ആലപ്പുഴ : ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൽ മനോജ് അറിയിച്ചു..
കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ ഇറങ്ങുകയോ കളിക്കുകയോ കുളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യാൻ പാടില്ല. എലി, അണ്ണാൻ, പൂച്ച, പട്ടി, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്ജ്യങ്ങൾ കലർന്ന ജലവുമായി സമ്പർക്കം ഉണ്ടാകുന്നതും രോഗാണു കലർന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും എലിപ്പനിയ്ക്ക് കാരണമാകും.
വെള്ളപ്പൊക്കത്തിൽ അകപ്പെടുന്നവർ, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർ, മാധ്യമ പ്രവർത്തകർ, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലിചെയ്യുന്നവർ, മൃഗ പരിപാലകർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങി രോഗബാധയേൽക്കാൻ സാധ്യത കൂടിയവർ നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണം. ഡോക്സിസൈക്ലിൻ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും. രോഗ സാധ്യത കൂടിയ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ കയ്യുറയും കാലുറയും ധരിക്കുന്നത് അഭികാമ്യമാണ്.
ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെ സംസ്ക്കരിക്കുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകി ഉപയോഗിക്കുക. അവൽ പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ വൃത്തിയുള്ള സാഹചര്യത്തിൽ തയ്യാറാക്കിയവ മാത്രം ഉപയോഗിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. ശീതള പാനീയ കുപ്പികളും പാക്കറ്റുകളും കുടിവെള്ള കുപ്പികളും മറ്റു ഭക്ഷണ പാക്കറ്റുകളും എലി കയറാത്ത രീതിയിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ കച്ചവടക്കാർ ശ്രദ്ധിക്കണം.. ഇത്തരം പാക്കറ്റുകളും കുപ്പികളും വൃത്തിയാക്കിയ ശേഷം പൊട്ടിച്ചു ഉപയോഗിക്കാനും ശ്രദ്ധിക്കണം.
പനി, തലവേദന, കാലുകളിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ - ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കൂടി കണ്ടാൽ എലിപ്പനി സംശയിക്കാം. രോഗം ഗുരുതരമായാൽ മരണം സംഭവിക്കാം.
രോഗസാധ്യത കൂടിയ ഇടങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർ പനി അനുഭവപ്പെട്ടാൽ ഉടനടി ചികിത്സ തേടണം. ഡോക്ടറോട് ജോലി ചെയ്ത ഇടത്തെ കുറിച്ച് പറയുകയും അസുഖവിവരം അടുത്തുള്ള ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും ചെയ്യുക. സ്വയം ചികിത്സ പാടില്ലന്നും പൂർണ്ണ വിശ്രമം അനിവാര്യമാണെന്നും ഡി എം ഒ അറിയിച്ചു.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.