കാസർഗോഡ് ജില്ലയിൽ ശൈലീ 2 സർവ്വേ ആരംഭിക്കുന്നു.
കാസറഗോഡ് ജില്ലയിൽ 700 നു മുകളിൽ ഡയാലിസിസ് രോഗികളുണ്ട്. സർക്കാർ മേഖലയിൽ ഏഴും സ്വകാര്യമേഖലയിൽ പതിനെട്ടും ഡയാലിസിസ് കേന്ദ്രങ്ങളാണ് നിലവിൽ പ്രവർത്തിക്കുന്നത്. പല ഗ്രാമപഞ്ചായത്തുകളും ഡയാലിസിസ് കേന്ദ്രങ്ങൾ തുടങ്ങുന്നതിനു പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ രോഗികൾ കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേരളത്തിൽ അഞ്ചിൽ ഒരാൾക്ക് പ്രമേഹം , നാലിൽ ഒരാൾക്ക് രക്താതിസമ്മർദം ഉണ്ടെന്നു നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ വ്യാപകമായിട്ടുള്ള ജീവിതശൈലീ രോഗങ്ങളാണ് ഇതിന്റെ കാരണം. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ജീവിതശൈലീ രോഗങ്ങളെ നേരത്തെ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ സഹായത്തോടുകൂടി നടത്തുന്ന ശൈലി സർവേ നടത്തുന്നത്. annual health screening അഥവാ പ്രതിവർഷ ആരോഗ്യ സർവ്വേ എന്നതാണ് ശൈലി സർവ്വേ കൊണ്ട് ഉദ്ദേശിക്കുന്നത്. (SHAILI - State Health App Initiative For Lifestyle Intervention). കാസർഗോഡ് ജില്ലയിൽ രണ്ടാം ശൈലീ സർവേ ആരംഭിച്ചതായി പ്രഖ്യാപിക്കുന്നു, ഇതിന്റെ ഭാഗമായി ജില്ലയിലെ 30 വയസിനു മുകളിലുള്ള മുഴവൻ ആളുകളെയും സ്ക്രീനിംഗിന് വിധേയമാക്കും.ഇത് കാസർഗോഡ് ജില്ലയിലെ പൊതുജനങ്ങളുടെ ആരോഗ്യനില മനസ്സിലാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ്. ജീവിതരോഗങ്ങൾ മൂലമുള്ള രോഗലക്ഷണങ്ങൾ പ്രകടമാവുന്നതിനു മുൻപ് തന്നെ കണ്ടെത്തുന്നതിനായി ശാസ്ത്രീയമായി തയ്യാറാക്കിയ വിശദമായ ചോദ്യാവലി അപകടസാധ്യതകൾ കാര്യക്ഷമമായും കൃത്യമായും കണ്ടെത്തുകയും ആരോഗ്യസംവിധാനങ്ങൾ മുഖേന ഈ വ്യക്തിയെ പരിശോധിച്ച് രോഗം കണ്ടെത്തുന്നു. പ്രമേഹം, രക്താതിസമ്മർദം , ഓറൽ കാൻസർ, സ്തനാർബുദം, ഗർഭാശയമുഖ കാൻസർ , ശ്വാസകോശരോഗങ്ങൾ എന്നിവയാണ് പ്രധാനമായും കണ്ടെത്തുന്നത്. ഇതിനു പുറമെ ക്ഷയരോഗം, കുഷ്ഠരോഗം, മാനസിക രോഗലക്ഷണങ്ങൾ, മുതിർന്ന പൗരന്മാരുടെ ആരോഗ്യപ്രശ്നങ്ങൾ എന്നിവയും ശൈലി സർവ്വേയിലൂടെ ആശാ പ്രവർത്തകർ കണ്ടെത്തുന്നു. പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ആൻഡ്രോയിഡ് മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ആശാ പ്രവർത്തകർ സർവ്വേ നടത്തുന്നത്. വിശദമായ ചോദ്യാവലി ഉപയോഗിക്കുന്നതിലൂടെ, കമ്മ്യൂണിറ്റി-ബേസ്ഡ് അസസ്‌മെൻ്റ് ചെക്ക്‌ലിസ്റ്റ് (CBAC SCORE) സ്‌കോർ അടിസ്ഥാനമാക്കി പ്രേമേഹം, രക്താതിസമ്മർദം , ഓറൽ കാൻസർ, സ്തനാർബുദം, ഗർഭാശയമുഖ കാൻസർ , ശ്വാസകോശരോഗങ്ങൾ, ക്ഷയരോഗം, കുഷ്ഠരോഗം, മാനസിക രോഗലക്ഷണങ്ങൾ എന്നിവ ഉണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെ തിരിച്ചറിയും. സർവ്വേ പൂർത്തിയാകുന്ന ഓരോ വ്യക്തിയും ഏതൊക്കെ ടെസ്റ്റുകൾക്ക് വിധേയമാവണം എന്ന് മൊബൈൽ അപ്ലിക്കേഷൻ തിരിച്ചറിയും. ഈ വ്യക്തികളെ അടുത്തുള്ള സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർമാരുടെ പരിശോധനക്കും ടെസ്റ്റുകൾക്കും വിധേയമാക്കാൻ SMS വഴി നിർദ്ദേശിക്കുകയും , ഇങ്ങനെയുള്ള വ്യക്തികളുടെ ലിസ്റ്റ് ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ലഭ്യമാകുകയും ചെയ്യും. മുന്പോട്ടുള്ള പരിശോധനകൾക്കും മറ്റും ഹെൽത്ത് ഇൻസ്‌പെക്ടർമാർ, മിഡിലെവെൽ സർവീസ് പ്രൊവൈഡർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് എന്നിവർ പൊതുജനങ്ങളെ സഹായിക്കുന്നതാണ്. അങ്ങിനെ അവർക്ക് ആവശ്യമായ മെഡിക്കൽ ഇടപെടൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ശൈലി സർവേയിൽ വ്യക്തികളുടെ രജിസ്‌ട്രേഷൻ ഇതിനകം തന്നെ പൂർത്തിയായിട്ടുള്ളതാണ്. ഇതുവരെ രജിസ്‌ട്രേഷൻ നടത്താത്തവർക്ക് ജനകീയാരോഗ്യകേന്ദ്രങ്ങൾ മുഖേന പുതിയതായി രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. ഈ സമഗ്രമായ ആരോഗ്യ ഡാറ്റ ശേഖരിക്കുന്നതിലൂടെ, നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയാനും നിലവിലെ ആരോഗ്യ പരിപാടികളുടെ ഫലപ്രാപ്തി വിലയിരുത്താനും ശ്രദ്ധയും മെച്ചപ്പെടുത്തലും ആവശ്യമായ മേഖലകൾ തിരിച്ചറിയാനും ശൈലീ സർവേ ലക്ഷ്യമിടുന്നു. ശൈലി സർവേയുടെ ഉദ്‌ഘാടനം ജില്ലയിൽ ജൂലൈ 20 നടക്കുന്നതാണ്. ജൂലൈ മാസം അവസാനത്തെ ആഴ്ച എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉദഘാടനവും ജനപ്രതിനിധികൾക്ക് ബോധവത്കരണവും നടത്തുന്നതാണ്. കാസർഗോഡ് ജില്ലയിൽ ആരോഗ്യകരമായ ഭാവി രൂപപ്പെടുത്തുന്നതിൽ നിങ്ങളുടെ സംഭാവന വിലമതിക്കാനാവാത്തതാണ്. കൃത്യമായ വിവരങ്ങൾ നൽകുന്നതിലൂടെ, ഞങ്ങളുടെ ജില്ലയിൽ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. ശൈലീ സർവേയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി ജില്ലാ ആരോഗ്യ ഓഫീസുമായി +91-467 220 3118 എന്ന നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക. ശൈലീ സർവേയിൽ ജില്ലയിലെ മുഴുവനാളുകളും സഹകരിക്കണമെന്ന് കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.