പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ

Nov 22, 2025
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
pala
പാലാ: പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്‌ഘാടനം പാലാ സെൻറ് തോമസ് കത്തീഡ്രലിൻ്റെ പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. പാലാ രൂപതാ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ സ്വർഗ്ഗപ്രവേശനത്തിന്റെ മുപ്പത്തിഒമ്പതാം വാർഷികദിനത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും ഒപ്പീസ് പ്രാർത്ഥനയ്ക്കും ശേഷമാണ് ഉദ്ഘാടനസമ്മേളനം നടത്തപ്പെട്ടത്.
സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായി. പാസ്റ്ററൽ കൗൺസിലും പ്രസ്ബിറ്റൽ കൗൺസിലും രൂപതാദ്ധ്യക്ഷൻ്റെ രണ്ട് ചിറകുകൾ ആണ് എന്ന് ബിഷപ്പ് ഓർമിപ്പിച്ചു. പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ അറിയിച്ചു. ഒന്നായാൽ നന്നായി, നന്നായാൽ ഒന്നായി എന്ന കുഞ്ഞുണ്ണിമാഷിൻ്റെ കവിത പിതാവ് ആവർത്തിച്ചത് സഭയിൽ എല്ലാവരും ഒന്നായിരിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതി.
പാസ്റ്ററൽ കൗൺസിൽ ചെയർമാനായി ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. വി. പി. ദേവസ്യ വള്ളിക്കാവുങ്കലിനെയും സെക്രട്ടറിയായി അഡ്വ. സിജി ആൻ്റണി തെക്കേടത്തിനെയും നിയമിച്ചു. പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറിയായി ഫാ. മാത്യു ആലപ്പാട്ടുമേടയിൽ നിയമിതനായി.
പ്രസ്ബിറ്ററൽ കൗൺസിലിൽ രൂപത വൈദികരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദികരും പാസ്റ്ററൽ കൗൺസിലിൽ രൂപതയിലെ തെരെഞ്ഞെടുക്കപ്പെട്ട വൈദികരും വിവിധ സന്യാസസമൂഹങ്ങളിലെ ജനറൽസ് പ്രൊവിൻഷ്യൽസ് അടങ്ങിയ സിസ്റ്റേഴ്സും അത്മായരും അടങ്ങുന്നവരാണ് അംഗങ്ങൾ. രൂപതയുടെ വിവിധ തലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും വിവിധ സംഘടനകളുടെ പ്രതിനിധികളും നോമിനേറ് ചെയ്യപ്പെട്ടവരുമാണ് പാസ്റ്ററൽ കൗൺസിലിലെ അംഗങ്ങൾ.
സമ്മേളനത്തിൽ രൂപതാ മുൻ അദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ സാന്നിധ്യത്തിൽ രൂപതാ മുഖ്യ വികാരി ജനറാൾ ഡോ. ജോസഫ് തടത്തിൽ സ്വാഗതവും രൂപത ചാൻസലർ ഡോ. ജോസഫ് കുറ്റിയാങ്കൽ നന്ദിയും അർപ്പിച്ചു. വികാരി ജനറാൾമാരായ ഡോ ജോസഫ് മലേപ്പറമ്പിൽ, ഡോ സെബാസ്റ്റ്യൻ വേത്താനത്ത്, ഡോ ജോസഫ് കണിയോടിക്കൽ, രൂപത പ്രൊക്യൂറേറ്റർ ഡോ ജോസ് മുത്തനാട്ട്, ഡോ കുര്യൻ മുക്കാംകുഴി, കത്തീഡ്രൽ വികാരി ഡോ. ജോസ് കാക്കല്ലിൽ എന്നിവർ നേതൃത്വം നൽകി. മീറ്റിംഗിൽ റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ തയ്യാറാക്കിയ രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ 20 ദൈവശാസ്ത്രജ്ഞന്മാർ എന്ന പുസ്തകം പ്രകാശനം ചെയ്തു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.