യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക 297 പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി

Sep 22, 2024
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക 297 പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി
india usa

ന്യൂഡല്‍ഹി; 2024 സെപ്റ്റംബര്‍ 22

ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുന്നതിനും സാംസ്‌കാരിക ധാരണ കൂടുതല്‍ പരിപോഷിപ്പിക്കുന്ന തിനുമായി, 2023 ജൂണിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പ്രതിഫലിച്ച സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും നടത്തിയ പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തില്‍ 2024 ജൂലൈയില്‍ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബ്യൂറോ ഓഫ് എഡ്യൂക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സും ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും തമ്മില്‍
സാംസ്‌കാരിക സ്വത്തവകാശ ഉടമ്പടിയില്‍ ഒപ്പുവച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍, ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതോ കടത്തപ്പെട്ടതോ ആയ 297 പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരാന്‍ വേണ്ട സൗകര്യം യു.എസിന്റെ ഭാഗത്തുനിന്നും ഒരുക്കി. ഉടന്‍ തന്നെ ഇവയെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കും. ഡെലവെയറിലെ വില്‍മിംഗ്ടണില്‍ നടന്ന ഉഭയകക്ഷി യോഗത്തോടനുബന്ധിച്ച് കൈമാറ്റത്തിന്റെ പ്രതീകാത്മകമായി തെരഞ്ഞെടുത്ത ഏതാനും ഭാഗങ്ങള്‍ പ്രധാനമന്ത്രിക്കും പ്രസിഡന്റ് ബൈഡനും മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഈ പുരാവസ്തുക്കള്‍ തിരികെ ലഭിക്കുന്നതിന് നല്‍കിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി പ്രസിഡന്റ് ബൈഡന് നന്ദി രേഖപ്പെടുത്തി. ഈ വസ്തുക്കള്‍ ഇന്ത്യയുടെ ചരിത്രപരമായ ഭൗതിക സംസ്‌കാരത്തിന്റെ ഭാഗം മാത്രമല്ല, അതിന്റെ നാഗരികതയുടെയും ബോധത്തിന്റെയും ആന്തരിക കാതല്‍ രൂപപ്പെടുത്തിയതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2000 ബി.സി.ഇ മുതല്‍ 1900 സി.ഇ വരെ ഏകദേശം 4000 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന കാലഘട്ടത്തിലുള്ള പുരാവസ്തുക്കളായ ഇവ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിറവിയെടുത്തവയുമാണ്. പുരാതന വസ്തുക്കളില്‍ ഭൂരിഭാഗവും കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള ടെറാക്കോട്ട പുരാവസ്തുക്കളാണ്, മറ്റുള്ളവ കല്ല്, ലോഹം, മരം, ആനക്കൊമ്പ് എന്നിവയില്‍ നിര്‍മ്മിച്ചവയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവയുമാണ്. കൈമാറ്റം ചെയ്യപ്പെട്ട ശ്രദ്ധേയമായ ചില പുരാവസ്തുക്കള്‍ ഇവയാണ്:

-10-11-ആം നൂറ്റാണ്ടിലെ മദ്ധ്യേന്ത്യയില്‍ നിന്നുള്ള മണല്‍ക്കല്ലിലെ അപ്‌സര;
-15-16 നൂറ്റാണ്ടിലെ മദ്ധ്യേന്ത്യയില്‍ നിന്നുള്ള വെങ്കലത്തിലെ ജൈന തീര്‍ത്ഥങ്കരന്‍;
- 3-4-ആം നൂറ്റാണ്ടിലെ കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള ടെറാക്കോട്ട പാത്രം;
- ഒന്നാം നൂറ്റാണ്ട് ബി.സി.ഇ-ഒന്നാം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ശിലാശില്‍പം;
- 17-18 നൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള വെങ്കലത്തിലുള്ള ഭഗവാന്‍ ഗണേശന്‍;
-15-16-ആം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള മണല്‍ക്കല്ലിലുള്ള നില്‍ക്കുന്ന ഭഗവാന്‍ ബുദ്ധന്‍;
-17-18-ആം നൂറ്റാണ്ടിലെ കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള വെങ്കലത്തിലെ ഭഗവാന്‍ മഹാവിഷ്ണു;
-2000-1800 ബി.സി.ഇയില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള ചെമ്പിലുള്ള നരവംശ രൂപം;
-17-18 നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള വെങ്കലത്തിലെ ശ്രീകൃഷ്ണന്‍,
-13-14 നൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള കരിങ്കല്ലിലെ കാര്‍ത്തികേയന്‍.

സാംസ്‌കാരിക സ്വത്ത് വീണ്ടെടുക്കല്‍, ഇന്ത്യ-യുഎസ് സാംസ്‌കാരിക ധാരണയുടെയും വിനിമയത്തിന്റെയും ഒരു പ്രധാന വശമായി സമീപകാലത്ത്, മാറിയിരിക്കുന്നു. 2016 മുതല്‍, കടത്തപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ നിരവധി പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരാന്‍ യു.എസ് ഗവണ്‍മെന്റ് സൗകര്യമൊരുക്കിയിട്ടുണ്ട്. 2016 ജൂണില്‍ പ്രധാനമന്ത്രിയുടെ യു.എസ്.എ സന്ദര്‍ശനത്തിനിടെ 10 പുരാവസ്തുക്കള്‍ തിരികെ ലഭിച്ചു; 2021 സെപ്റ്റംബറിലെ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനിടെ 157 പുരാവസ്തുക്കളും കഴിഞ്ഞ വര്‍ഷം ജൂണില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനത്തിനിടെ 105 പുരാവസ്തുക്കളും തിരികെ ലഭിച്ചു. 2016 മുതല്‍ യു.എസില്‍ നിന്ന് ഇന്ത്യയിലേക്ക് മടക്കികൊണ്ടുവന്ന മൊത്തം സാംസ്‌കാരിക പുരാവസ്തുക്കളുടെ എണ്ണം 578 ആണ്. ഇന്ത്യയ്ക്ക് ഏതൊരു രാജ്യവും മടക്കിതന്ന സാംസ്‌കാരിക കലാരൂപങ്ങളുടെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.