അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ വിദ്യാർഥികളുടെ തുടർപഠനം, പ്രത്യേക ഇളവ് ഇക്കൊല്ലം മാത്രം
അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2026 - 2027 അധ്യയന വർഷത്തേക്ക് മാത്രം ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി സി) ഇല്ലാതെ അംഗീകൃത സ്‌കൂളുകളിൽ പ്രവേശനത്തിന് സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു ഉത്തരവായി. അടുത്ത അധ്യയനവർഷം മുതൽ ഈ ആനുകൂല്യം ലഭിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗീകാരമില്ലാത്ത സ്‌കൂളുകൾ പ്രവർത്തിക്കാൻ അനുമതിയില്ല. ഇത്തരം സ്‌കൂളുകളിൽ നിന്ന് ടി സി ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഇത്തവണ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയത്. ഇതനുസരിച്ച് രണ്ട് മുതൽ എട്ടാം ക്ലാസ് വരെ പ്രായത്തിന്റെ അടിസ്ഥാനത്തിലും, ഒൻപതും പത്തും ക്ലാസുകളിലേക്ക് പ്രായവും പ്രവേശന പരീക്ഷയും അടിസ്ഥാനമാക്കിയും പ്രവേശനം നൽകും. എന്നാൽ 2027 മുതൽ ടി സി ഇല്ലാതെ പ്രവേശനത്തിന് ഇളവ് ഉണ്ടാകില്ലെന്നും, അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളെ ഈ വർഷം തന്നെ അംഗീകൃത സ്‌കൂളുകളിലേക്ക് മാറ്റിച്ചേർക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.


