“എന്റെ പേരിനൊപ്പം ആലിന്റെ പേരും വേണം"; ജീവൻ നൽകിയ കുഞ്ഞിനെ മറക്കാതെ ശ്രേയ"
തനിക്ക് ജീവൻ പകർന്നു നൽകിയ ആ കുഞ്ഞുമാലാഖയുടെ പേര് സ്വന്തം പേരിനൊപ്പം ചേർക്കണം എന്നതായിരുന്നു ശ്രേയയുടെ ഏറ്റവും വലിയ ആഗ്രഹം. അങ്ങനെ ഇനി മുതൽ ഈ മിടുക്കിക്കുട്ടി 'ആലിൻ ശ്രേയ' എന്നറിയപ്പെടാൻ പോകുകയാണ്. തങ്ങളുടെ മകളുടെ പേര് ഔദ്യോഗികമായി തന്നെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ശ്രേയയുടെ മാതാപിതാക്കൾ.
തിരുവനന്തപുരം :തനിക്ക് പുതുജീവൻ സമ്മാനിച്ച കുഞ്ഞിനോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കാൻ സ്വന്തം പേര് 'ആലിൻ ശ്രേയ' എന്ന് മാറ്റിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ ആറാം ക്ലാസുകാരി ശ്രേയ...
തിരുവനന്തപുരം സ്വദേശിയായ ആറാം ക്ലാസുകാരി ശ്രേയയ്ക്ക് ഒരു ആഗ്രഹം തോന്നി. തന്റെ പേരിനൊപ്പം പ്രിയപ്പെട്ട മറ്റൊരു പേര് കൂടി ചേർക്കണം. ആ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവർക്ക് അതിയായ സന്തോഷം. ഒപ്പം ചെറിയൊരു നോവും. തനിക്ക് പുതുജീവൻ പകർന്ന കുഞ്ഞിന്റെ പേര് ഇനിയെന്നും തൻ്റെ പേരിനൊപ്പം ഉണ്ടാകണമെന്നാണ് ശ്രേയയുടെ ആഗ്രഹം.
ആ പേര് ആലിൻ ഷെറിൻ എബ്രഹാം...
ഈ പേരും മുഖവും മലയാളികൾ എങ്ങനെ മറക്കും. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമുണ്ടായിരുന്ന ആലിൻ ഷെറിന്റെ വൃക്കകളിൽ ഒന്നാണ് ശ്രേയയ്ക്ക് പുതുജീവൻ നൽകിയത്. തിരുവനന്തപുരം ചെറിയകൊല്ലയിലെ വീട്ടിൽ ആലിൻ ഷെറിൻറെ ചിത്രങ്ങൾ ശ്രേയ ഒരു നിധിപോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. തന്റെ ജീവിതത്തിന്റെ ഭാഗമായ ആ കുഞ്ഞിനോടുള്ള സ്നേഹമാണ് ആറാം ക്ലാസുകാരിയുടെ മനസിൽ ഇത്തരമൊരു ആഗ്രഹത്തിന് പിന്നിൽ...
ശ്രേയയുടെ ആഗ്രഹം അറിഞ്ഞപ്പോൾ ആലിൻ ഷെറിൻ്റെ മാതാപിതാക്കളുടെയും കണ്ണുകൾ നിറഞ്ഞു.
മല്ലപ്പള്ളിയിലെ അക്ഷയ സെന്റർ സംരംഭകനായ അരുണിന്റേയും ഷെറിന്റെയും മകളായിരുന്നു ആലിൻ .
തിരുവനന്തപുരത്ത് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിനിടെ ആലിൻ ഷെറിന്റെ മാതാപിതാക്കൾ ശ്രേയയെ ചേർത്തുപിടിച്ച് സ്നേഹമറിയിച്ചു. ജീവൻ പകർന്ന കുഞ്ഞിൻ്റെ പേര് സ്വന്തം പേരിനൊപ്പം ചേർത്ത് ആ സ്നേഹം എന്നും കൂടെക്കൊണ്ടുനടക്കാനാണ് ശ്രേയയുടെ ആഗ്രഹം...
ശ്രേയ മോൾ പഠിച്ചു മിടുക്കിയായി വളരട്ടെ എന്ന് ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു.
അക്ഷയ ന്യൂസ് കേരളയുടെ അഭിനന്ദനങ്ങൾ ശ്രേയമോൾക്ക് നേരുന്നു .....


