭാവിക്കും ഭാവിസന്നദ്ധതയ്ക്കുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതീകമാണ് മിഷൻ മൗസം: പ്രധാനമന്ത്രി
നമ്മുടെ കാലാവസ്ഥാരംഗത്തെ പുരോഗതിയുടെ പശ്ചാത്തലത്തിൽ നാം ദുരന്തനിവാരണശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ട്; ലോകം മുഴുവൻ ഇതിൽ നിന്ന് പ്രയോജനം നേടുന്നു; നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് നമ്മുടെ പ്രളയമുന്നറിയിപ്പ് സംവിധാനം വിവരങ്ങൾ നൽകുന്നു: പ്രധാനമന്ത്രി
ന്യൂഡൽഹി : 2025 ജനുവരി 14
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) 150-ാമത് സ്ഥാപക ദിനാഘോഷങ്ങളിൽ പങ്കെടുത്തു. ഐഎംഡിയുടെ 150 വർഷം വകുപ്പിന്റെ യാത്രയെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നതെന്നും ഇന്ത്യയിലെ ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അഭിമാനകരമായ യാത്രയെ കൂടി ഇതു പ്രതിനിധാനം ചെയ്യുന്നുവെന്നും സദസിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഒന്നര നൂറ്റാണ്ടായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ സേവിച്ച IMD ഇന്ത്യയുടെ ശാസ്ത്ര പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പ്രകീർത്തിച്ചു. IMD യുടെ നേട്ടങ്ങളെക്കുറിച്ചുള്ള സ്മാരക തപാൽ സ്റ്റാമ്പും നാണയവും ഇന്ന് പുറത്തിറക്കിയതായി ശ്രീ മോദി പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുന്ന 2047 ൽ IMD യുടെ ഭാവിയെക്കുറിച്ച് വിവരിക്കുന്ന വീക്ഷണരേഖ പ്രകാശനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. IMD യുടെ 150-ാം വാർഷികത്തിന്റെ ഈ സുപ്രധാന അവസരത്തിൽ അദ്ദേഹം ജനങ്ങൾക്ക് ആശംസകൾ നേർന്നു.
150 വർഷത്തെ യാത്രയുടെ ഭാഗമായി യുവാക്കളെ ഉൾപ്പെടുത്തുന്നതിനായി IMD ദേശീയ കാലാവസ്ഥാ ഒളിമ്പ്യാഡ് സംഘടിപ്പിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തുവെന്നും ഇത് കാലാവസ്ഥാ ശാസ്ത്രത്തിലുള്ള അവരുടെ താൽപ്പര്യം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറച്ചു മുൻപ് നടന്ന പ്രദർശനത്തിൽ യുവാക്കളുമായി ആശയവിനിമയം നടത്തിയത് ശ്രീ മോദി അനുസ്മരിച്ചു. ഇന്ന് ഈ അവസരത്തിന്റെ ഭാഗമായ എല്ലാ യുവാക്കളെയും അഭിനന്ദിക്കുകയും ചെയ്തു.
മകരസംക്രാന്തിയോട് വളരെ അടുത്ത് 1875 ജനുവരി 15 നാണ് ഐഎംഡി സ്ഥാപിതമായതെന്ന് എടുത്തുകാട്ടിയ ശ്രീ മോദി, "ഇന്ത്യയുടെ പാരമ്പര്യത്തിൽ മകരസംക്രാന്തിയുടെ പ്രാധാന്യം നമുക്കെല്ലാവർക്കും അറിയാം" എന്നു വ്യക്തമാക്കി. ഗുജറാത്തിൽ നിന്നുള്ള വ്യക്തി എന്ന നിലയിൽ, തന്റെ പ്രിയപ്പെട്ട ഉത്സവം മകരസംക്രാന്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകരസംക്രാന്തി സൂര്യന്റെ മകരം രാശിയിലേക്കുള്ള പരിവർത്തനത്തെയും ഉത്തരായനം എന്നറിയപ്പെടുന്ന അതിന്റെ വടക്കോട്ടുള്ള നീക്കത്തെയും അടയാളപ്പെടുത്തുന്നതായി ശ്രീ മോദി പറഞ്ഞു. വടക്കൻ അർദ്ധഗോളത്തിൽ സൂര്യപ്രകാശത്തിന്റെ ക്രമാനുഗതമായ വർദ്ധനയാണ് ഈ കാലയളവ് സൂചിപ്പിക്കുന്നതെന്നും ഇത് കൃഷിക്കുള്ള തയ്യാറെടുപ്പുകളിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്ക് നിന്ന് തെക്ക് വരെയും കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും ഇന്ത്യയിലുടനീളം വിവിധ സാംസ്കാരിക പ്രകടനങ്ങളോടെ മകരസംക്രാന്തി ആഘോഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ അവസരത്തിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം ആശംസകൾ നേർന്നു.
"ഒരു രാജ്യത്തിന്റെ ശാസ്ത്ര സ്ഥാപനങ്ങളുടെ പുരോഗതി അതിന്റെ ശാസ്ത്ര അവബോധത്തെ പ്രതിഫലിപ്പിക്കുന്നു"- ശ്രീ മോദി പറഞ്ഞു. ശാസ്ത്ര സ്ഥാപനങ്ങളിലെ ഗവേഷണവും നവീകരണവും നവ ഇന്ത്യയുടെ സ്വഭാവത്തിന് അവിഭാജ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ, ഐഎംഡിയുടെ അടിസ്ഥാനസൗകര്യങ്ങളും സാങ്കേതികവിദ്യയും അഭൂതപൂർവമായ വികാസം കൈവരിച്ചിട്ടുണ്ടെന്നും ഡോപ്ലർ വെതർ റഡാറുകൾ, ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ, റൺവേ വെതർ മോണിറ്ററിംഗ് സിസ്റ്റങ്ങൾ, ജില്ല തിരിച്ചുള്ള മഴ നിരീക്ഷണ നിലയങ്ങൾ എന്നിവയുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ കാലാവസ്ഥാ ശാസ്ത്രത്തിന് ബഹിരാകാശ-ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ നിന്ന് വളരെയധികം പ്രയോജനം ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മൈത്രി, ഭാരതി എന്നീ പേരുകളിൽ ഇന്ത്യക്ക് രണ്ട് കാലാവസ്ഥാ നിരീക്ഷണാലയങ്ങളുണ്ടെന്നും കഴിഞ്ഞ വർഷം ആർക്ക്, അരുണിക എന്നീ സൂപ്പർ കമ്പ്യൂട്ടറുകൾ അവതരിപ്പിച്ചുവെന്നും ഇത് ഐഎംഡിയുടെ വിശ്വാസ്യത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിര ഭാവിക്കും ഭാവി തയ്യാറെടുപ്പിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന 'മിഷൻ മൗസം' ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എല്ലാ കാലാവസ്ഥയ്ക്കും രാജ്യം തയ്യാറാണെന്ന് ഉറപ്പാക്കാനും ‘ക്ലൈമറ്റ്-സ്മാർട്ട്’ രാഷ്ട്രമായി മാറാനും ഇതു സഹായകമാകും.
പുതിയ ഉയരങ്ങളിലെത്തുന്നതിൽ മാത്രമല്ല, സാധാരണക്കാരുടെ ജീവിതം സുഗമമാക്കുന്നതിലും ശാസ്ത്രത്തിന്റെ പ്രസക്തി ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നുവെന്ന് ഉറപ്പാക്കി, ഐഎംഡി ഈ മാനദണ്ഡത്തിൽ മുന്നേറിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'എല്ലാവർക്കും കാലേക്കൂട്ടി മുന്നറിയിപ്പ്' എന്ന സംരംഭം ഇപ്പോൾ ജനസംഖ്യയുടെ 90 ശതമാനത്തിലധികവും ഉൾക്കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞതും വരാനിരിക്കുന്നതുമായ 10 ദിവസത്തെ കാലാവസ്ഥാ വിവരങ്ങൾ ആർക്കും എപ്പോൾ വേണമെങ്കിലും പ്രാപ്യമാക്കാൻ കഴിയുമെന്നും പ്രവചനങ്ങൾ വാട്ട്‌സ്ആപ്പിൽ പോലും ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'മേഘ്‌ദൂത് മൊബൈൽ ആപ്പ്' എല്ലാ പ്രാദേശിക ഭാഷകളിലും കാലാവസ്ഥാ വിവരങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 10 വർഷം മുമ്പ് 10 ശതമാനം കർഷകരും കന്നുകാലി ഉടമകളും മാത്രമാണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നത് എങ്കിൽ, ഇന്നത് 50% ആയി വർദ്ധിച്ചതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്ന് ഇടിമിന്നൽ മുന്നറിയിപ്പുകൾ മൊബൈൽ ഫോണുകളിൽ ലഭ്യമാണെന്ന് അദ്ദേഹം പരാമർശിച്ചു. മുമ്പ് ലക്ഷക്കണക്കിന് സമുദ്ര മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ കടലിൽ പോകുമ്പോൾ ആശങ്കാകുലരായിരുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു, എന്നാൽ ഇപ്പോൾ ഐഎംഡിയുടെ സഹകരണത്തോടെ മത്സ്യത്തൊഴിലാളികൾക്ക് സമയബന്ധിതമായ മുന്നറിയിപ്പുകൾ ലഭിക്കുന്നു. ഈ തത്സമയ അപ്‌ഡേറ്റുകൾ സുരക്ഷ വർദ്ധിപ്പിക്കുകയും കൃഷി, നീലസമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒരു രാജ്യത്തിന്റെ ദുരന്തനിവാരണശേഷിക്ക് കാലാവസ്ഥാ ശാസ്ത്രം നിർണായകമാണ്" - ശ്രീ മോദി അഭിപ്രായപ്പെട്ടു. പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന്, കാലാവസ്ഥാ ശാസ്ത്രത്തിന്റെ കാര്യക്ഷമത പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കൂട്ടിച്ചേർത്തു. ഇന്ത്യ ഈ പ്രാധാന്യം നിരന്തരം മനസ്സിലാക്കിയിട്ടുണ്ടെന്നും ഒരുകാലത്ത് അനിവാര്യമെന്ന് കരുതിയിരുന്ന ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ ഇപ്പോൾ ലഘൂകരിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 1998-ൽ കച്ഛിലെ കണ്ഡ്‌ലയിൽ ഉണ്ടായ ചുഴലിക്കൊടുങ്കാറ്റും 1999-ൽ ഒഡിഷയിലുണ്ടായ സൂപ്പർ സൈക്ലോണും സൃഷ്ടിച്ച നാശനഷ്ടങ്ങൾ അനുസ്മരിച്ച പ്രധാനമന്ത്രി, സമീപ വർഷങ്ങളിൽ, നിരവധി വലിയ ചുഴലിക്കാറ്റുകളും ദുരന്തങ്ങളും വന്നിട്ടും, മിക്ക കേസുകളിലും ഇന്ത്യ ജീവഹാനി കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വിജയങ്ങളിൽ കാലാവസ്ഥാ വകുപ്പു വഹിച്ച സുപ്രധാന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ശാസ്ത്രത്തിന്റെയും തയ്യാറെടുപ്പിന്റെയും സംയോജനം കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടങ്ങൾ കുറയ്ക്കുകയും സമ്പദ്‌വ്യവസ്ഥയിൽ അതിജീവനശേഷി സൃഷ്ടിക്കുകയും നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
"ശാസ്ത്രത്തിലെ പുരോഗതിയും അതിന്റെ സമ്പൂർണ്ണ വിനിയോഗവും രാജ്യത്തിന്റെ ആഗോള പ്രതിച്ഛായയ്ക്ക് പ്രധാനമാണ്" -പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കാലാവസ്ഥാരംഗത്തെ പുരോഗതി ദുരന്തനിവാരണ ശേഷി ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ലോകത്തിന് മുഴുവൻ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ പ്രളയമുന്നറിയിപ്പ് സംവിധാനം നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് വിവരങ്ങൾ നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'വിശ്വബന്ധു' എന്ന നിലയിൽ ഇന്ത്യ പ്രകൃതിദുരന്തങ്ങളിൽ മറ്റ് രാജ്യങ്ങളെ സഹായിക്കാൻ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നേട്ടത്തിന് നിർണായക സംഭാവനകൾ നൽകിയ ഐഎംഡി ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു.
ഐഎംഡിയുടെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയുടെ കാലാവസ്ഥാ വൈദഗ്ധ്യത്തിന്റെ സമ്പന്നമായ ചരിത്രം ഉയർത്തിക്കാട്ടിയ ശ്രീ മോദി, മനുഷ്യ പരിണാമത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് കാലാവസ്ഥയെന്നും ചരിത്രത്തിലുടനീളം ലോകമെമ്പാടുമുള്ള ജനങ്ങൾ കാലാവസ്ഥയെയും പരിസ്ഥിതിയെയും മനസ്സിലാക്കാൻ നിരന്തരം ശ്രമിച്ചിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കാലാവസ്ഥാ വൈദഗ്ധ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച് ചർച്ച ചെയ്ത അദ്ദേഹം, വേദങ്ങൾ, സംഹിതകൾ, സൂര്യ സിദ്ധാന്തം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളിൽ പരമ്പരാഗത അറിവ് രേഖപ്പെടുത്തുകയും പരിഷ്കരിക്കുകയും ആഴത്തിൽ പഠിക്കുകയും ചെയ്തുവെന്നു പറഞ്ഞു. തമിഴ്‌നാടിന്റെ സംഘ സാഹിത്യത്തിലും വടക്ക് ഘാഘ് ഭഡ്ഡരിയുടെ നാടോടി സാഹിത്യത്തിലും കാലാവസ്ഥാ ശാസ്ത്രത്തെക്കുറിച്ചുള്ള വിപുലമായ വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. കാലാവസ്ഥാ ശാസ്ത്രം ഒരു പ്രത്യേക ശാഖയായി കണക്കാക്കപ്പെട്ടിരുന്നില്ലെന്
ഐഎംഡിയുടെ കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ കൃത്യമാകുമ്പോൾ, അവയുടെ പ്രാധാന്യം വർദ്ധിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, വിവിധ മേഖലകളിലും വ്യവസായങ്ങളിലും ദൈനംദിന ജീവിതത്തിലും ഐഎംഡി നൽകുന്ന വിവരങ്ങളുടെ ആവശ്യം വർദ്ധിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങൾക്കുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിക്കുന്നത് ഉൾപ്പെടെ, ഭാവിയിലെ ആവശ്യകതകൾ മനസ്സിൽവച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പുതിയ മുന്നേറ്റങ്ങൾക്കായി പ്രവർത്തിക്കാൻ ശാസ്ത്രജ്ഞരെയും ഗവേഷണ പണ്ഡിതരെയും ഐഎംഡി പോലുള്ള സ്ഥാപനങ്ങളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ആഗോള സേവനത്തിലും സുരക്ഷയിലും ഇന്ത്യ നിർണായക പങ്ക് വഹിക്കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 150 വർഷത്തെ യാത്രയിൽ ഐഎംഡിയെയും കാലാവസ്ഥാ ശാസ്ത്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.
ഭൗമശാസ്ത്രത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യുഎംഒ) സെക്രട്ടറി ജനറൽ പ്രൊഫസർ സെലസ്റ്റെ സൗലോ, തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുത്തു.
പശ്ചാത്തലം
നമ്മുടെ രാജ്യത്തെ 'കാലാവസ്ഥയ്ക്ക് അനുയോജ്യമായതും കാലാവസ്ഥാ സ്മാർട്ട്' ആയതുമായ രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'മിഷൻ മൗസ'ത്തിനു പ്രധാനമന്ത്രി തുടക്കം കുറിച്ചത്. നൂതന കാലാവസ്ഥാ നിരീക്ഷണ സാങ്കേതികവിദ്യകളും സംവിധാനങ്ങളും വികസിപ്പിച്ചുകൊണ്ടും, ഉയർന്ന റെസല്യൂഷനുള്ള അന്തരീക്ഷ നിരീക്ഷണങ്ങൾ നടപ്പിലാക്കുന്നതിലൂടെയും, അടുത്ത തലമുറ റഡാറുകളും ഉപഗ്രഹങ്ങളും ഉയർന്ന പ്രകടനശേഷിയുള്ള കമ്പ്യൂട്ടറുകളും കൊണ്ടുവരുന്നതിലൂടെയും ഈ ലക്ഷ്യം കൈവരിക്കുക എന്നതാണ് മിഷന്റെ ലക്ഷ്യം. കാലാവസ്ഥയെയും കാലാവസ്ഥാ പ്രക്രിയകളെയും കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിലും, കാലാവസ്ഥാ മാനേജ്മെന്റിനും ദീർഘകാലാടിസ്ഥാനത്തിലുള്ള ഇടപെടലിനും തന്ത്രങ്ങൾ മെനയാൻ സഹായിക്കുന്ന വായു ഗുണനിലവാര ഡാറ്റ നൽകുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.
കാലാവസ്ഥാ പ്രതിരോധശേഷിക്കും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതിനും വേണ്ടിയുള്ള ഐ എം ഡി വിഷൻ-2047 രേഖയും പ്രധാനമന്ത്രി പുറത്തിറക്കി. കാലാവസ്ഥാ പ്രവചനം, കാലാവസ്ഥാ മാനേജ്മെന്റ്, കാലാവസ്ഥാ വ്യതിയാന ലഘൂകരണം എന്നിവയ്ക്കുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.
ഐ എം ഡിയുടെ 150-ാമത് സ്ഥാപക ദിനം ആഘോഷിക്കുന്നതിനായി, കഴിഞ്ഞ 150 വർഷത്തിനിടയിലെ ഐ എം ഡിയുടെ നേട്ടങ്ങൾ, ഇന്ത്യയെ കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതാക്കുന്നതിൽ അതിന്റെ പങ്ക്, വിവിധ തരത്തിലുള്ള കാലാവസ്ഥാ സേവനങ്ങൾ നൽകുന്നതിൽ ഗവൺമെന്റ് സ്ഥാപനങ്ങൾ വഹിച്ച പങ്ക് എന്നിവ പ്രദർശിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ, പ്രവർത്തനങ്ങൾ, ശിൽപ്പശാലകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.