"കുഞ്ഞു മാലാഖ" ആലിന്റെ കരൾ സ്വീകരിച്ച കുഞ്ഞിനെ കാണാൻ അരുണും ഷെറിനും എത്തി ....

മല്ലപ്പള്ളി അക്ഷയ സംരംഭകനാണ് അരുൺ

Apr 23, 2026
"കുഞ്ഞു മാലാഖ" ആലിന്റെ കരൾ സ്വീകരിച്ച കുഞ്ഞിനെ കാണാൻ അരുണും ഷെറിനും എത്തി ....
AALIN SHERIL ABRAHAM

തിരുവനന്തപുരം : :ധ്രിയയെ നെഞ്ചോടു ചേർത്തുവച്ചപ്പോൾ ഷെറിന്റെ കരളൊന്നു പിടഞ്ഞു, കണ്ണീർ തുളുമ്പാതെ അവർ ധ്രിയയുടെ കുസൃതി നിറഞ്ഞ കണ്ണുകളിൽ നോക്കിയിരുന്നു... കരളിന്റെ കരളായ മകൾ ആലിൻ ഷെറിനെ അപ്രതീക്ഷിതമായി കണ്ടപോലെ! കാറപകടത്തിൽ പരുക്കേറ്റ ആലിൻ ഷെറിൻ ഏബ്രഹാം പത്തു മാസം തികയാൻ 3 ദിവസം ശേഷിക്കെ, ഫെബ്രുവരി 13നാണു മരിച്ചത്. മകൾ മറ്റുള്ളവരിലൂടെ ജീവിക്കട്ടേയെന്നു രക്ഷിതാക്കളായ അരുൺ ഏബ്രഹാമും ഷെറിൻ ആൻ ജോർജും തീരുമാനിച്ചു. ആറ് അവയവങ്ങൾ ദാനം ചെയ്ത ആലിൻ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായി. ആലിനിന്റെ കരൾ ലഭിച്ചത് 6 മാസം പ്രായമായ ധ്രിയയ്ക്കായിരുന്നു.
കിംസ് ഹെൽത്തിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ സംഗമമായ ‘ശലഭം’ പരിപാടിയിലാണ് ധ്രിയയെ കാണാൻ അരുണും ഷെറിനും എത്തിയത്. ചടങ്ങ് നടക്കുന്ന ഹാളിൽ എത്തിയ അവരുടെ കണ്ണുകൾ തേടിക്കൊണ്ടിരുന്നതു ധ്രിയയെ. വൈകാതെ ധ്രിയയെ ചേർത്തുപിടിച്ചു മാതാവ് വിദ്യ വന്നു. മകളുടെ അവയവം സ്വീകരിച്ചവരിൽ ഒരാളെ ആദ്യമായി കാണുന്ന നിമിഷം. നിറകണ്ണുകളോടെ ഷെറിൻ. അവരെ ചേർത്തുപിടിച്ച് അരുൺ. ധ്രിയയെ വിദ്യ നീട്ടിയപ്പോൾ ഷെറിൻ ഒന്നു മടിച്ചു. പിന്നെ ഇരുകൈകൾ നീട്ടി വാങ്ങി നെഞ്ചോടു ചേർത്തു. അരുണും തന്റെ നെഞ്ചിലേക്കു സ്വീകരിച്ചു, പൊന്നുമകളുടെ കരൾ തുടിക്കുന്ന ധ്രിയയെ.
മകൾ മരിച്ച അപകടത്തിൽ പരുക്കേറ്റ ഷെറിന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ അവരുടെ അമ്മ ജെസി വർഗീസിന് ഇനിയും എഴുന്നേറ്റിരിക്കാൻ പോലും ആവുന്നില്ല. പത്തനംതിട്ട മല്ലപ്പള്ളി വാലുമണ്ണിൽ വീട്ടിലേക്ക് കിംസ് ഹെൽത്തിൽനിന്നു വിളി എത്തുമ്പോൾ അരുണും ഷെറിനും തീരുമാനിച്ചു, മകളുടെ കരളുടമയെ കാണണം. ഇന്നലത്തെ കൂടിക്കാഴ്ചയിൽ രണ്ടാമതും ധ്രിയയെ വാങ്ങി മടിയിൽ വച്ചിരിക്കുമ്പോൾ ഷെറിൻ പറഞ്ഞു, ‘മോൾ ഉണ്ടായിരുന്നെങ്കിൽ... കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഒന്നാം പിറന്നാൾ....
മല്ലപ്പള്ളി അക്ഷയ സംരംഭകനാണ് അരുൺ .

ശലഭം പരിപാടി കിംസ് ഹെൽത്ത് ചെയർമാൻ ഡോ.എം.ഐ.സഹദുല്ല ഉദ്ഘാടനം ചെയ്തു. അവയവദാന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സർക്കാർ ഏജൻസിയായ കെ-സോട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.നോബിൾ ഗ്രേഷ്യസ്, മെഡിക്കൽ കോളജ് പ്രിൻസിപ്പിൽ ഡോ.പി.കെ.ജബ്ബാർ, കെ-സോട്ടോ സൗത്ത് സോൺ നോഡൽ ഓഫിസർ ഡോ.രാഗി കൃഷ്ണൻ, ജോയിന്റ് ഡയറക്ടർ ഡോ.ബേസിൽ സജു, കിംസ് ഹെൽത്ത് അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിഭാഗം ഡയറക്ടർ ഡോ.പ്രവീൺ മുരളീധരൻ, ഡോ.ഷിറാസ് അഹമ്മദ് റാഥർ, ഡോ.ടി.യു.ഷബീറലി എന്നിവർ പ്രസംഗിച്ചു. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.