കോട്ടയം ജില്ലാതല വാർത്തകൾ ,അറിയിപ്പുകൾ .....
കാഴ്ചപരിമിതിയുള്ളവർക്കായുള്ള
ഒളശ്ശ ഗവൺമെന്റ് ഹൈസ്‌കൂളിൽ
പുതിയ കെട്ടിടം തുറന്നു
- ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിച്ചു നൽകി
കോട്ടയം: കാഴ്ചപരിമിതിയുള്ളവർക്കായുള്ള ഒളശ്ശ ഗവൺമെന്റ് ഹൈസ്‌കൂളിൽ 40 ലക്ഷം രൂപ ചെലവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് നിർമിച്ചുനൽകിയ കെട്ടിടം സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സ്‌കൂളിനെ മികവിന്റെ കേന്ദ്രമായി ഉയർത്തുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും വിദ്യാർഥികളുടെ ബോർഡിങ് അലവൻസ് വർധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജെ. ജോയി, സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ജെ. കുര്യൻ, പി.ടി.എ. പ്രസിഡന്റ് പി. ജയകുമാർ, സീനിയർ അസിസ്റ്റന്റ് എസ്. ശ്രീലതാകുമാരി എന്നിവർ പ്രസംഗിച്ചു.
കാഴ്ചവൈകല്യമുള്ള കുട്ടികൾക്കുവേണ്ടി പൂർണമായും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതുമായ കേരളത്തിലെ ഏക ഹൈസ്‌കൂളാണ് ഒളശ്ശയിലേത്.
ഫോട്ടോകാപ്ഷൻ
കാഴ്ചപരിമിതിയുള്ളവർക്കായുള്ള ഒളശ്ശ ഗവൺമെന്റ് ഹൈസ്‌കൂളിൽ 40 ലക്ഷം രൂപ ചെലവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് നിർമിച്ചുനൽകിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ശിലാഫലകം അനാഛാദനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജെ. ജോയി, പി.ടി.എ. പ്രസിഡന്റ് പി. ജയകുമാർ എന്നിവർ സമീപം.
കാഴ്ചപരിമിതിയുള്ളവർക്കായുള്ള ഒളശ്ശ ഗവൺമെന്റ് ഹൈസ്‌കൂളിൽ 40 ലക്ഷം രൂപ ചെലവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് നിർമിച്ചുനൽകിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു.
(കെ.ഐ. ഒ.പി. ആർ. 1510/ 2024)
കാർഗിൽ വിജയദിവസ്
രജതജൂബിലി ആചരണം
കോട്ടയം: ജില്ലാ സൈനികക്ഷേമ ഓഫീസ് സംഘടിപ്പിക്കുന്ന കാർഗിൽ വിജയദിവസ് രജതജൂബിലിയും വിമുക്തഭടബോധവൽക്കരണ സെമിനാറും വെള്ളിയാഴ്ച (ജൂലൈ 26) നടക്കും. രാവിലെ 10 ന് കളക്ട്രേറ്റ് അങ്കണത്തിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കും. തുടർന്ന് വിപഞ്ചിക ഹാളിൽ കാർഗിൽ വിജയദിവസ് രജതജൂബിലി ആചരണവും വിമുക്തഭടബോധവൽക്കരണ സെമിനാറും നടക്കും.
(കെ.ഐ. ഒ.പി. ആർ. 1511/ 2024)
അഭിമുഖം ജൂലൈ 26ന്
കോട്ടയം: സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ വെള്ളൂരിലെ പാമ്പാടി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ടർണിങ് വിഭാഗം ട്രേഡ്സ്മാൻ ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് ജൂലൈ 26 ന് രാവിലെ 10 ന് അഭിമുഖം നടത്തുന്നു. യോഗ്യത: ടി.എച്ച്.എസ്.എൽ.സി (ടർണിങ് സ്‌പെഷലൈസ്ഡ് ട്രേഡ്)/ടർണിങിൽ ഐ.ടി.ഐ. വിശദവിവരത്തിന് ഫോൺ: 0481 2507556, 9400006469.
(കെ.ഐ. ഒ.പി. ആർ. 1512/ 2024)
ദർഘാസ് ക്ഷണിച്ചു
കോട്ടയം: ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് പ്രവർത്തനങ്ങൾക്കായി സെപ്റ്റംബർ മുതൽ 2025 മാർച്ച് വരെ കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 16ന് വൈകിട്ട് നാലിനകം ദർഘാസ് നൽകണം. ഓഗസ്റ്റ് 23ന് രാവിലെ 11 ന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2564677.