സംസ്ഥാനത്ത് ഇന്നും മഴ കനക്കും;നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ കനക്കും. വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. തെക്കൻ തെലുങ്കാനയ്ക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെയും, അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള തീരത്ത് തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ള സാഹചര്യത്തിൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.