ശാസ്ത്രീയ ഇടപെടലിലൂടെ കാർഷിക രംഗത്ത് രാജ്യം മുന്നേറുന്നു: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

സി ടി സി ആർ ഐ 62-ാം സ്ഥാപക ദിനാഘോഷം ഗവർണർ ഉദ്ഘാടനം ചെയ്തു
ശാസ്ത്രീയ ഇടപെടലിലൂടെ കാർഷിക രംഗത്ത് രാജ്യം ലക്ഷ്യസ്ഥാനത്തേക്ക് മുന്നേറുകയാണെന്ന് ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.
കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തെ ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഐ സി എ ആർ- കേന്ദ്ര കിഴങ്ങുവർഗ വിള ഗവേഷണ കേന്ദ്രത്തിന്റെ (സി ടി സി ആർ ഐ) 62-ാം സ്ഥാപക ദിനാഘോഷം സി ടി സി ആർ ഐ മിലേനിയം ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ലബോറട്ടറികളിൽ നടക്കുന്ന എല്ലാ ശാസ്ത്രീയ പരീക്ഷണങ്ങളും ആത്യന്തികമായി രാജ്യത്തെ ജനങ്ങൾക്കും കർഷകർക്കും ഗുണപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ(ഐ സി എ ആർ) കീഴിൽ രാജ്യത്തെ കാർഷിക മേഖലയിൽ നിരവധി പ്രവർത്തനങ്ങളാണ് നടക്കുന്നത്. കിഴങ്ങ് വിളകളുടെ മേഖലയിൽ സി ടി സി ആർ ഐയിലും സവിശേഷ ഗവേഷണങ്ങൾ നടന്നു വരുന്നു. ഇത്തരം ഗവേഷണത്തിന്റെ ഗുണഫലങ്ങൾ കർഷകരിലെത്തുമ്പോഴാണ് അവ മൂല്യവത്താകുന്നത്. മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഫലവത്താക്കുന്നതിന് ഇത്തരം ഗവേഷണങ്ങൾ സഹായകമാകും. ജൈവ കൃഷിയിലൂടെ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനീകരമാകാത്ത രീതിയിൽ നമ്മുടെ കാർഷിക രീതികൾ മുന്നോട്ട് കൊണ്ടു പോകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച പ്രകടനം കാഴ്ച്ച വെച്ച ജീവനക്കാർ, ഗവേഷകർ, കർഷകർ എന്നിവരെ ഗവർണർ പ്രശസ്തിപത്രവും ഫലകവും നൽകി ആദരിച്ചു. ചടങ്ങിൽ സാങ്കേതികവിദ്യകളുടെയും പ്രസിദ്ധീകരണങ്ങളുടെയും പ്രകാശനം, ധാരണാപത്ര കൈമാറ്റം എന്നിവയും ഗവർണർ നിർവഹിച്ചു.
ചടങ്ങിൽ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി വിശിഷ്ടാതിഥിയായി. സി ടി സി ആർ ഐ ഡയറക്ടർ ഡോ. ജി. ബൈജു അധ്യക്ഷത വഹിച്ചു. ഡിവിഷൻ ഓഫ് ക്രോപ് പ്രൊഡക്ഷൻ മേധാവി ഡോ. ജി സുജ സ്വാഗതവും, ഡിവിഷൻ ഓഫ് ക്രോപ് പ്രൊട്ടക്ഷൻ മേധാവി ഡോ. മകേഷ് കുമാർ നന്ദിയും പറഞ്ഞു.