വില്‍പന നടത്തിയ തുരുമ്പിച്ച കാര്‍ മാറ്റിനല്‍കാന്‍ ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍
കോട്ടയം:പുതിയ കാര്‍ വാങ്ങിയ ഉപഭോക്താവിന് നല്‍കിയ തുരുമ്പിച്ച വാഹനം മാറ്റി നല്‍കണമെന്ന് ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കമ്പനിക്കെതിരേ എരുമേലി സ്വദേശിനിയായ ഷഹര്‍ബാന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. 2022 ജൂണ്‍ ഏഴിനാണ് ഷഹര്‍ബാന്‍ മാരുതി സുസുക്കി അരീനയുടെ പൊന്‍കുന്നം ഷോറൂമില്‍ നിന്ന് രണ്ടുവര്‍ഷ വാറണ്ടിയും എക്സറ്റന്‍ഡഡ് വാറണ്ടിയും സഹിതം വാഹനം വാങ്ങിയത്. എന്നാല്‍ കാറിന്റെ നിറം മാറിയതായും പല ഭാഗങ്ങളിലും തുരുമ്പ് വന്നതായും കാണപ്പെട്ടു. തുടര്‍ന്ന് ഷഹര്‍ബാന്‍ കമ്പനിയെ പ്രതിയാക്കി കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ കേസ് നല്‍കി.
വാഹനം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിദഗ്ധ സമിതിയെ നിയമിച്ചു. കാറില്‍ പ്രതീക്ഷിച്ചതിലുമധികം തുരുമ്പുണ്ടായിരുന്നെന്നും മെറ്റലിന്റെ പുറത്തെ തുരുമ്പ് പടര്‍ന്ന് കാര്‍ കൂടുതല്‍ നശിക്കുമെന്നും കണ്ടെത്തിയ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച കമ്മീഷന്‍ പരാതിക്കാരിക്ക് ലഭിച്ച വാഹനം കേടുള്ളതായിരുന്നുവെന്ന് കണ്ടെത്തി. 2022 ഏപ്രില്‍ മാസം ഹരിയാനയിലെ പ്ലാന്റില്‍ നിന്ന് മൂവാറ്റുപുഴയിലെ മാരുതി സുസുക്കി അരീനയുടെ ഷോറൂമിലെത്തിച്ച വാഹനം ഏപ്രില്‍ 23 മുതല്‍ ജൂണ്‍ ഏഴുവരെ അവിടെ ഉണ്ടായിരുന്നതായും കണ്ടെത്തി. കേടുപാടുള്ള കാറാണ് നല്‍കിയതെന്ന് കണ്ടെത്തിയ കമ്മീഷന്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കമ്പനി പരാതിക്കാരിക്ക് പഴയ വാഹനം മാറ്റി പുതിയ കാര്‍ നല്‍കുകയോ വിലയായ 5,74,000 രൂപ നല്‍കുകയോ ചെയ്യണമെന്ന് ഉത്തരവിട്ടു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്,കോഴിക്കോട് ഇന്‍ഡസ് മോട്ടോഴ്സ്, മാരുതി സുസുക്കി അരീന മൂവാറ്റുപുഴ, പൊന്‍കുന്നം ഷോറൂമുകള്‍ എന്നിവര്‍ ചേര്‍ന്ന് നഷ്ടപരിഹാരമായി 50,000 രൂപയും പരാതിക്കാരിക്കുണ്ടായ മാനസിക ബുദ്ധിമുട്ടിനു പരിഹാരമായി 3000 രൂപയും നല്‍കണമെന്നും അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും അഡ്വ. ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു


