കോട്ടയത്ത് ബാറുടമകളില് നിന്നും മാസപ്പടി വാങ്ങിയ സംഭവത്തിൽ കൂടുതല് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
മാസപ്പടിയില് ഡെപ്യൂട്ടി കമ്മീഷണറെ സഹായിച്ചതായി കണ്ടെത്തിയ ആറ് ഉദ്യോഗസ്ഥര്ക്കെതിരെയാണ് ഇന്ന് നടപടി ഉണ്ടായിരിക്കുന്നത്.
പ്രവന്റീവ് ഓഫീസര്മാരായ എം മാനുവല്, ലാലു തങ്കച്ചന്, പ്രവീണ് ശിവാനന്ദ്, ടി സന്തോഷ്, കെ ഷൈജു, സിവില് എക്‌സൈസ് ഓഫീസര് എഎസ് വിശാഖ് എന്നിവരെയാണ് സസ്‌പെന്ഡ് ചെയ്തത്.
കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര് അശോക് കുമാറിനെ മാസപ്പടി കേസിൽ ഇന്നലെ തന്നെ സസ്‌പെന്ഡ് ചെയ്തിരുന്നു.
അശോക് കുമാര് മാസപ്പടി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
എക്‌സൈസ് കമ്മീഷണര് സീറാം സാംബശിവറാവു നേരിട്ട് വന്ന് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു.
ബാറുകള് നേരത്തെ തുറന്ന്, വൈകി അടയ്ക്കാന് മൗനാനുവാദം നല്കിയിരുന്നു സസ്പെൻഷനിലായ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ. അതുമല്ല, തന്റെ അനുമതിയില്ലാതെ ബാറുകളില് പരിശോധന നടത്തരുതെന്ന് ഉദ്യോഗസ്ഥര്ക്ക് ഇയാൾ നിര്ദേശം നല്കുകയും ചെയ്തു.
ബാറുകളെ സഹായിച്ചതിന് ബാര് ഉടമകള് അശോക് കുമാറിന് മാസപ്പടിയായി എല്ലാ മാസവും ഒരു തുക സമ്മാനം നല്കിയിരുന്നു.
പണമിടപാടിന്റെ രേഖകള് എക്‌സൈസ് കമ്മീഷണര് കക്ക് കിട്ടി.
യൂണിഫോം ഇല്ലാതെ അശോക് കുമാര് ബാറിലെത്തി കൈക്കൂലി വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും കമ്മീഷണര്ക്ക് കിട്ടി.
മാസപ്പടിയായി ലഭിക്കുന്ന തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതിന്റെ തെളിവുകളും കിട്ടി.
കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്ക്കെതിരെ കര്ശന നടപടിയെടുക്കാന് മന്ത്രി എം ലിജു നിര്ദേശം നൽകിയതിന്റെ പിന്നാലെയാണ് ഇപ്പോൾ നടപടി വന്നത്.
അതേസമയം ഈ സസ്പെൻഷൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ മാത്രമാണ് എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ.
കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യവും അറസ്റ്റു വാർത്തകളും ദിവസവും മാധ്യമങ്ങളിൽ വന്നിട്ടും ഇവന്മാെരൊക്കെ വീണ്ടും കൈക്കൂലി വാങ്ങുന്നുണ്ടെങ്കിൽ ഊരി പോരാം എന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ വാങ്ങുന്നത് എന്നാണ് ആളുകളുടെ ചോദ്യം. ആ ചോദ്യം ന്യായമാണ് താനും.
എന്ത് സംഭവിച്ചാലും തന്റെ ജോലി നഷ്ടപ്പെടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ ഇവർക്ക് ഈ കാലത്തും കൈക്കൂലി വാങ്ങിക്കാൻ തന്റേടം വരുന്നത് എന്ന ചോദ്യവും പ്രസക്തമാണ്.
ജോലി നഷ്ടപ്പെടും എന്ന സ്ഥിതി വന്നാൽ ആരെങ്കിലും ഇതിന് തുനിയുമോ ?
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കോടതിയിൽ എത്തിയിട്ടുള്ള 388 കൈക്കൂലി കേസുകളിൽ വെറും 8 എണ്ണത്തിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരു വാർത്ത ഏതാനും മാസങ്ങൾക്ക് മുമ്പ് മാധ്യമങ്ങളിൽ വന്നിരുന്നു. ബാക്കി കേസുകളിൽ നിന്നെല്ലാം പ്രതികൾ ഊരി പോരുകയാണ് ഉണ്ടായത്. എന്നുവച്ചാൽ പ്രതികൾക്ക് ഊരി പോരാൻ തരത്തിൽ പഴുത്തിട്ടാവും പോലീസ് കുറ്റപത്രം സമർപ്പിക്കുക.