കാഞ്ഞിരപ്പള്ളി രൂപത സീറോ മലബാര്‍ സഭയ്ക്ക് നക്ഷത്രശോഭ പകരുന്നു: മാര്‍ റാഫേല്‍ തട്ടില്‍
കുട്ടിക്കാനം: സീറോ മലബാര്‍ സഭയുടെ സമഗ്രവളര്‍ച്ചയ്ക്ക് മാതൃകയും ദിശാബോധവും പകര്‍ന്നതില്‍ കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസമൂഹത്തിന്റെയും രൂപതയെ നയിച്ച പിതാക്കന്‍മാരുടെയും സേവനശുശ്രൂഷകള്‍ ആദരവോടെ ബഹുമതിക്കുന്നതായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ നിലയ്ക്കല്‍ ക്രൈസ്തവ കൂട്ടായ്മ സഹസ്രാബ്ദം മുന്‍പ് കാഞ്ഞിരപ്പള്ളിയിലേക്ക് കുടിയേറി ആഴമേറിയ ക്രിസ്തീയ വിശ്വാസം കാത്തുസൂക്ഷിച്ച് തലമുറകളെ വളര്‍ത്തി. ഇത്തരത്തില്‍ ആഴത്തില്‍ വേരുകളുള്ള പൈതൃകവും പാരമ്പര്യവും സുസ്ഥിരതയും കാഞ്ഞിരപ്പള്ളി രൂപതയ്ക്കുണ്ട്. കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണജൂബിലിയുടെയും എപ്പാര്‍ക്കിയല്‍ അസംബ്‌ളിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സന്ദേശനം നല്‍കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ മാത്യു വട്ടക്കുഴി, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍ എന്നീ പിതാക്കന്‍മാരുടെ സമര്‍പ്പിത സേവനവും കാഴ്ചപ്പാടും ആത്മീയതയും രൂപതയുടെ അപാരമായ വളര്‍ച്ചയ്ക്ക് നിമിത്തമായി. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹികസേവനം എന്നിവയില്‍ രൂപത ആഗോളസഭയ്ക്കുതന്നെ മാതൃകയാണ്. സംരഭങ്ങളായ പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും മരിയന്‍ കോളജിന്റെയും അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജിന്റെയും പ്രവര്‍ത്തനശൈലി സമൂഹത്തിന് പാഠം മാത്രമല്ല പാഠപുസ്തകമായി മാറേണ്ടതാണ്.
സഭാപാരമ്പര്യവും ആരാധനാക്രമ നിര്‍ദേശങ്ങളും പാലിക്കുന്നതില്‍ സിനഡിന്റെ നിലപാടിനൊപ്പമാണ് കാഞ്ഞിരപ്പള്ളി രൂപത. ജൂബിലിവേള ഒരുമയോടെ പിന്നിലേക്കു നോക്കാനും ഉള്ളിലേക്കു നോക്കാനും മുന്നിലേക്കു നോക്കാനുമുള്ള അവസരമാണ്. വിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും അനുഗ്രഹവും നന്‍മയും ചൊരിയാനുള്ള അവസരമായി ജൂബിലി മാറണം. എല്ലാവര്‍ക്കും പ്രകാശം ചൊരിയുന്ന വിളക്കായും നന്‍മയുടെ രുചി പകരുന്ന ഉപ്പായും മുന്നോട്ടുള്ള പ്രയാണത്തിന് കഴിയണം. വിശ്വാസത്തില്‍ ഉറച്ചവരായി തലമുറകളെ വളര്‍ത്താനുള്ള പദ്ധതികളും വിചിന്തനങ്ങളും ഉണ്ടാവണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ ഉദ്‌ബോധിപ്പിച്ചു.
നന്‍മയുടെയും കരുണയുടെയും കരുതലിന്റെയുമായ ശുശ്രൂഷകള്‍ക്കാണ് കാഞ്ഞിരപ്പള്ളി രൂപത പ്രധാന്യം നല്‍കുന്നതെന്ന് അധ്യക്ഷപ്രസംഗത്തില്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.ആദിമക്രൈസ്തവ സമൂഹത്തിന്റെ ജീവിത ശൈലിയില്‍ ഒരുമയുടെയും പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും കൂട്ടായ്മയായി രൂപത തുടര്‍ന്നും വര്‍ത്തിക്കുമെന്ന് മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു. ദൈവജനം ഒരുമയോടെ വിശ്വാസത്തിലും ഐക്യത്തിലും നിലകൊണ്ടതിന്റെ അടയാളമാണ് രൂപതയുടെ ഇക്കാലവളര്‍ച്ചയുടെ അടിസ്ഥാനമെന്ന് മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹപ്രഭാഷണത്തില്‍ അനുസ്മരിച്ചു.
പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റം, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി അഡ്വ. ഷാന്‍സിമോള്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണജൂബിലി ആഘോഷങ്ങളുടെയും രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്‌ളിയുടെയും ഉദ്ഘാടനം കുട്ടിക്കാനം മരിയന്‍ കോളജില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കുന്നു. സിസ്റ്റര്‍ അന്‍സ തുണ്ടിയില്‍ എസ്എച്ച്, പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റം, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി അഡ്വ. ഷാന്‍സിമോള്‍ ഫിലിപ്പ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ബിനോ പി.ജോസ് എന്നിവര്‍ സമീപം.


